നാഗചൈതന്യയും ശോഭിതയും ഡേറ്റിങ്ങിൽ തന്നെ! തെളിവായി നടന്റെ പഴയ പോസ്റ്റ് കുത്തിപൊക്കി ആരാധകർ
തെന്നിന്ത്യൻ പ്രേക്ഷകർക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ടതില്ലാത്ത നടന്മാരിൽ ഒരാളാണ് അക്കിനേനി നാഗ ചൈതന്യ. തെലുങ്കിലെ ഏറ്റവും വലിയ സിനിമാ കുടുംബത്തിൽ നിന്നുള്ള നടൻ വെള്ളിത്തിരയിൽ എത്തിയിട്ട് 14 വർഷങ്ങൾ പൂർത്തിയായിരിക്കുകയാണ്. 2009 സെപ്റ്റംബർ അഞ്ചിന് റിലീസ് ചെയ്ത ജോഷ് എന്ന സിനിമയിലൂടെയാണ് നാഗ ചൈതന്യ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഇന്ന് ബോളിവുഡിൽ അടക്കം സാന്നിധ്യം അറിയിച്ചിരിക്കുകയാണ് നടൻ.
കരിയർ പോലെ തന്നെ നാഗ ചൈതന്യയുടെ ഓഫ് സ്ക്രീൻ ജീവിതവും ആരാധകർക്കിടയിൽ എന്നും ചർച്ചയാണ്. നടി സാമന്തയുമായുള്ള പ്രണയവും വിവാഹവും വിവാഹമോചനവുമെല്ലാം വാർത്തകളിൽ നിറഞ്ഞിട്ടുള്ളതാണ്. കഴിഞ്ഞ കുറച്ചു നാളുകളായി നടി ശോഭിത ധൂലിപാലയുമായി നടൻ പ്രണയത്തിലാണെന്ന ഗോസിപ്പുകളാണ് പ്രചരിക്കുന്നത്. എന്നാൽ ഈ അഭ്യൂഹങ്ങളോട് പ്രതികരിക്കാൻ നാഗ ചൈതന്യ ഇതുവരെ തയ്യാറായിട്ടില്ല.

രണ്ടു പേരും യഥാർത്ഥത്തിൽ പ്രണയത്തിൽ തന്നെയാണോ എന്ന സംശയത്തിലാണ് ആരാധകർ ഇപ്പോഴും. ഇടയ്ക്കിടയ്ക്ക് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പ്രചരിച്ചത് അഭ്യൂഹങ്ങൾ ശക്തിപെടുത്തിയിരുന്നു. ലണ്ടനിൽ അവധി ആഘോഷിക്കുന്നതും. റെസ്റ്റോറന്റിൽ ഡിന്നർ കഴിക്കുന്നതുമായുള്ള ചിത്രങ്ങളാണ് പുറത്തു വന്നത്. ഇതെല്ലാം വൈറലായതോടെ ഇരുവരും പ്രണയത്തിലാണെന്ന് ഒരു കൂട്ടം ആരാധകർ ഉറപ്പിച്ചിരുന്നു.
ശോഭിതയും നാഗ ചൈതന്യയും പങ്കുവച്ച ചിത്രങ്ങൾ ചൂണ്ടിക്കാട്ടി ഇരുവരും പ്രണയത്തിലാണെന്ന് വീണ്ടും ഉറപ്പിക്കുകയാണ് ആരാധകർ ഇപ്പോൾ. മുൻപൊരിക്കൽ മാത്യു മക്കോനാഗെയുടെ ഗ്രീൻലൈറ്റ്സ് എന്നൊരു പുസ്തകത്തിന്റെ ചിത്രം നാഗചൈതന്യ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ അതേ പുസ്തകം കയ്യിൽ പിടിച്ചു നിൽക്കുന്ന ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ശോഭിത. ഇത് വെറും കോയിൻസിഡൻസ് ആകില്ലെന്നാണ് ആരാധകർ പറയുന്നത്.
"ജീവിതത്തിലേക്കുള്ള ഒരു പ്രണയലേഖനം.. നിങ്ങളുടെ യാത്ര ഞങ്ങളുമായി പങ്കിട്ടതിന് വളരെയധികം നന്ദി മാത്യു മക്കോനാഗെ... ഇത് എനിക്ക് ഗ്രീൻ ലൈറ്റ് നൽകി... ബഹുമാനം സർ" എന്ന് കുറിച്ചുകൊണ്ട് ഒന്നരവർഷം മുൻപാണ് നാഗ ചൈതന്യ ബുക്കിന്റെ ചിത്രം പങ്കുവച്ചത്. രണ്ടു ദിവസം മുൻപാണ് ശോഭിതയും ഇതേ പുസ്തകത്തിന്റെ ചിത്രം പങ്കുവച്ചത്.
"കഴിഞ്ഞ കുറച്ച് മാസങ്ങളായി ഞാൻ വായിച്ച ഏറ്റവും മികച്ച പുസ്തകം. എന്തൊരു അവിശ്വസനീയമായ ജീവിതകഥ. ശരിക്കും ഒരു പാട്ട് പോലെ. ഒരു വലിയ ചിരിയും സ്വാതന്ത്ര്യത്തിന്റെ രുചിയും പോലെ," എന്നായിരുന്നു ശോഭിതയുടെ കുറിപ്പ്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തുന്നത്. നാഗ ചൈതന്യ വായിക്കാൻ നിർദേശിച്ച പുസ്തകമാണോ? അതോ ഗിഫ്റ്റായി നൽകിയ പുസ്തകമാണോ? എന്നൊക്കെയാണ് ചോദ്യങ്ങൾ. എന്നാൽ ഇതിനോടൊന്നും പ്രതികരിക്കാൻ ശോഭിത തയ്യാറായിട്ടില്ല.

2021 ഒക്ടോബര്‍ രണ്ടിനാണ് സാമന്തയും നാഗ ചൈതന്യയും തങ്ങൾ പിരിയുകയാണെന്ന് ആരാധകരെ അറിയിച്ചത്. 2017 ൽ വിവാഹിതരായ ഇരുവരും നാലാം വിവാഹവാർഷികം ആഘോഷിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഇക്കാര്യം പങ്കുവച്ചത്. ആരാധകരെ എല്ലാം ഞെട്ടിച്ച ഒരു വേർപിരിയൽ ആയിരുന്നു ഇവരുടേത്. വിവാഹമോചനത്തിന് ശേഷം രണ്ടുപേരും കരിയറിലെ തിരക്കുകളിലേക്ക് നീങ്ങി. അതിനിടയിലാണ് നാഗ ചൈതന്യ ശോഭിതയുമായി പ്രണയത്തിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്.
മൂത്തോൻ, കുറുപ്പ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിതയായ നടിയാണ് ശോഭിത. പിന്നിൽ സെൽവനാണ് ഏറ്റവും അവസാനം ശോഭിതയുടേതായി റിലീസ് ചെയ്ത സിനിമ. അവസാന ചിത്രങ്ങളായ മേജറിന്റെയും പൊന്നിയിൻ സെൽവന്റെയും പ്രമോഷന്റെ ഭാഗമായി പോയപ്പോൾ ശോഭിത ധൂലിപാല താമസിച്ചിരുന്ന ഹോട്ടലിൽ നാഗ ചൈതന്യയെ ഒന്നിലധികം തവണ കണ്ടിരുന്നതായുള്ള റിപ്പോർട്ടുകളും പ്രചരിച്ചിരുന്നു. എങ്കിലും ഇക്കാര്യത്തിൽ ഒരു പ്രതികരണത്തിന് ഇരുവരും തയ്യാറായിട്ടില്ല.


Click it and Unblock the Notifications