'നിങ്ങളുടെ ഹൃദയം തകര്‍ത്തതില്‍ ക്ഷമ ചോദിക്കുന്നു...'; വിവാഹവാർത്തയിൽ പ്രതികരിച്ച് നടി മൃണാൽ താക്കൂർ
തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള നടിയാണ് മൃണാൽ താക്കൂർ. ദുൽഖർ സൽമാൻ നായകനായ സീതാ രാമം എന്ന ചിത്രത്തിലൂടെയാണ് മൃണാൽ തെന്നിന്ത്യൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുന്നത്. മലയാളത്തിലടക്കം നിരവധി ആരാധകരുണ്ട് താരത്തിന്. ടെലിവിഷനിലൂടെയാണ് മൃണാൽ താക്കൂർ കരിയർ ആരംഭിക്കുന്നത്. 2012ൽ മുജ്‌സെ കുച്ച് കെഹ്തി യേ ഖമോഷിയാൻ എന്ന സീരിയലിലൂടെ ആയിരുന്നു അരങ്ങേറ്റം. പിന്നീട് മറാത്തി ചിത്രങ്ങളിലൂടെയാണ് സിനിമയിലേക്കുള്ള എൻട്രി.
എന്നാൽ 2018ൽ ലവ് സോണിയ എന്ന ഹിന്ദി ചിത്രത്തിൽ അഭിനയിച്ചതോടെയാണ് കൂടുതൽ അവസരങ്ങൾ മൃണാലിനെ തേടി എത്തുന്നത്. പിന്നീട് ബട്‌ല ഹൗസ്, സൂപ്പർ 30, തൂഫാൻ എന്നിങ്ങനെ ഒരുപിടി സിനിമകളിൽ നടി അഭിനയിച്ചു. അതിനു ശേഷമാണ് സീത രാമത്തിലൂടെ തെലുങ്കിലേക്കും മൃണാൽ എത്തുന്നത്. ചിത്രത്തിലൂടെ പാൻ ഇന്ത്യൻ തലത്തിൽ അറിയപ്പെടുന്ന നായികയായി മൃണാൾ മാറി. ഇന്ന് ബോളിവുഡിലും ടോളിവുഡിലും ഒരുപോലെ അവസരങ്ങളുണ്ട് താരത്തിന്. കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് താരം.

അതിനിടെ മൃണാൽ വിവാഹം കഴിക്കാൻ ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഒരു തെലുങ്ക് നടനുമായി മൃണാലിന്റെ വിവാഹം അടുത്തുതന്നെ ഉണ്ടാകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ ഈ വാർത്തയിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മൃണാൽ താക്കൂർ. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലൂടെ വിവാഹത്തെ കുറിച്ചുള്ള എല്ലാ അഭ്യൂഹങ്ങളും നടി തള്ളിക്കളഞ്ഞു.
'നിങ്ങളുടെ ഹൃദയം തകര്‍ത്തതില്‍ ക്ഷമ ചോദിക്കുന്നു. എന്റെ സ്‌റ്റൈലിസ്റ്റ്, ഡിസൈനര്‍, സുഹൃത്തുക്കള്‍, ബന്ധുക്കള്‍ തുടങ്ങിയവരെല്ലാം കഴിഞ്ഞ ഒരു മണിക്കൂറായി എന്റെ ഫോണിലേക്ക് വിളിച്ചുകൊണ്ടിരിക്കുകയാണ്. ഞാന്‍ ഏതോ തെലുങ്ക് താരത്തെ വിവാഹം ചെയ്യാന്‍ പോകുന്നു എന്ന് കരുതിയാണ് വിളിക്കുന്നത്. ആരാണ് ആ തെലുങ്ക് താരം എന്ന് എനിക്ക് അറിയേണ്ടതുണ്ട്. അതാദ്യം നിങ്ങള്‍ പറഞ്ഞുതരൂ', ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ച വീഡിയോയില്‍ മൃണാൽ പറഞ്ഞു.

ഈ അഭ്യൂഹം കേട്ട് തനിക്ക് ചിരി നിര്‍ത്താന്‍ പറ്റുന്നില്ലെന്നും ഇനി വിവാഹത്തിന്റെ വേദിയും ലൊക്കേഷനുമെല്ലാം അയച്ചുതരൂ എന്നും മൃണാൽ വീഡിയോയില്‍ പറയുന്നുണ്ട്. അടുത്തിടെ നടന്ന ഒരു പുരസ്‌കാര ചടങ്ങിന് ശേഷമാണ് മൃണാലിന്റെ വിവാഹത്തെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. മൃണാലിന് പുരസ്‌കാരം നല്‍കിയശേഷം നിര്‍മാതാവ് അല്ലു അരവിന്ദ് പറഞ്ഞ വാക്കുകളാണ് ഇതിന്റെയെല്ലാം തുടക്കം. മൃണാല്‍ ഒരു ഭര്‍ത്താവിനെ കണ്ടെത്തി ഹൈദരാബാദില്‍ സ്ഥിരതാമസമാക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നായിരുന്നു അല്ലു അരവിന്ദിന്റെ വാക്കുകള്‍.
അതേസമയം ആംക് മിച്ചോലി എന്ന സിനിമയിലും ലസ്റ്റ് സ്റ്റോറീസിന്റെ രണ്ടാം ഭാഗത്തിലുമാണ് മൃണാൽ അവസാനമായി അഭിനയിച്ചത്. നാനി നായകനായെത്തുന്ന ഹായ് നന്ന, ഇഷാൻ കാട്ടർ നായകനാകുന്ന പിപ്പ, ഫാമിലി സ്റ്റാർ, പൂജ മേരി ജാൻ തുടങ്ങിയ ചിത്രങ്ങളാണ് മൃണാലിന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്.


Click it and Unblock the Notifications