വിവാഹം രാജസ്ഥാനിൽ വെച്ചാണോ? നാഗ ചൈതന്യയുടേത് ഡെസ്റ്റിനേഷൻ വെഡ്ഡിംഗ്, വിവാഹത്തെ കുറിച്ച് ചായ് പറയുന്നു
ടോളിവുഡിനെ ഞെട്ടിച്ചു കൊണ്ടായിരുന്നു നാഗ ചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും വിവാഹ വാർത്ത പുറത്ത് വന്നത്. കുറേ കാലം അഭ്യൂഹങ്ങളായി പ്രചരിക്കപ്പെട്ട പ്രണയം വിവാഹത്തിലേക്ക് അടുക്കുന്നു. ആഗസ്റ്റിലായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം നടന്നത്. ഹൈദരബാദിൽ വെച്ച് പ്രൈവറ്റ് ഫങ്ഷനായിട്ടാണ് വിവാഹ നിശ്ചയം നടത്തിയിരുന്നത്. ആദ്യ ഭാര്യ സാമന്തയുമായി വേർപിരിഞ്ഞ് മൂന്നാമത്തെ വർഷമാണ് രണ്ടാം വിവാഹത്തെ കുറിച്ച് ചായ് പറയുന്നത്.
വിവാഹ വാർത്തകൾ വന്നപ്പോൾ ആരാധകർക്ക് ഒട്ടും സ്വീകാര്യമായിരുന്നില്ല. സാമിനെ മറന്ന് പുതിയൊരാളെ ചായ് തിരഞ്ഞെടുത്തുവെന്നാണ് ആരാധകരുടെ പരാതി. നിയമപരമായി സാമന്തയും നാഗ ചൈതന്യയും വേർപിരിഞ്ഞെങ്കിലും രണ്ടാം വിവാഹത്തെ അംഗീകരിക്കാൻ ആരാധകർക്ക് അൽപം പ്രയാസമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ നാഗ ചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും വിവാഹത്തിനായാണ് എല്ലാവരും കാത്തിരിക്കുന്നത്.

2025 മാര്‍ച്ച് മാസത്തോടെയായിരിക്കും വിവാഹം എന്നാണ് റിപ്പോർട്ട്. ഇരുവർക്കും തങ്ങൾ ചെയ്തു കൊണ്ടിരിക്കുന്ന സിനിമകൾ പൂർത്തീകരിക്കേണ്ടതുണ്ട്. അതിനാലാണ് അടുത്ത വർഷത്തേക്ക് വിവാഹം മാറ്റിയത്. രാജസ്ഥാനില്‍ വച്ചൊരു ഡസ്റ്റിനേഷന്‍ വെഡ്ഡിങ് ആയിരിക്കും എന്നും നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകളില്‍ ഉണ്ടായിരുന്നു. വിവാഹം എങ്ങനെയായിരിക്കും എന്ന ചോദ്യത്തിന് നാഗ ചൈതന്യ പ്രതികരിച്ച ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായിക്കൊണ്ടിരിക്കുന്നു.
ഹൈദരബാദില്‍ നടന്ന ഒരു പൊതു ചടങ്ങിൽ വെച്ചാണ് ചായ് ഇതിനുള്ള മറപടി നൽകിയത്. "വിവാഹം എന്നത് എന്റെ ജീവിതത്തിന് അര്‍ത്ഥം തരുന്ന ആള്‍ക്കൊപ്പമാണ്. എന്റെ വിവാഹം വലിയ ആഘോഷങ്ങളില്ലാതെ ആയിരിക്കും നടക്കുന്നത്. എന്നാല്‍ നമ്മുടെ സംസ്‌കാരവും പാരമ്പര്യവും ഉൾക്കൊള്ളിച്ചുള്ള വിവാഹമായിരിക്കും" നാഗ ചൈതന്യ പറഞ്ഞു. ഇതിനിടെ വിവാഹ വേഷത്തിൽ നിൽക്കുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയിൽ നിറഞ്ഞിരുന്നു.
അത് വിവാഹത്തിനു മുന്നേയുള്ള റിഹേഴ്സൽ ആയിരുന്നോ എന്നായിരുന്നു അടുത്ത ചോദ്യം. എന്നാൽ അത്തരത്തിൽ ഒന്നുമില്ലെന്നും, എന്റെ വിവാഹത്തിനുള്ള കൗണ്ട് ഡൗൺ തുടങ്ങിയെന്ന് നിങ്ങൾക്ക് തോന്നിയേക്കാം എന്നുമായിരുന്നു നാഗചൈതന്യ പറഞ്ഞത്. ആ പരിപാടിയിലും പാരമ്പര്യ ലുക്കിലാണ് ചായ് എത്തിയത്. വിവാഹത്തെ കുറിച്ച് എല്ലാവർക്കും ആകാംഷയുണ്ട്. പൊതുവേ ഈയിടെ നടന്ന വിവാഹങ്ങളെല്ലാം ഡെസ്റ്റിനേഷൻ വെഡ്ഡിംഗായിരുന്നു. അവസാനം തമിഴ് നടി വരലക്ഷ്മിയുടേതായിരുന്നു ചർച്ചയായിരുന്ന വിവാഹം.

വിവാഹത്തിനു സാമന്ത എത്തുമോ എന്നും ചില ചോദ്യങ്ങൾ ഉയർന്നിരുന്നു. 2017ലായിരുന്നു നാഗ ചൈതന്യയുടെയും സാമന്തയുടേയും വിവാഹം നടന്നത്. നീണ്ട ഏഴ് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. രണ്ടാം വിവാഹത്തെ കുറിച്ച് നാഗ ചൈതന്യയും ശോഭിത ധൂലിപാലയും കൂടുതൽ കാര്യങ്ങളൊന്നും സംസാരിച്ചിട്ടില്ല.
തണ്ടെൽ എന്ന തെലുഗു ചിത്രമാണ് നാഗ ചൈതന്യയുടെ വരാനിരിക്കുന്ന ചിത്രം. ചിത്രത്തിൽ സായ് പല്ലവിയാണ് നായിക. കഴിഞ്ഞ വർഷം ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്ത ധൂത എന്ന വെബ്സീരീസ് നാഗ ചൈതന്യയുടെ കരിയറിലെ മികച്ച പെർഫോമൻസായിരുന്നു. ശോഭിത ധൂലിപാലയുടെ സിതാര എന്ന ഹിന്ദി ചിത്രമാണ് ഇനി റിലീസിനൊരുങ്ങുന്നത്. അതിനിടെ ഡോൺ 3യിൽ രൺവീർ സിംഗിനൊപ്പം ഐറ്റം ഡാൻസ് ചെയ്യാൻ ശോഭിതയെ സമീപിച്ചിരുന്നു. കൂടുതൽ വിവരങ്ങൾ വ്യക്തമല്ല.


Click it and Unblock the Notifications