കഴിഞ്ഞുപോയത് ഏറ്റവും കഠിനമായ ആറ് മാസങ്ങൾ; ഇടവേള പ്രഖ്യാപിച്ചതിന് പിന്നാലെ സാമന്തയുടെ കുറിപ്പ്!
കരിയറിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് സമാന്തയ്ക്ക് ജീവിതത്തിൽ വലിയ തിരിച്ചടികൾ നേരിടേണ്ടി വന്നത്. വിവാഹമോചനം മുതൽ മയോസൈറ്റിസ് രോഗം വരെ, ഒന്നിനു പുറകെ ഒന്നായി പ്രതിസന്ധികൾ വന്നു ചേരുകയായിരുന്നു. അതിനിടെ കരിയറിൽ സംഭവിച്ച തുടര്‍ പരാജയങ്ങളും സമാന്തയെ ബാധിച്ചിട്ടുണ്ട്. എന്നാൽ എല്ലാത്തിനോടും പോരാടാൻ ഉറച്ചു തന്നെയാണ് താരം. രോഗത്തിൽ നിന്ന് പൂർണ മുക്തി നേടാൻ വിശ്രമം ആവശ്യമായതിനാൽ ഒരു വർഷത്തേക്ക് കരിയറിൽ നിന്ന് ഇടവേളയെടുക്കാൻ തീരുമാനിച്ചിരിക്കുകയാണ് സാമന്ത.
കഴിഞ്ഞ ദിവസമാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്തു വന്നത്. നിലവിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന സിറ്റഡൽ സീരീസും ഖുഷി എന്ന സിനിമയും പൂർത്തിയാക്കിയ ശേഷം ഇടവേളയെടുക്കുമെന്ന് ആയിരുന്നു റിപ്പോർട്ട്. ഇക്കാര്യം സാമന്തയുടെ മാനേജർ സ്ഥിരീകരിക്കുകയും ചെയ്തു. വാർത്തകൾ ശരിയാണെന്നും മയോസൈറ്റിസ് ചികിത്സയുടെ ഭാഗമായി അവർ യു.എസ്.എയിലേക്ക് പോകുകയാണെന്നും അദ്ദേഹം സ്ഥിരീകരിച്ചു.

ആരോഗ്യത്തിൽ പുരോഗതിയുണ്ടായാൽ ആറ് മാസത്തിനകം അവർ തിരിച്ചെത്തും. എന്നിരുന്നാലും ഇപ്പോൾ ഒരു വർഷം എന്നാണ് തീരുമാനം. അവരുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്. എന്നാൽ ഡോക്ടർമാർ വിശ്രമം നിർദ്ദേശിച്ചിട്ടുണ്ട്. ഓഗസ്റ്റ് മാസം നാലാമാത്തെ ആഴ്ച്ച അവർ യുഎസിലേക്ക് പോകും എന്നും മാനേജർ വ്യക്തമാക്കി. അതിനിടെ സാമന്ത ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പുതിയൊരു പോസ്റ്റ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടുകയാണ്. കഴിഞ്ഞ ആറു മാസങ്ങൾ ഏറ്റവും കഠിനമായതായിരുന്നു എന്നാണ് സാമന്ത പറയുന്നത്.
'ഏറ്റവും ദൈർഘ്യമേറിയതും കഠിനവുമായ ആറ് മാസങ്ങൾ... ഒടുവിൽ അതിന്റെ അവസാനം വരെ എത്തി' എന്നാണ് സാമന്ത കുറിച്ചത്. തന്റെ ചിരിച്ച മുഖത്തോടെയുള്ള ഒരു സെൽഫിയ്‌ക്കൊപ്പമാണ് സാമന്തയുടെ കുറിപ്പ്. എന്നാൽ ഇപ്പോൾ ഇങ്ങനെയൊരു കുറിപ്പ് പങ്കുവയ്ക്കാനുള്ള കാരണമെന്താണെന്നാണ് ആരാധകർ തിരക്കുന്നത്. കഴിഞ്ഞ ദിവസമാണ് സാമന്ത ഖുഷി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയത്. അത് സംബന്ധിച്ച കുറിപ്പാണെന്നും ആരാധകർ കരുതുന്നു.
അടുത്തിടെ സാമന്ത വീണ്ടും പ്രണയത്തിലായതായി അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. സമാന്ത പങ്കുവച്ച ഒരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകരുടെ സംശയത്തിന് കാരണമായത്. 'മരണത്തിൽ നിന്ന് നമുക്ക് ഒന്നിനെയും രക്ഷിക്കാനാവില്ല, നമുക്ക് സ്നേഹം കൊണ്ട് ഒരു ജീവനെങ്കിലും രക്ഷിക്കാം' എന്ന വരികളാണ് സാമന്ത ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവച്ചത്. നാഗ ചൈതന്യമായുള്ള വിവാഹമോചനത്തിന് ശേഷം സിംഗിളായി തുടരുകയാണ് സമാന്ത.

സാമന്ത പ്രണയത്തിലാണ് അല്ലെങ്കിൽ പ്രണയിക്കാൻ ആഗ്രഹിക്കുന്നുണ്ട് എന്നായിരുന്നു പോസ്റ്റ് കണ്ട് ആരാധകർ വിലയിരുത്തിയത്. സാമന്ത ഉടൻ തന്നെ എന്തെങ്കിലും നല്ല വാർത്ത പങ്കുവയ്ക്കുമെന്ന പ്രതീക്ഷയും ആരാധകർ പങ്കുവച്ചിരുന്നു. അതിനു പിന്നാലെയാണ് വീണ്ടും ആരാധകരെ സംശയത്തിലാക്കുന്ന പോസ്റ്റുമായി സാമന്ത എത്തിയിരിക്കുന്നത്.
അതേസമയം ശാകുന്തളം ആയിരുന്നു സമാന്തയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. കനത്ത പരാജയമാണ് ചിത്രം ഏറ്റുവാങ്ങിയത്. മലയാളി താരം ദേവ് മോഹന്‍ ആയിരുന്നു ചിത്രത്തിലെ നായകന്‍. ശാകുന്തളത്തിന് മുമ്പായി പുറത്തിറങ്ങിയ യശോദയും പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. അതുകൊണ്ട് തന്നെ സിറ്റഡല്‍ സീരീസിനെയും ഖുഷി സിനിമയെയും വളരെ പ്രതീക്ഷയോടെയാണ് ആരാധകർ കാണുന്നത്.
വരുണ്‍ ധവാനൊപ്പം അഭിനയിക്കുന്ന സിറ്റഡല്‍ റൂസോ സഹോദരന്മാര്‍ ഒരുക്കിയ സീരിസിന്റെ ഇന്ത്യന്‍ പതിപ്പാണ്. സമാന്തയെ പാന്‍ ഇന്ത്യന്‍ താരാക്കിയ ദ ഫാമിലി മാന്‍ ഒരുക്കിയ രാജും ഡികെയുമാണ് ഈ സീരീസും ഒരുക്കുന്നത്. ഖുഷിയാണ് മറ്റൊന്ന്. ഇതു കൂടാതെ തമിഴിലും ഇംഗ്ലീഷിലുമായി ചിത്രീകരണം നടക്കുന്ന ചെന്നൈ സ്റ്റോറിയും സമാന്തയുടേതായി അണിയറയിലുണ്ട്.


Click it and Unblock the Notifications