'എന്റെ വിവാഹം തിരുപ്പതിയിൽവച്ച്'; കൃതിയെ ഒപ്പം നിർത്തി പ്രഭാസിന്റെ പ്രഖ്യാപനം; വീഡിയോ വൈറൽ!
തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടനാണ് പ്രഭാസ്. ലോകമെമ്പാടും അറിയപ്പെടുന്ന താരങ്ങളിൽ ഒരാളാണ് നടൻ. രാജമൗലി സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് സിനിമയായ ബഹുബലിയാണ് പ്രഭാസിന്റെ കരിയറിൽ വഴിത്തിരിവായത്. സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴും നടൻ അവിവാഹിതനായി തുടരുന്നതിലുള്ള നിരാശ ആരാധകർക്കുണ്ട്. 43കാരനായ താരത്തിന്റെ വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
പ്രഭാസ് പ്രണയത്തിലാണെന്നും വിവാഹം കഴിക്കാൻ പോകുന്നു എന്നുമുള്ള ഗോസിപ്പുകൾ മുൻപ് വന്നിട്ടുണ്ട്. നടി അനുഷ്ക ഷെട്ടിയുമായി ചേർത്ത് വന്ന ഗോസിപ്പ് ആയിരുന്നു ഇതിൽ ഏറെക്കാലം നീണ്ടു നിന്നത്. എന്നാൽ തങ്ങൾ പ്രണയത്തിലല്ലെന്നും സുഹൃത്തുക്കൾ മാത്രമാണെന്നും പ്രഭാസും അനുഷ്കയും വ്യക്തമാക്കി. അനുഷ്കയ്ക്ക് ശേഷം പ്രഭാസിനൊപ്പം ചേർത്ത് വന്ന മറ്റൊരു പേരാണ് നടി കൃതി സനോണിന്റേത്. പ്രഭാസിന്റെ പുറത്തിറങ്ങാനിരിക്കുന്ന ആദിപുരുഷ് എന്ന സിനിമയിൽ പ്രഭാസിന്റെ നായികയാണ് കൃതി സനോൺ.

ഇന്ത്യന്‍ സിനിമാ ലോകം ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് ആദിപുരുഷ്. അതിൽ കേന്ദ്രകഥാപാത്രമായ ശ്രീരാമനെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. സീത ആയാണ് കൃതി എത്തുക. ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് ഇവർ പ്രണയത്തിലായി എന്നായിരുന്നു അഭ്യൂഹങ്ങൾ. മാലിദ്വീപിൽ വച്ച് വിവാഹിതരാകാൻ പോകുന്നതായുള്ള റിപ്പോർട്ടുകളും വന്നിരുന്നു. ഇപ്പോഴിതാ ആദിപുരുഷ് ട്രെയിലര്‍ ലോഞ്ചിനിടെ പ്രഭാസ് തന്റെ വിവാഹത്തെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തൽ ശ്രദ്ധനേടുകയാണ്.
തന്റെ വിവാഹം നടക്കാന്‍ പോകുന്നത് തിരുപ്പതി തിരുമല ക്ഷേത്രത്തിലായിരിക്കും എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് നടൻ. കൃതി സനോണിന്റെ സാന്നിധ്യത്തിലായിരുന്നു പ്രഭാസ് ഇക്കാര്യം പറഞ്ഞത്. വിവാഹവേദി വെളിപ്പെടുത്തിയെങ്കിലും ആരെയാണ് വിവാഹം ചെയ്യാന്‍ പോകുന്നതെന്ന് പ്രഭാസ് പറഞ്ഞില്ല. വിവാഹം എപ്പോഴാണ് എന്ന് വേദിയിൽ നിന്നുയർന്ന ആരാധകരുടെ ചോദ്യത്തിന് മറുപടിയായാണ് പ്രഭാസ് പ്രതികരിച്ചത്. പ്രഭാസിന്റെ മറുപടി ഇപ്പോൾ സോഷ്യൽ മീഡിയയിലടക്കം ചർച്ചയാണ്.
അതേസമയം ആദിപുരുഷിന്റെ പ്രഖ്യാപനം മുതൽ തന്നെ പ്രഭാസും കൃതി സനോണും പ്രണയത്തിലാണ് എന്ന തരത്തിലുള്ള പ്രചരണം ശക്തമായിരുന്നു. എന്നാല്‍ കേള്‍ക്കുന്നതിലൊന്നും സത്യമില്ലെന്നാണ് കൃതി സനോൺ പ്രതികരിച്ചത്. ട്രെയിലർ ലോഞ്ച് വേദിയില്‍ പ്രഭാസിനെ കുറിച്ച് നടി വാതോരാതെ സംസാരിക്കുകയും ചെയ്തു.
പ്രഭാസ് ആരോടും അധികം സംസാരിക്കുന്ന ആളല്ല എന്നാണ് താന്‍ കേട്ടിരുന്നത് എന്നാല്‍, അത് വാസ്തവമല്ല. അദ്ദേഹം ഒരുപാട് സംസാരിക്കുന്നയാളാണ്. പ്രഭാസ് ഏറെ സ്നേഹത്തോടെയും കരുതലോടയുമാണ് തന്നോട് പെരുമാറിയത്. അദ്ദേഹത്തിന്‍റെ മാന്യത അദ്ദേഹത്തിന്‍റെ കണ്ണുകളില്‍ പ്രതിഫലിക്കാറുണ്ട്. ശ്രീരാമന്റെ വേഷം ചെയ്യാന്‍ ഇതിലും യോഗ്യനായ ആളെ തനിക്ക് അറിയില്ലെന്നായിരുന്നു കൃതിയുടെ വാക്കുകൾ.

ആദിപുരുഷിലെ തന്റെ കഥാപാത്രത്തെ കുറിച്ചും നടൻ ട്രെയിലർ ലോഞ്ചിൽ സംസാരിച്ചിരുന്നു. എല്ലാ കഥാപാത്രങ്ങള്‍ക്കും അതിന്‍റെതായ ബുദ്ധിമുട്ടുകളും ചലഞ്ചുകളുമുണ്ട്. പക്ഷെ ഇതുപോലെ ഒരു കഥാപാത്രം അവതരിപ്പിക്കാന്‍ സാധിക്കുന്നത് അങ്ങേയറ്റം അഭിമാനകരമാണെന്നാണ് പ്രഭാസ് പറഞ്ഞത്. ഇതിഹാസപരമായ ഈ കഥാപാത്രം ചെയ്യാന്‍ കഴിഞ്ഞതില്‍ താന്‍ ആവേശഭരിതനാണെന്നും പ്രഭാസ് പറഞ്ഞു.
വർഷത്തിൽ രണ്ടു ചിത്രങ്ങളെങ്കിലും ചെയ്യണമെന്നാണ് താൻ തീരുമാനിച്ചിരിക്കുന്നതെന്നും പ്രഭാസ് വെളിപ്പെടുത്തി. അധികം സംസാരിക്കാതെ ചെയ്യുന്ന പ്രവർത്തികളിൽ കൂടുതൽ ശ്രദ്ധിക്കുക എന്നതിലാണ് താൻ വിശ്വസിക്കുന്നത്. ഇപ്പോൾ കൂടുതൽ ചിത്രങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്, ഓരോ വർഷവും രണ്ടിൽ കൂടുതൽ ചിത്രങ്ങൾ റിലീസിനെത്തും. സംസാരം കുറച്ച് സിനിമകളിൽ കൂടുതൽ ശ്രദ്ധിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് പ്രഭാസ് വ്യക്തമാക്കി. ജൂൺ 16ന് ആണ് ആദിപുരുഷ് തിയേറ്ററുകളിൽ എത്തുക. ത്രിഡിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.


Click it and Unblock the Notifications