പ്രഭാസിന്റെ സമ്പാദ്യം ബോളിവുഡ് താരങ്ങളേക്കാള്‍ നാലിരട്ടി! പാന്‍ ഇന്ത്യ കീഴടക്കിയ ബാഹുബലി
തെലുങ്ക് സിനിമയിലെ മാത്രമല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാണ് പ്രഭാസ്. ബാഹുബലിയിലൂടെ ഇന്ത്യന്‍ സിനിമയെ തന്നെ ഇളക്കി മറിച്ച സൂപ്പര്‍ താരം. തെലുങ്ക് സിനിമയെ ലോക സിനിമയുടെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതില്‍ ബാഹുബലിയുടെ പങ്ക് വളരെ വലുതാണ്. സമാനതകളില്ലാത്ത വിജയമാണ് ബാഹുബലിയുടേതും പ്രഭാസിന്റേതും. ഇന്ന് പ്രഭാസിന്റെ ജന്മദിനാണ്. ലോകമെമ്പാടുമുള്ള ആരാധകര്‍ പ്രഭാസിന് ആശംസകള്‍ നേരുകയാണ്.
2002ലാണ് പ്രഭാസ് അഭിനയ ജീവിതം ആരംഭിക്കുന്നത്. ഈശ്വര്‍ ആയിരുന്നു ആദ്യത്തെ സിനിമ. പിന്നീട് വര്‍ഷം, അദവി രാമുഡു തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. 2004ല്‍ മികച്ച നടനുള്ള ഫിലിം ഫെയര്‍ നോമിനേഷനും പ്രഭാസിനെ തേടിയെത്തുന്നത്. 2005ലാണ് പിന്നീട് ചിര്തരമായി മാറിയ പ്രഭാസ്-എസ്എസ് രാജമൗലി കൂട്ട്‌കെട്ട് ആദ്യമായി ഒരുമിക്കുന്നത്.

പ്രഭാസിനെ നായകനാക്കി രാജമൗലിയൊരുക്കുയ ചത്രപതി സൂപ്പര്‍ ഹിറ്റായി മാറി. നൂറ് ദിവസം നിറഞ്ഞ സദസിന് മുന്നില്‍ ചിത്രം ഓടി. പിന്നീട് പൗര്‍ണമി, യോഗി, മുന്ന, ബില്ല, ഏക് നിരഞ്ജന്‍, ഡാര്‍ലിംഗ്, മിസ്റ്റര്‍ പെര്‍ഫെക്ട്, റിബല്‍, മിര്‍ച്ചി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. തെലുങ്ക് സിനിമയിലെ കരുത്തനായി മാറിയിരുന്നു ഇതിനോടകം തന്നെ പ്രഭാസ്. എന്നാല്‍ ചരിത്രം ഇനിയാണ് ആരംഭിക്കുന്നത്.
2015ലാണ് പ്രഭാസിനെ നായകനാക്കി രാജമൗലി ബാഹുബലിയുമായി എത്തുന്നത്. ഇന്ത്യന്‍ സിനിമാലോകം തന്നെ ഞെട്ടിപ്പോയി ആ വിജയത്തില്‍. ലോക സിനിമാ പ്രേക്ഷകര്‍ ഇന്ത്യന്‍ സിനിമയിലേക്ക് നോക്കിയിരിക്കാന്‍ ആരംഭിച്ചു. ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തേയും വലിയ വിജയമായി മാറി ബാഹുബലി. രാജ്യാന്തര മാര്‍ക്കറ്റിലും തരംഗം സൃഷ്ടിച്ച ബാഹുബലി കളക്ഷന്‍ റെക്കോര്‍ഡില്‍ ഇന്ന് നാലാം സ്ഥാനത്താണ്.
പാന്‍ ഇന്ത്യന്‍ എന്ന പ്രയോഗം പോലും ഫലത്തില്‍ വരുന്നത് ബാഹുബലിയുടെ വിജയത്തോടെയാണ്. പിന്നീടങ്ങോട്ട് ഇന്ത്യന്‍ സിനിമ എന്നാല്‍ ബോളിവുഡ് എന്ന ധാരണ മാറി. എല്ലാവരുടേയും ശ്രദ്ധ തെലുങ്കിലേക്കും തെന്നിന്ത്യന്‍ സിനിമയിലേക്കുമായി. ബാഹുബലിയിലൂടെ ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് രാജ്യം മുഴുവന്‍ ആരാധകരെ നേടാന്‍ പ്രഭാസിന് സാധിച്ചു. ബാഹുബലിയുടെ വിജയം ആവര്‍ത്തിക്കാനുള്ള ശ്രമങ്ങളായിരുന്നു പിന്നീട് പല സിനിമാ മേഖലയില്‍ നിന്നുമുണ്ടായത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രഭാസിന്റെ സമ്പത്ത് 237 കോടിയാണ്. സിനിമയും പരസ്യങ്ങളുമൊക്കെ തന്നെയാണ് പ്രഭാസിന്റെ പ്രധാന വരുമാന മാര്‍ഗ്ഗങ്ങള്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു സിനിമയ്ക്ക് പ്രഭാസ് വാങ്ങുന്ന ഏറ്റവും കുറഞ്ഞ പ്രതിഫലം അമ്പത് കോടിയാണ്. ഹൈദരാബാദിലെ ജൂബിലി ഹില്‍സിലാണ് പ്രഭാസിന്റെ കൊട്ടാരസമാനായ വീട്. ഒരു കോടിയുടെ ജിം ഉപകരണങ്ങള്‍ തന്നെയുണ്ട് പ്രഭാസിന്റെ വീട്ടില്‍. 84 ഏക്കര്‍ പുരയിടത്തിലാണ് പ്രഭാസിന്റെ വീട്. ഇതിന് പുറമെ മുംബൈയിലും പ്രഭാസിന് വീടുണ്ട്.
ആഢംബര കാറുകളുടെ ശേഖരവും പ്രഭാസിനുണ്ട്. ഓഡി, ജാഗുവര്‍, ബിഎംഡബ്ല്യു, റേഞ്ച് റോവര്‍, മെഴ്‌സിഡസ് കാറുകളുടെ പ്രീമിയം മോഡലുകളാണ് പ്രഭാസിന്റെ പക്കലുള്ളത്. അതേസമയം ബാഹുബലി പരമ്പരയ്ക്ക് ശേഷം കരിയറില്‍ മോശം സമയത്തിലൂടെയാണ് പ്രഭാസ് കടന്നു പോകുന്നത്. പിന്നീട് വന്ന സാഹോ, രാധേ ശ്യാം ഒടുവിലിറങ്ങിയ ആദിപുരുഷ് തുടങ്ങിയ സിനിമകളെല്ലാം ബോക്‌സ് ഓഫീസില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയവയാണ്. പ്രശാന്ത് നീല്‍ ഒരുക്കുന്ന സലാര്‍ ആണ് പ്രഭാസിന്റെ പുതിയ സിനിമ.


Click it and Unblock the Notifications