സമ്മതം മൂളിയിട്ട് പിന്നെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് പറയരുത്; ആരും നിർബന്ധിക്കില്ലെന്ന് താരപുത്രി; വിമർശനം!
അടുത്തിടെയായി നിരന്തരം വാർത്തകളിൽ നിറയുന്ന താരപുത്രിയാണ് നിഹാരിക കോനിഡേല. തെലുങ്ക് നടനും നിർമാതാവുമായ നാഗേന്ദ്ര ബാബുവിന്റെ മകളാണ് നിഹാരിക. നടിയും നിർമാതാവുമായ നിഹാരിക തമിഴ്, തെലുങ്ക് സിനിമകളിലൂടെയാണ് പ്രേക്ഷകർക്ക് പരിചിതയാകുന്നത്. സോഷ്യൽ മീഡിയയിലും നിറസാന്നിധ്യമാണ് താരം. വ്യക്തിജീവിതത്തിലെ സംഭവങ്ങളുടെ പേരിലാണ് നിഹാരിക അടുത്തിടെ വാർത്തകളിൽ നിറഞ്ഞത്.
2020ൽ വിവാഹിതയായ നടി കഴിഞ്ഞ മാസം വിവാഹമോചനം നേടിയിരുന്നു. ബിസിനസ് സ്ട്രാറ്റജിസ്റ്റായ ചൈതന്യ ജൊനലഗഡയേയിരുന്നു നിഹാരികയുടെ ഭര്‍ത്താവ്. മാസങ്ങൾ നീണ്ടു നിന്ന അഭ്യൂഹങ്ങൾക്ക് ഒടുവിലായി താരം തന്നെ വിവാഹമോചനം ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. പ്രണയിച്ചു വിവാഹിതരായവരാണ് ഇരുവരും. അത്യാഡംബരങ്ങളോടെ നടത്തിയ വിവാഹത്തിൽ തെലുങ്ക് സിനിമാ ലോകം ഒന്നടങ്കം പങ്കെടുത്തിരുന്നു. എന്നാൽ അധികം വൈകാതെ തന്നെ ഇവർക്കിടയിൽ പ്രശ്നങ്ങൾ ഉടലെടുക്കുകയും വേർപിരിയാൻ തീരുമാനിക്കുകയുമായിരുന്നു.

അതേസമയം വിവാഹമോചനം പ്രഖ്യാപിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിലൊക്കെ വലിയ രീതിയിലുള്ള വിമർശനങ്ങൾക്ക് ഇരയാവുകയാണ് നിഹാരിക. നടിയുടെ രണ്ടാം വിവാഹം സംബന്ധിച്ച പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുമുണ്ട്. അടുത്തിടെ തെലുങ്ക് താരം തരുൺ കുമാർ നടിയെ വിവാഹം ചെയ്യാൻ ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഈ വാർത്തയ്‌ക്കെതിരെ തരുണും നിഹാരികയും രംഗത്തെത്തി. വ്യാജ വാർത്തയാണ് ഇതെന്ന് ഇരുവരും പ്രതികരിച്ചു. അതോടെ ആ അഭ്യൂഹങ്ങൾ കെട്ടടങ്ങി.
എന്നാൽ നിഹാരിക്കെതിരെയുള്ള ട്രോളുകളും വിമർശനങ്ങളും അവസാനിച്ചിട്ടില്ല. ഇപ്പോൾ പുതിയൊരു സംഭവത്തിന്റെ പേരിലാണ് നടി വിമർശനങ്ങൾ ഏറ്റുവാങ്ങുന്നത്. അടുത്തിടെ നിഹാരിക ഒരു തെലുങ്ക് മാധ്യമത്തിന് ഒരു അഭിമുഖം നൽകുകയുണ്ടായി. അക്കൂട്ടത്തിൽ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് നടി നടത്തിയ ഒരു പരാമർശമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്. പെൺകുട്ടികളുടെ സമ്മതമില്ലാതെ അത്തരം സംഭവങ്ങൾ ഉണ്ടാകില്ലെന്ന് നിഹാരിക പറയുന്നു.
'പെൺകുട്ടികൾക്ക് സമ്മതമില്ലാതെ ഒരു കമ്മിറ്റ്മെന്റിനും നിൽക്കേണ്ടി വരില്ല. അവരുടെ സമ്മതത്തോടെ നടക്കുമ്പോൾ പിന്നെ അതിനെ കുറിച്ച് സംസാരിക്കേണ്ട കാര്യമില്ല. ആരും ഇതിന് വേണ്ടി അവരെ നിബന്ധിക്കില്ല. പെൺകുട്ടികൾ സ്ട്രോങ്ങ് ആയിരിക്കണം. അങ്ങനെ അല്ലാത്ത പെൺകുട്ടികൾക്കാണ് ഇത്തരം പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നത്. അതുകൊണ്ട് തന്നെ എല്ലാവരും ഇതിനെ ശക്തമായി തന്നെ തള്ളിക്കളയണം', നിഹാരിക പറഞ്ഞു.

വീഡിയോ വൈറലായതോടെ നിരവധി പേരാണ് നടിക്കെതിരെ രംഗത്തെത്തുന്നത്. താരപുത്രി ആയത് കൊണ്ട് തന്നെ തനിക്ക് അത്തരം സാഹചര്യങ്ങൾ അഭിമുഖീകരിക്കേണ്ടി വരില്ലായിരിക്കും. എന്നാൽ ഒരു സിനിമാ ബാക്ക്ഗ്രൗണ്ടും ഇല്ലാത്തവർക്ക് അങ്ങനെയല്ല. അവർക്ക് ഇങ്ങനെയൊന്നും ഉണ്ടാകില്ലെന്നാണോ പറയുന്നത്? എന്നൊക്കെയാണ് ചിലർ താരത്തോട് ചോദിക്കുന്നത്. അതേസമയം നടിയുടെ വാക്കുകളെ പിന്തുണച്ചുള്ള ചില കമന്റുകളും കാണാം.
2016ൽ ഒക്കെ മനസു എന്ന തെലുങ്ക് സിനിമയിലൂടെ ആയിരുന്നു നിഹാരികയുടെ സിനിമ അരങ്ങേറ്റം. വിജയ് സേതുപതി നായകനായ ഒരു നാൾ നല്ല പാർത്തു സൊൽറേൻ എന്ന സിനിമയിലൂടെയാണ് നടി തമിഴിൽ എത്തുന്നത്. ശേഷം തെലുങ്കിൽ മൂന്ന് സിനിമകൾ ചെയ്‌ത ശേഷം നിർമ്മാണത്തിലും സജീവമാവുകയായിരുന്നു. പിങ്ക് എലെഫന്റ് പിക്ചേഴ്സ് എന്ന ബാനറിന് കീഴിലാണ് നിഹാരിക സിനിമകളും വെബ് സീരീസുകളും ഒരുക്കിയിരിക്കുന്നത്. വിവാഹമോചനത്തിന് ശേഷം നടി വീണ്ടും അഭിനയത്തിൽ സജീവമാകുന്നു എന്ന ചില റിപ്പോർട്ടുകളും ഉണ്ട്.


Click it and Unblock the Notifications