ഷൂട്ടിനിടെ അഖില്‍ മോശമായി പെരുമാറി, ഒപ്പം അഭിനയിക്കില്ലെന്ന് ഉര്‍വ്വശി! തുറന്നടിച്ച് താരത്തിന്റെ പ്രതികരണം
താരങ്ങളെ സംബന്ധിച്ച് വാര്‍ത്തകളില്‍ പേരു വരുന്നത് സാധാരണയാണ്. തങ്ങളുടെ ഇഷ്ടതാരത്തിന്റെ വ്യക്തിജീവിതത്തെക്കുറിച്ച് അറിയാനും സിനിമാ വിശേഷങ്ങള്‍ അറിയാനുമൊക്കെ ആരാധകര്‍ക്കും ഏറെ ഇഷ്ടമാണ്. എന്നാല്‍ ആരാധകരുടെ ഈ ആകാംഷയും സ്‌നേഹവുമൊക്കെ ചിലപ്പോഴൊക്കെ മുതലെടുക്കപ്പെടാറുണ്ട്. താരങ്ങളെക്കുറിച്ചുള്ള വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കപ്പെടുന്നത് അങ്ങനെയാണ്.
വ്യാജ വാര്‍ത്തകള്‍ മൂലം കരിയര്‍ നശിച്ചവര്‍ പോലും ഒരുപാടുണ്ട്. മുമ്പെക്കെ വ്യാജവാര്‍ത്തകള്‍ കണ്ടെത്താനും അവയെ തുറന്നു കാണിക്കാനുമൊക്കെ താരങ്ങളെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ ഈ സോഷ്യല്‍ മീഡിയാ കാലത്ത് വ്യാജ വാര്‍ത്തകള്‍ കുറേക്കുടി എളുപ്പത്തില്‍ പൊളിക്കപ്പെടുന്നുണ്ട്. തങ്ങള്‍ക്ക് മുന്നിലെത്തുന്ന വാര്‍ത്തയുടെ വസ്തുത പലപ്പോഴും ആരാധകര്‍ക്ക് നേരിട്ടു തന്നെ കണ്ടെത്താനും സാധിക്കും.

അതേസമയം സോഷ്യല്‍ മീഡിയയില്‍ അതിവേഗം ബഹുദൂരം വാര്‍ത്ത സഞ്ചരിക്കപ്പെടാനുള്ള സാധ്യത പലപ്പോഴും പ്രശ്‌നമാകാറുണ്ട്. വ്യാജ വാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ചിട്ടുള്ള ഒരുപാട് താരങ്ങളുണ്ട് സിനിമാ ലോകത്ത്. ഇപ്പോഴിതാ തനിക്കെതിരെയുള്ള വ്യാജ വാര്‍ത്തയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി ഉര്‍വ്വശി റൗട്ടേല.
ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമയിലുമെല്ലാം സജീവമായ നടിയാണ് ഉര്‍വ്വശി. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. ഇപ്പോള്‍ തെലുങ്ക് ചിത്രമായ ഏജന്റിലാണ് താരം അഭിനയിക്കുന്നത്. അഖില്‍ അക്കിനേനി നായകനായ ചിത്രത്തില്‍ മമ്മൂട്ടിയുമൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഈ സിനിമയുടെ ചിത്രീകരണം പുരോഗമിച്ചു വരികയാണ്. തന്നെക്കുറിച്ചുള്ള വ്യാജ വാര്‍ത്ത നല്‍കിയ ഫിലിം ക്രിട്ടിക്കിനെതിരെ നിയമനടപടി സ്വീകരിച്ചിരിക്കുകയാണ് ഉര്‍വ്വശി.
ഉമൈര്‍ സന്ധുവെന്നയാള്‍ക്കെതിരെയാണ് താരം രംഗത്തെത്തിയിരിക്കുന്നത്. യുറോപ്പില്‍ ഏജന്റിന്റെ ചിത്രീകരണം നടക്കുമ്പോള്‍ അഖില്‍ അക്കിനേനി ഉര്‍വ്വശിയോട് മോശമായി പെരുമാറിയെന്നായിരുന്നു ഇയാളുടെ ട്വീറ്റ്. അഖിലിന് പക്വതയില്ലെന്നും അഖിലിനൊപ്പം അഭിനയിക്കാന്‍ തയ്യാറല്ലെന്നും ഉര്‍വ്വശി പറഞ്ഞതായും ഇയാള്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചു കൊണ്ടാണ് വാര്‍ത്ത വ്യാജമാണെന്നും തന്റെ ലീഗല്‍ ടീം നിയമ നടപടി സ്വീകരിച്ചതായും ഉര്‍വ്വശി അറിയിക്കുന്നത്.

''എന്റെ ലീഗില്‍ ടീം അപകീര്‍ത്തിയ്ക്ക് കേസ് കൊടുത്തിട്ടുണ്ട്. നിങ്ങളുടെ അസഭ്യമായ ട്വീറ്റും പത്രപ്രവര്‍ത്തനവും വേദനിപ്പിക്കുന്നതാണ്. നിങ്ങള്‍ എന്റെ വക്താവല്ല. നിങ്ങള്‍ ഒട്ടും പക്വതയില്ലാത്ത മാധ്യമ പ്രവര്‍ത്തകനാണ്. എന്റെ കുടുംബത്തേയും എന്നേയും അസ്വസ്ഥരാക്കുകയായിരുന്നു നിങ്ങള്‍'' എന്നാണ് താരം പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. അധികം വൈകാതെ തന്നെ താരത്തിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് വ്യാജ വാര്‍ത്തയ്‌ക്കെതിരെ ഉര്‍വ്വശിയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്.
സിംഗ് സാബ് ദ ഗ്രേറ്റ് എന്ന ചിത്രത്തിലൂടെയാണ് ഉര്‍വ്വശി സിനിമയിലെത്തുന്നത്. സനം രേ, ബാഗ് ജോണി, ഗ്രേറ്റ് ഗ്രാന്റ് മസ്തി, കാബില്‍, ഹേറ്റ് സ്‌റ്റോറി 4, ദ ലെജന്റ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. വാള്‍ട്ടര്‍ വീരയ്യ എന്ന ചിത്രത്തിലെ ഐറ്റം സോംഗിലൂടെയാണ് തെലുങ്കില്‍ അരങ്ങേറുന്നത്. നിരവധി സിനിമകളാണ് ഉര്‍വ്വശിയുടേതായി അണിയറയിലുള്ളത്. 2015 ല്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മിസ് യൂണിവേഴ്‌സ് മത്സരത്തിലും പങ്കെടുത്തിരുന്നു ഉര്‍വ്വശി.


Click it and Unblock the Notifications











