12 വര്‍ഷം പൂര്‍ത്തിയായി, ഈ പ്രണയകഥ ഒരിക്കലും അവസാനിക്കാതിരിക്കട്ടെ! കുറിപ്പുമായി സമാന്ത
തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമാണ് സമാന്ത. തെലുങ്കിലും തമിഴിലുമൊക്കെ നിറ സാന്നിധ്യമായ സമാന്ത ഇപ്പോള്‍ പാന്‍ ഇന്ത്യന്‍ താരമാണ്. ദ ഫാമിലി മാന്‍ സീസണ്‍ ടുവിലൂടെയാണ് സമാന്ത പാന്‍ ഇന്ത്യന്‍ ലെവലില്‍ കയ്യടി നേടുന്നത്. ആമസോണ്‍ പ്രൈം സീരീസായ ദ ഫാമിലി മാന്റെ സീസണ്‍ ടുവില്‍ നെഗറ്റീവ് കഥാപാത്രമായി എത്തിയ സമാന്തയുടെ പ്രകടനം താരത്തിന്റെ ഏറ്റവും മികച്ചതാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ആക്ഷന്‍ രംഗങ്ങളിലും സമാന്ത കയ്യടി നേടി. പിന്നാലെ പുഷ്പയിലെ ഡാന്‍സ് നമ്പറിലൂടേയും സമാന്ത കയ്യടി നേടിയിരിക്കുകയാണ്. ഓ അണ്ടാവാ എന്ന ഗാനവും സമാന്തയുടെ ചുവടുകളുമെല്ലാം ട്രെന്റായി മാറുകയായിരുന്നു.
ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തില്‍ ഒരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് സമാന്ത. തന്റെ അഭിനയ ജീവിതത്തിന്റെ പന്ത്രണ്ടാം വര്‍ഷത്തിലെത്തിയിരിക്കുകയാണ് സമാന്ത. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് തന്റെ അഭിനയ ജീവിതത്തിന്റെ പന്ത്രണ്ടാം വാര്‍ഷികത്തെക്കുറിച്ച് സമാന്ത മനസ് തുറന്നത്. താരത്തിന്റെ കുറിപ്പും പുതിയ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

'രാവിലെ എഴുന്നേറ്റപ്പോഴാണ് ഞാന്‍ സിനിമയില്‍ എത്തിയിട്ട് പന്ത്രണ്ട് വര്‍ഷം പൂര്‍ത്തിയായെന്ന കാര്യം ഓര്‍ക്കുന്നത്. ലൈറ്റുകള്‍, ക്യാമറ, ആക്ഷന്‍, സമാനതകളില്ലാത്ത നിമിഷങ്ങള്‍ എന്നിവയെ ചുറ്റിപ്പറ്റിയുള്ള ഓര്‍മകളുടെ 12 വര്‍ഷമാണ് പൂര്‍ത്തിയായത്. ഈ അനുഗൃഹീത യാത്രയും ലോകത്തിലെ ഏറ്റവും മികച്ച, വിശ്വസ്തരായ ആരാധകരെയും നേടിയതിന് ഞാന്‍ നന്ദിയുള്ളവളാണ്! സിനിമയുമായുള്ള എന്റെ പ്രണയകഥ ഒരിക്കലും അവസാനിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു.' എന്നായിരുന്നു സമാന്ത കുറിച്ചത്. തന്റെ മനോഹരമായ ചിത്രങ്ങളും കുറിപ്പിനൊപ്പം സമാന്ത പങ്കുവച്ചിട്ടുണ്ട്. താരത്തിന്റെ കുറിപ്പിന് കമന്റുകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. താരങ്ങളും കമന്റ് ചെയ്തിട്ടുണ്ട്. റാഷി ഖന്ന, കാജല്‍ അഗര്‍വാള്‍, അനുപമ പരമേശ്വരന്‍, രാജ് ആന്റ് ഡികെ തുടങ്ങിയവര്‍ കമന്റ് ചെയ്തിട്ടുണ്ട്. ആരാധകരും താരത്തിന് ആശംസകളുമായി എത്തിയിട്ടുണ്ട്.

തെലുങ്കിലൂടെയായിരുന്നു സമാന്തയുടെ സിനിമാ അരങ്ങേറ്റം. 2010-ല്‍ ഗൗതം മേനോന്‍ സംവിധാനം ചെയ്ത യേ മായേ ചേസാവേ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സമാന്ത അഭിനയരം?ഗത്തെത്തിയത്. തമിഴ് ചിത്രം വിണ്ണൈ താണ്ടി വരുവായയുടെ തെലുങ്ക് റീമേക്കായിരുന്നു ചിത്രം. പിന്നാലെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു സമാന്ത. ഈഗ, നീതാനെ എന്‍ പൊന്‍വസന്തം, അഞ്ജാന്‍, കത്തി, തെറി, ജനത ഗ്യാരേജ്, മഹാനടി, യു ടേണ്‍, സൂപ്പര്‍ ഡീലക്‌സ്, മജ്‌ലി, ഓ ബേബി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് സമാന്ത. അല്ലു അര്‍ജുന്‍ നായകനായ പുഷ്പയിലെ ഒരു ?ഗാനരംഗത്തിലാണ് നടി ഏറ്റവുമൊടുവില്‍ പ്രത്യക്ഷപ്പെട്ടത്. ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന ശാകുന്തളം ആണ് സമാന്തയുടെ പുതിയ തെലുങ്ക് ചിത്രം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. തമിഴില്‍ വിഗ്നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന കാത്തു വാക്കുള രണ്ട് കാതല്‍ ആണ് സമാന്തയുടെ പുതിയ സിനിമ.
Recommended Video

അതേസമയം ഫാമിലി മാന്റെ വിജയത്തിന് ശേഷം ബോളിവുഡിലേക്ക് ചേക്കാറാനുള്ള ഒരുക്കത്തിലാണ് സമാന്ത. ബോളിവുഡ് സിനിമകളുടെ കഥകള്‍ കേള്‍ക്കുകയാണ് സമാന്ത ഇപ്പോള്‍. ഇതിനിടെ താപ്‌സി പന്നു നിര്‍മ്മിക്കുന്ന ഹിന്ദി ചിത്രത്തില്‍ സമാന്ത അഭിനയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സമാന്തയും താപ്‌സിയും തന്നെയായിരുന്നു ഇത് വെളിപ്പെടുത്തിയത്. എന്നാല്‍ മറ്റ് വിവരങ്ങള്‍ ഒന്നും പുറത്ത് വന്നിട്ടില്ല. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ബിഗ് സ്‌ക്രീനില്‍ വീണ്ടും സമാന്തയെ കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications











