സുഹൃത്തിന്റെ ചതി! പ്രണയം തകർന്നത് അങ്ങനെ; തുറന്നു പറഞ്ഞ് രശ്മികയുടെ മുൻ കാമുകൻ രക്ഷിത് ഷെട്ടി
തെന്നിന്ത്യൻ സിനിമാ ലോകത്ത് വളരെയധികം ചർച്ച ചെയ്യപ്പെട്ടിട്ടുള്ള താരജോഡിയാണ് രക്ഷിത് ഷെട്ടിയും രശ്മിക മന്ദാനയും. ഇരുവരും തമ്മിലുള്ള പ്രണയം ഒരുകാലത്ത് ആരാധകര്‍ ആഘോഷമാക്കിയിരുന്നു. ഇവരുടെ ബന്ധം വിവാഹത്തിലേക്ക് എത്തുകയും ചെയ്തു. എന്നാല്‍ ആരാധകരെ ഞെട്ടിച്ചു കൊണ്ട് വിവാഹ നിശ്ചയമൊക്കെ കഴിഞ്ഞിരിക്കെ രശ്മികയും രക്ഷിത് ഷെട്ടിയും പിരിഞ്ഞു. എന്താണ് തങ്ങള്‍ പിരിയാനുണ്ടായ കാരണമെന്ന് രക്ഷിതോ രശ്മികയോ ഇതുവരെ തുറന്നു പറഞ്ഞിട്ടില്ല.
പൊതുവേദികളിലോ അഭിമുഖങ്ങളിലോ രണ്ടുപേരും ആ ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറാനാണ് ശ്രമിക്കാറുള്ളത്. അടുത്തിടെ രശ്‌മികയെ കുറിച്ചുള്ള ചോദ്യത്തിന് ഇന്നും തങ്ങൾ നല്ല സുഹൃത്തുക്കളാണ് എന്ന് മാത്രമാണ് രക്ഷിത് ഷെട്ടി പറഞ്ഞത്. അതേ സമയം ഇപ്പോഴിതാ രശ്‌മികക്ക് മുൻപും തനിക്ക് പ്രണയത്തകർച്ച ഉണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് രക്ഷിത് ഷെട്ടി. തന്റെ പുതിയ സിനിമയായ സപ്ത സാഗരദാച്ചെ എല്ലോ സൈഡ് ബിയുടെ പ്രൊമോഷന്‍ പരിപാടിക്കിടെയാണ് രക്ഷിത് ഇക്കാര്യം പറഞ്ഞത്.

രശ്മിക മന്ദാനയ്ക്ക് മുമ്പ് മറ്റൊരു പെൺകുട്ടിയെ പ്രണയിച്ചിരുന്നുവെന്നും സുഹൃത്തിന്റെ ചതിയിൽ ആ പ്രണയം തകർന്നു എന്നുമാണ് രക്ഷിത് ഷെട്ടി പറഞ്ഞത്. എഞ്ചിനീയറിംഗിന് പഠിക്കുന്നതിനിടെ സെക്കൻഡ് ഇയറിൽ വെച്ചാണ് രക്ഷിത് ഷെട്ടി ഒരു പെൺകുട്ടിയുമായി പ്രണയത്തിലാകുന്നത്. ആ പെൺകുട്ടിയോട് പ്രണയം അറിയിക്കാനായി രക്ഷിത് പ്രണയലേഖനങ്ങൾ എഴുതുമായിരുന്നു. ഈ കത്തുകൾ പെൺകുട്ടിയെ ഏൽപ്പിക്കാനായി സുഹൃത്തിനെയാണ് ഏൽപിച്ചിരുന്നത്.
എന്നാൽ രണ്ട് വർഷം കഴിഞ്ഞിട്ടും ആ പെൺകുട്ടിയിൽ നിന്ന് രക്ഷിതിന് ഒരു മറുപടിയും ലഭിച്ചില്ല. കാര്യം തിരക്കിയപ്പോൾ സുഹൃത്ത് താൻ എഴുതിയ കത്തുകളൊന്നും പെൺകുട്ടിക്ക് നൽകിയിയിരുന്നില്ലെന്ന് അറിഞ്ഞുവെന്ന് നടൻ പറയുന്നു. ഇപ്പോൾ തന്റെ ആ സുഹൃത്തും ആ പെൺകുട്ടിയും ഭാര്യ ഭർത്താക്കന്മാർ ആണെന്നും രക്ഷിത് പറഞ്ഞു. തനിക്ക് ഇഷ്ടപ്പെട്ട പെൺകുട്ടിയെ സുഹൃത്ത് ചതിയിലൂടെ സ്വന്തമാക്കുകയായിരുന്നുവെന്ന് രക്ഷിത് ഷെട്ടി ഓർമിച്ചു.

അതേസമയം കിരിക് പാർട്ടി എന്ന സിനിമയ്ക്ക് ശേഷമാണ് രശ്മിക മന്ദാനയും രക്ഷിത് ഷെട്ടിയും പ്രണയത്തിലായത്. 2017 ജൂലൈയിൽ ആയിരുന്നു ഇവരുടെ വിവാഹനിശ്ചയം തുടർന്ന് തൊട്ടടുത്ത വർഷം സെപ്റ്റംബറിലാണ് ഇവർ വിവാഹം വേണ്ടെന്ന് വയ്ക്കുന്നത്. അന്ന് വിവാഹം മുടങ്ങിയ താരങ്ങൾ രണ്ടുപേരും ഇന്നും അവിവാഹിതരായി തുടരുകയാണ്. അതേസമയം, രശ്മികയുടെ പ്രണയം ഇപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്.
തെലുങ്ക് യുവനടന്‍ വിജയ് ദേവരക്കൊണ്ടയും രശ്മികയും തമ്മില്‍ പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും ഒരുമിച്ചുള്ള യാത്രകളും ഡിന്നറുകളുമൊക്കെ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. എന്നാല്‍ ഔദ്യോഗികമായി ഇരുവരും പ്രണയം തുറന്നു പറഞ്ഞിട്ടില്ല. അടുത്ത സുഹൃത്തുക്കൾ മാത്രമാണെന്നാണ് ഇവർ നൽകിയിട്ടുള്ള വിശദീകരണം.
അടുത്തിടെ സപ്ത സാഗരയുടെ പ്രമോഷൻ ചടങ്ങിൽ സംസാരിക്കുന്നതിനിടെയാണ് രശ്‌മികയുമായി തനിക്ക് ഇപ്പോഴും സൗഹൃദമുണ്ടെന്ന് രക്ഷിത് ഷെട്ടി പറഞ്ഞത്. ''ഞാനും രശ്മികയും തമ്മില്‍ ഇപ്പോഴും സൗഹൃദമുണ്ട്. അവള്‍ക്ക് സിനിമയില്‍ വലിയ സ്വപ്നങ്ങളാണുണ്ടായിരുന്നത്. തന്റെ സ്വപ്നങ്ങളിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണ് അവള്‍. അത് നേടിയെടുക്കാനുള്ള മനക്കരുത്തും അവള്‍ക്കുണ്ട്. അവളുടെ നേട്ടങ്ങളെ നമ്മള്‍ അഭിനന്ദിക്കുകയാണ് വേണ്ടത്'' എന്നായിരുന്നു നടന്റെ വാക്കുകൾ.


Click it and Unblock the Notifications