പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ തിക്കിലും തിരക്കിലും യുവതി മരിച്ച സംഭവം; അല്ലു അര്‍ജുനെതിരെ കേസ്
കാത്തിരിപ്പുകള്‍ക്കൊടുവില്‍ അല്ലു അര്‍ജുന്‍ ചിത്രം പുഷ്പയുടെ രണ്ടാം ഭാഗം ഇന്ന് തീയേറ്ററുകളിലേക്ക് എത്തി. വലിയ ആഘോഷത്തോടെയാണ് പുഷ്പ 2 ആരാധകര്‍ സ്വീകരിച്ചത്. എന്നാല്‍ ഈ ആഘോഷങ്ങളുടെ പ്രഭ കെടുത്തുന്ന സംഭവങ്ങളാണ് ഇന്ന് രാവിലെ നടന്നത്. പുഷ്പ 2വിന്റെ പ്രീമയിര്‍ ഷോ കാണാനെത്തിയപ്പോള്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരണപ്പെട്ടു. ഈ സംഭവത്തില്‍ ഇപ്പോഴാതി അല്ലു അര്‍ജുനെതിരെ കേസെടുത്തിരിക്കുകയാണ്.
ഹൈദരാബാദിലെ സന്ധ്യ തിയറ്ററില്‍ വച്ചായിരുന്നു സംഭവം. ഇന്ന് രാവിലെയായിരുന്നു സംഭവം. അപ്രതീക്ഷിതമായ അല്ലു അര്‍ജുന്‍ തീയേറ്ററിലെത്തിയതിന് തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലുമാണ് യുവതി മരണപ്പെടുന്നത്. 39 കാരിയായ രേവതിയാണ് മരണപ്പെട്ടത്. സംഭവത്തില്‍ തീയേറ്റര്‍ മാനേജര്‍ക്കെതിരെ കേസെടുത്തിരുന്നു. പിന്നാലെയാണ് അല്ലു അര്‍ജുനെതിരേയും കേസെടുക്കുന്നത്.

അതേസമയം അല്ലു അര്‍ജുന്‍ തീയേറ്ററിലെത്തുമെന്ന കാര്യം നേരത്തെ അറിയിച്ചിരുന്നില്ലെന്നാണ് ഹൈദരാബാദ് പൊലീസ് അറിയിക്കുന്നത്. താരങ്ങള്‍ക്ക് തീയേറ്ററിലേക്ക് വരാനും പോകാനുമുള്ള പ്രത്യേക വാഹനം ഉണ്ടായിരുന്നില്ലെന്നും പൊലീസ് പറയുന്നുണ്ട്.
തന്റെ കുടുംബത്തോടൊപ്പമാണ് രേവതി സിനിമ കാണാന്‍ എത്തിയത്. കടുത്ത അല്ലു അര്‍ജുന്‍ ആരാധകനായ മകന്‍ ഒമ്പതു വയസുകാരന്‍ തേജിന്റെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് പ്രീമിയര്‍ ഷോ കാണാന്‍ കുടുംബം തീരുമാനിക്കുന്നത്. അപ്രതീക്ഷിതമായി അല്ലു അര്‍ജുന്‍ എത്തിയതോടെ ആരാധകര്‍ താരത്തെ കാണാന്‍ തിക്കും തിരക്കും കൂട്ടുകയായിരുന്നു. തീയേറ്ററിന്റെ ഗേറ്റ് തകര്‍ക്കുകയും ചെയ്തു. ആരാധകര്‍ നിയന്ത്രണം വിട്ടതോടെ പൊലീസ് ലാത്തി വീശുകയായിരുന്നു.
ഇതിനിടെയാണ് രേവതിയും തേജും ബോധരഹിതരാകുന്നത്. ഇരുവരേയും ആശുപത്രിയിലെത്തിച്ചുവെങ്കിലും രേവതിയെ രക്ഷിക്കാനായില്ല. തേജ് ഇപ്പോഴും ചികിത്സയില്‍ കഴിയുകയാണ്. തേജിന്റെ നില ഗുരുതരമാണ്. രേവതിയുടെ ഭര്‍ത്താവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഭര്‍ത്താവും സിനിമ കാണാന്‍ എത്തിയിരുന്നു. അദ്ദേഹത്തിനും തിക്കിലും തിരക്കിലും പരുക്കേറ്റിരുന്നു.


Click it and Unblock the Notifications