എന്റെ കല്യാണം അച്ഛനും അമ്മയും തീരുമാനിച്ചോളും; വാര്‍ത്തകളില്‍ മനം മടുത്ത് അനുഷ്‌ക
തെന്നിന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമാണ് അനുഷ്‌ക ഷെട്ടി. തെലുങ്ക് സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍ ആയ അനുഷ്‌ക തമിഴിലും നിരവധി ഹിറ്റുകള്‍ സമ്മാനിച്ചിട്ടുണ്ട്. സിനിമ പോലെ തന്നെ അനുഷ്‌കയുടെ വ്യക്തിജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നതാണ്. അനുഷ്‌കയുടെ പ്രണയവും വിവാഹവുമൊക്കെ പലപ്പോഴായി വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.
ഒരിക്കല്‍ അനുഷ്‌കയുടെ പേര് കൂടുതലും കേട്ടത് ബാഹുബലിയിലെ നായകനായ പ്രഭാസിന്റെ പേരിനൊപ്പമായിരുന്നു. അനുഷ്‌കയുടേയും പ്രഭാസിന്റേയും ഓണ്‍ സ്‌ക്രീന്‍ കെമിസ്ട്രി ആരാധകര്‍ക്കിടയില്‍ കയ്യടി നേടിയിരുന്നു. ഓഫ് സ്‌ക്രീനിലും ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളാണ്. ഇതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്.

താനും പ്രഭാസും പ്രണയത്തിലാണെന്നും വിവാഹം കഴിക്കുമെന്നുമൊക്കെയുള്ള വാര്‍ത്തകളെ പലവട്ടം അനുഷ്‌ക തന്നെ നിഷേധിച്ചിട്ടുണ്ട്. പിന്നീട് അനുഷ്‌കയുടെ പേരിനൊപ്പം കേട്ട മറ്റൊരു പേര് സംവിധായകന്‍ പ്രകാശ് കൊവേലമുടിയുടെ പേരിനൊപ്പമായിരുന്നു. ഇരുവരും വിവാഹം കഴിക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. ജഡ്ജ്‌മെന്റല്‍ ഹേ ക്യാ എന്ന സിനിമയുടെ സംവിധായകനാണ് പ്രകാശ്.
തന്റെ സിനിമയായ നിശബ്ദത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ക്കിടെ ഈ വാര്‍ത്തകളെക്കുറിച്ചും അനുഷ്‌ക പ്രതികരിക്കുകയുണ്ടായി. ''എനിക്കറിയില്ല ഈ ഗോസിപ്പുകള്‍ വരുന്നത് എവിടെ നിന്നുമാണെന്ന്. എന്നെ അടുത്തറിയുന്നവര്‍ക്ക് ഞാന്‍ ആരെന്നറിയാം. ഗോസിപ്പുകള്‍ക്ക് പ്രാധാന്യം നല്‍കുന്നയാളല്ല ഞാന്‍ പക്ഷെ ഈ വാര്‍ത്തകള്‍ എന്റെ കുടുംബത്തെ ബാധിക്കുന്നുണ്ട്'' എന്നായിരുന്നു താരം പറഞ്ഞത്.
പിന്നീടും അനുഷ്‌കയുടെ പേര് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു. പിന്നെ താരത്തെക്കുറിച്ച് വന്ന ഗോസിപ്പുകള്‍ പറഞ്ഞത് അനുഷ്‌ക ഒരു ക്രിക്കറ്റ് താരത്തെ വിവാഹം കഴിക്കാന്‍ തയ്യാറെടുക്കുന്നുവെന്നായിരുന്നു. എന്നാല്‍ താന്‍ തന്റെ വിവാഹ കാര്യം തന്റെ മാതാപിതാക്കള്‍ക്ക് വിട്ടു നല്‍കിയിരിക്കുകയാണെന്നും അതൊരു അറേഞ്ച്ഡ് വിവാഹമായിരിക്കുമെന്നുമായിരുന്നു ഇത്തവണ അനുഷ്‌കയുടെ പ്രതികരണം.
അതേസമയം സിനിമയില്‍ പതിനേഴ് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് അനുഷ്‌ക ഷെട്ടി. 2020 ല്‍ പുറത്തിറങ്ങിയ നിശബ്ദം ആണ് അനുഷ്‌കയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. താരത്തെ വീണ്ടും ബിഗ് സ്‌ക്രീനില്‍ കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍. നവീന്‍ പോളിഷെട്ടിയ്‌ക്കൊപ്പം അഭിനയിക്കുന്ന പേരിടാത്ത സിനിമയാണ് ഇപ്പോള്‍ അണിയറയിലുളളത്.


Click it and Unblock the Notifications