രണ്ടു വിവാഹമോചനങ്ങൾ, നടി നമിതയെ ചേർത്ത് വന്ന ഗോസിപ്പ്; നടൻ ശരത് ബാബുവിന്റെ ജീവിതത്തിൽ സംഭവിച്ചത്!
തെന്നിന്ത്യൻ സിനിമാ ലോകത്തെ പ്രശസ്തനായ നടൻ ശരത് ബാബു വിടപറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിനിടെ തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായി ഇരുനൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് അദ്ദേഹം. കുറച്ചു മാസങ്ങളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. ആരോഗ്യനില മോശമായതിനെ തുടർന്ന് കഴിഞ്ഞ ഏപ്രില്‍ 20 നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നേരത്തെ ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ മെയ് 20ന് ഹൈദരാബാദിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടർന്ന് ഇന്ന് ഉച്ചയ്ക്ക് ശേഷം മരണം സംഭവിക്കുകയായിരുന്നു. തെന്നിന്ത്യൻ സിനിമ ലോകമൊന്നാകെ അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി എത്തുകയാണ്. 1973 ലായിരുന്നു ശരത് ബാബുവിന്റെ സിനിമ അരങ്ങേറ്റം. രജനികാന്തിനൊപ്പം അഭിനയിച്ച മുത്തു, അണ്ണാമലൈ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.
മലയാളത്തിലും ഏതാനും ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിരുന്നു. ശരപഞ്ജരം, ധന്യ, ഡെയ്സി, പ്രശ്ന പരിഹാര ശാല എന്നിവയാണ് അതിൽ ചിലത്. മറ്റേത് താരങ്ങളെയും പലപ്പോഴും വാർത്തകളിൽ നിറഞ്ഞിട്ടുള്ളതാണ് ശരത് ബാബുവിന്റെ ജീവിതവും. രണ്ടു തവണ വിവാഹമോചിതനായ നടന്റെ പേരിൽ പലപ്പോഴും ഗോസിപ്പുകളും വന്നിട്ടുണ്ട്.
1974ല്‍ ആയിരുന്നു ശരത് ബാബുവിന്റെ ആദ്യ വിവാഹം. പ്രശസ്‍ത തെന്നിന്ത്യൻ താരമായ രമ പ്രഭയെ ആണ് താരം വിവാഹം കഴിച്ചത്. തെലുങ്ക്, തമിഴ്, ഹിന്ദി സിനിമകളിൽ നിറഞ്ഞുനിന്ന നടിയായിരുന്നു രമ പ്രഭ. എന്നാൽ ഏകദേശം 16 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം 1988ല്‍ ഇവർ ആ ബന്ധം വേർപിരിയുകയായിരുന്നു.
പിന്നീട് 1990ല്‍ അദ്ദേഹം സ്‍നേഹ നമ്പ്യാരെയും വിവാഹം കഴിച്ചെങ്കിലും പതിനൊന്ന് വർഷത്തെ ദാമ്പത്യത്തിന് ശേഷം 2011ല്‍ ഇതും ഡിവേഴ്‍സായി. പിന്നീട് ഒറ്റത്തടി ആയിട്ടായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. രണ്ടു ബന്ധത്തിലും അദ്ദേഹത്തിന് മക്കളുണ്ടായിരുന്നില്ല. തന്റെ സഹോദരങ്ങളുടെ 25 മക്കളും തന്റെ മക്കളാണെന്നാണ് ശരത് ബാബു പറഞ്ഞിരുന്നത്.
ഒരു കൂട്ടത്തിൽ ആണെങ്കിലും ഒറ്റയ്ക്ക് ആണെങ്കിലും സന്തോഷത്തോടെ ഇരിക്കുക എന്നതായിരുന്നു ശരത് ബാബുവിന്റെ പോളിസി. അതിനിടെ 2017 ൽ ആയിരുന്നു നടന്റെ പേരിൽ വലിയൊരു ഗോസിപ്പ് തെന്നിന്ത്യൻ സിനിമ ലോകത്ത് പ്രചരിച്ചത്. നടി നമിതയുമായി താരം പ്രണയത്തിൽ ആണെന്നതായിരുന്നു വാർത്ത. ഇരുവരും ഒരുമിച്ച് ജീവിക്കുകയാണ്. വിവാഹിതരാകാൻ പോകുന്നു എന്നൊക്കെയുള്ള വാർത്തകളും പുറത്തു വന്നിരുന്നു.

നമിതയുടെ വിവാഹശേഷവും ഈ ഗോസിപ്പ് തുടർന്നപ്പോൾ നമിതയുടെ ഭർത്താവ് വീരേന്ദ്ര ചൗധരി തന്നെ ഇതിൽ പ്രതികരിച്ചു രംഗത്ത് എത്തിയിരുന്നു. വിവാഹത്തിന് ശേഷം നമിത എന്നോടൊപ്പമാണ് താമസിക്കുന്നതെന്ന് വീരേന്ദ്ര ചൗധരി പറഞ്ഞു. നമിത അതൊന്നും കാര്യമാക്കുന്നില്ല. എന്തുകൊണ്ട് അങ്ങനെയൊരു വാർത്ത വന്നു എന്നറിയില്ല. ശരത് ബാബു ആരാണെന്ന് പോലും അവൾക്ക് അറിയില്ല. ഞങ്ങൾ അതൊന്നും കാര്യമായി എടുത്തില്ല.
അദ്ദേഹവും ഇതിൽ കഷ്ടപെടുന്നുണ്ടാകും എന്നറിയാം. അദ്ദേഹം വളരെ പ്രായമുള്ള ആളാണ്, മുതിർന്ന നടനാണ്, അദ്ദേഹത്തിന് അവിഹിത ബന്ധമുണ്ടെന്ന് ഒക്കെ പ്രചരിപ്പിക്കുന്നത് തെറ്റാണ്. അത് വ്യക്തി ജീവിതത്തെ ബാധിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ശരത് ബാബു ആരാണെന്ന് തനിക്കറിയില്ലെന്ന് നമിതയും നേരത്തെ പറഞ്ഞിരുന്നു. എങ്ങനെ ഇങ്ങനെയൊരു വാർത്ത വന്നതെന്ന് അറിയില്ല. എന്റെ ഇരട്ടി പ്രായമുള്ള ഒരാളെ ഞാൻ വിവാഹം കഴിക്കാൻ പോകുന്നു എന്ന വാർത്ത തെറ്റാണെന്നായിരുന്നു നമിത പറഞ്ഞത്.


Click it and Unblock the Notifications











