നാഗചൈതന്യയുടെ ഓർമ്മകൾ മായ്ക്കാതെ സാമന്ത! ഇപ്പോഴും ആ സ്നേഹം ഉള്ളതുകൊണ്ടെന്ന് ആരാധകർ, ചിത്രം വൈറൽ
തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നായികമാരിൽ ഒരാളാണ് സാമന്ത രുത് പ്രഭു. ഇപ്പോൾ ബോളിവുഡിലും തന്റെ ചുവടുറപ്പിക്കുകയാണ് താരം. കരിയറിലെ ഏറ്റവും സുവർണ കാലഘട്ടത്തിലൂടെയാണ് സാമന്ത കടന്നു പോകുന്നത്. എന്നാൽ വ്യക്തി ജീവിതത്തിലെ പല പ്രശ്‍നങ്ങളും അടുത്തിടെ നടിയെ തളർത്തിയിരുന്നു. വിവാഹ മോചനം, അതിന് പിന്നാലെ വന്ന രോഗം, അങ്ങനെ പോകുന്നു ഓരോന്നും. എങ്കിലും അതിനോട് എല്ലാത്തിനോടും പൊരുതി മുന്നേറുകയാണ് സാമന്ത.
തെന്നിന്ത്യൻ സിനിമയിൽ പ്രേക്ഷകരെ തിയേറ്ററിൽ എത്തിക്കാൻ കെല്പുള്ള ഒരു നായികയായി സാമന്ത ഇതിനകം മാറിയിട്ടുണ്ട്. ഒരു ബിഗ് ബജറ്റ് ചിത്രം സ്വന്തം ചുമലിലേറ്റി തിയേറ്ററിൽ എത്തിച്ച് നിൽക്കുകയാണ് നടിയിപ്പോൾ. അതുപോലെ നടിയുടെ ഓരോ വിശേഷങ്ങളും ആരാധകരും ശ്രദ്ധിക്കുന്നുണ്ട്. തന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാനും സാമന്ത മറക്കാറില്ല.

ഇപ്പോഴിതാ, സാമന്തയുടെ പുതിയ ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. പ്രിയങ്ക ചോപ്ര അഭിനയിക്കുന്ന സിറ്റാഡൽ എന്ന സീരീസിന്റെ ലണ്ടനിൽ ഫിലിം പ്രീമിയറിൽ നിന്നുള്ള സാമന്തയുടെ ചിത്രങ്ങളാണ് വൈറലായി മാറുന്നത്. ബ്ലാക്ക് ഗൗണിൽ അതിസുന്ദരിയായാണ് സാമന്തയെ ചിത്രങ്ങളിൽ കാണുന്നത്. അതേസമയം പല കാരണങ്ങൾ കൊണ്ട് സാമന്തയുടെ ആ ചിത്രങ്ങൾ പ്രേക്ഷക ശ്രദ്ധ നേടുകയാണ്.
ഒന്നാമതായി സാമന്തയുടെ ഇടുപ്പിലെ ടാറ്റൂ ആണ് പ്രേക്ഷകരുടെ ശ്രദ്ധയാകർഷിക്കുന്നത്. നേരത്തെ സാമന്ത ഇടുപ്പിന് സമീപം മുൻ ഭർത്താവ് നാഗ ചൈതന്യയുടെ പേര് ടാറ്റൂ കുത്തിയിരുന്നു. ചായ് എന്നായിരുന്നു പച്ച കുത്തിയിരുന്നത്. വിവാഹ മോചനത്തിന് ശേഷവും സാമന്ത അത് നീക്കം ചെയ്തിട്ടില്ല എന്നാണ് ചിത്രങ്ങളിൽ നിന്ന് മനസിലാകുന്നത്.
തെന്നിന്ത്യൻ സിനിമ ലോകത്ത് തന്റേതായ ഒരിടം കണ്ടെത്തുന്നതിന് ഇടയിലായിരുന്നു തെലുങ്ക് സൂപ്പർ താരമായ നാഗ ചൈതന്യയുമായിട്ടുള്ള സാമന്തയുടെ വിവാഹം. 2017 ലാണ് ഇവർ വിവാഹിതരായത്. എന്നാൽ നാല് വർഷങ്ങൾക്ക് ശേഷം ഇരുവരും വേർപിരിയുകയായിരുന്നു. 2021 ലെ പുതുവർഷ ആഘോഷങ്ങൾക്ക് പിന്നാലെയാണ് ഇരുവരും അകന്ന് തുടങ്ങിയതായുള്ള വാർത്തകൾ വന്നത്. ഒടുവിൽ ഒക്ടോബർ രണ്ടിന് ഇവർ വേർപിരിയൽ പ്രഖ്യാപിക്കുകയായിരുന്നു. സോഷ്യൽ മീഡിയയിലൂടെടെ ഇരുവരും ഒന്നിച്ചാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.
ഏറെ നാളുകൾ നീണ്ട പ്രണയത്തിന് ഒടുവിലായിരുന്നു ഇവരുടെ വിവാഹം എങ്കിലും വിവാഹ ബന്ധം അധികം നീണ്ടു നിന്നില്ല എന്നതാണ്. എങ്കിലും വിവാഹ മോചിതരായി ഒരു വർഷം കഴിഞ്ഞിട്ടും സാമന്ത തന്റെ മുൻ ഭർത്താവിന്റെ പേരെഴുതിയ ടാറ്റൂ നീക്കം ചെയ്തിട്ടില്ല എന്നത് ആരാധകരെയും ആശ്ചര്യപ്പെടുത്തുന്നുണ്ട്.

ടാറ്റൂ നീക്കം ചെയ്യാത്തതിന് നിരവധി പേർ സാമന്തയെ അഭിനന്ദിക്കുന്നുമുണ്ട്. അവർ ഇപ്പോൾ ഒരുമിച്ചല്ലെങ്കിലും, സാമന്തയ്ക്ക് തന്റെ മുൻ ഭർത്താവിനോട് വലിയ സ്നേഹവും ബഹുമാനവും ഉണ്ടെന്നാണ് ഇത് കാണിക്കുന്നതെന്നാണ് ചിലർ പറയുന്നത്. എല്ലാ ബന്ധങ്ങളും വിവാഹമോചനത്തിൽ അവസാനിക്കില്ലെന്നും വിവാഹമോചനത്തിനു ശേഷവും നല്ല ഓർമ്മകൾ കാത്തുസൂക്ഷിക്കുന്നത് നല്ലതാണെന്നും ചിലർ പറയുന്നു. എന്തായാലും സാമന്തയുടെ ടാറ്റൂ വീണ്ടും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിട്ടുണ്ട്.
അതേസമയം, സിറ്റാഡൽ സീരീസിന്റെ ഹിന്ദി പതിപ്പിൽ പ്രിയങ്ക ചോപ്ര ചെയ്ത വേഷം ചെയ്യുന്നത് സാമന്തയാണ്. വരുൺ ധവാനാണ് നായകൻ. ഇത് കൂടാതെ തെലുങ്കിൽ വിജയ് ദേവര്കൊണ്ടയ്ക്ക് ഒപ്പം ഖുഷി എന്ന ചിത്രവും സാമന്തയുടെതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ശാകുന്തളം ആണ് സാമന്തയുടെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.


Click it and Unblock the Notifications