വെള്ളമടി രംഗം കുത്തിക്കേറ്റി നിര്‍മ്മാതാവ്; ഞാനിത് ചെയ്യില്ലെന്ന് നിത്യ മേനോന്‍; ആദ്യ സിനിമയില്‍ സംഭവിച്ചത്
തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് നിത്യ മേനോന്‍. മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം നിരവധി ഹിറ്റുകള്‍ സമ്മാനിച്ച നായിക. തന്റെ അഭിനയ മികവുകൊണ്ട് അഭിനയിച്ച ഭാഷകളിലെല്ലാം സ്വന്തമായൊരു ഇടം കണ്ടെത്താന്‍ നിത്യയ്ക്ക് സാധിച്ചിട്ടുണ്ട്. അതേസമയം സിനിമയ്ക്ക് അകത്തും പുറത്തും തന്റെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും യാതൊരു മടിയുമില്ലാതെ തുറന്ന് പറയുന്ന ശീലക്കാരിയുമാണ് നിത്യ മേനോന്‍.
ഇപ്പോഴിതാ നിത്യയെക്കുറിച്ച് സംവിധായക നന്ദിനി റെഡ്ഡി പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. തെലുങ്ക് സിനിമയിലെ മുന്‍നിര സംവിധായകയാണ് നന്ദിനി റെഡ്ഡി. മുമ്പൊരിക്കല്‍ നന്ദിനി പറഞ്ഞതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയായി മാറുകയായിരുന്നു. തനിക്ക് താല്‍പര്യമില്ലാത്തൊരു രംഗത്തില്‍ അഭിനയിക്കില്ലെന്ന് നിത്യ നിലപാടെടുത്ത സംഭവത്തെക്കുറിച്ചാണ് നന്ദിനി വീഡിയോയില്‍ പറയുന്നത്.

2011 ലായിരുന്നു നിത്യയുടെ തെലുങ്ക് അരങ്ങേറ്റം. നന്ദിനി റെഡ്ഡി സംവിധാനം ചെയ്ത ആല മോഡലെയ്ന്തി ആയിരുന്നു ചിത്രം. നന്ദിനിയുടെ ആദ്യ സിനിമയായിരുന്നു അത്. ഈ ചിത്രത്തിലെ ഒരു അനാവശ്യ രംഗത്തില്‍ അഭിനയിക്കുന്നതിനെയായിരുന്നു നിത്യ എതിര്‍ത്തത്. നിര്‍മ്മാതാക്കളുടെ നിര്‍ബന്ധത്തെ തുടര്‍ന്നായിരുന്നു അത്തരത്തിലൊരു രംഗം തിരക്കഥയില്‍ ആവശ്യമില്ലാതിരുന്നിട്ടും കുത്തിക്കയറ്റിയത്.
''അവര്‍ എന്നോട് ഒരു ഘട്ടത്തില്‍ നിത്യ വീണ്ടും മദ്യപിക്കുന്നൊരു രംഗം എഴുതാന്‍ പറഞ്ഞു. പക്ഷെ ഞാനിത് ചെയ്യില്ല, നിങ്ങള്‍ക്കിത് ശരിയാണെന്ന് തോന്നുന്നുണ്ടോ എന്ന് നിത്യ ചോദിച്ചു. ഇല്ല, പക്ഷെ എനിക്ക് ഈ സിനിമ തീര്‍ക്കണം എന്ന് ഞാന്‍ പറഞ്ഞു. അവള്‍ അന്നൊരു കുട്ടിയാണ്. 21 വയസ്സേയുള്ളൂ, കോളേജ് പഠനം കഴിഞ്ഞതേയുള്ളൂ. സിനിമയുമില്ല, സ്വന്തമായൊരു ഇടവുമില്ല. ആ അവള്‍ പറഞ്ഞത്, എന്നാല്‍ അവരോട് പോയി പറ നിത്യ മേനോന്‍ ഇത് ചെയ്യുന്നില്ല എന്നത്. അവളത് ധൈര്യത്തോടെ പറഞ്ഞു. ഒരു പെണ്‍കുട്ടിയാണിത് പറയുന്നത്. അതോടെ എനിക്ക് വേണ്ടി ഞാന്‍ തന്നെ സംസാരിക്കണമെന്ന് ഞാന്‍ മനസിലാക്കി. തുടര്‍ന്ന് ഇത് ചെയ്യില്ലെന്ന് ഞാന്‍ നിര്‍മ്മാതവിനോട് പറഞ്ഞു. ഞാനിത് ചെയ്യില്ല, നിങ്ങള്‍ വേണമെങ്കില്‍ നിങ്ങള്‍ തന്നെ ഷൂട്ട് ചെയ്‌തോളൂ'' എന്നാണ് നന്ദിനി പറയുന്നത്.

അത് ആദ്യമായിട്ടായിരുന്നു ഞാന്‍ എനിക്ക് വേണ്ടി സംസാരിച്ചത്. അതിന് കാരണക്കാരിയായത് നിത്യയായിരുന്നു. എന്തായാലും സിനിമ ബോക്‌സ് ഓഫീസില്‍ വലിയ വിജയമായി മാറി. നിത്യയുടേയും നന്ദിനിയുടേയും കരിയറും ഇതോടെ കുതിച്ചുയര്‍ന്നു. നാനിയായിരുന്നു ചിത്രത്തിലെ നായകന്‍. നിത്യ പിന്നീട് നിരവധി സൂപ്പര്‍ ഹിറ്റ് തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തു. നിത്യ ഇപ്പോള്‍ ജയം രവിയുടെ കാതലിക്ക നേരമില്ലെ എന്ന സിനിമയിലാണ് അഭിനയിക്കുന്നത്. കൃതിക ഉദയനിധിയാണ് സിനിമയുടെ സംവിധാനം.
അതേസമയം വണ്ടര്‍ വുമണ്‍ ആണ് നിത്യയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ മലയാളം സിനിമ. സിനിമയ്ക്ക് പുറമെ വെബ് സീരീസുകളിലും നിത്യ അഭിനയിച്ചിട്ടുണ്ട്. ബ്രീത്ത് ഇന്റു ദ ഷാഡോസ്, മോഡേണ്‍ ലവ് ഹൈദരാബാദ്, കുമാരി ശ്രീമതി, മാസ്റ്റര്‍ പീസ് എന്നീ സീരീസുകളിലാണ് നിത്യ അഭിനയിച്ചിട്ടുള്ളത്. ഗായികയായും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായുമെല്ലാം നിത്യ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











