പുഷ്പ 2വിൽ ശ്രീവല്ലിയ്ക്ക് മാറ്റങ്ങളുണ്ട്; അല്ലു അർജുൻ സാറിന്റെ നിർബന്ധമായിരുന്നു അത്!: രശ്‌മിക മന്ദാന
തെന്നിന്ത്യൻ സിനിമ പ്രേക്ഷകർ ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2. അല്ലു അർജുൻ നായകനായ ചിത്രത്തിന്റെ ഒന്നാം ഭാഗത്തിന് വൻ വരവേൽപ്പായിരുന്നു ലഭിച്ചത്. അല്ലു അർജുന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നു പുഷ്പയിലേത്. വാണിജ്യപരമായും വലിയ വിജയമായ സിനിമ തെലുങ്കിന് പുറമെ ഹിന്ദി, തമിഴ്, മലയാളം ഭാഷകളിലും ശ്രദ്ധിക്കപ്പെട്ടിരുന്നു.
അല്ലു അർജുന് പുറമെ രശ്‌മിക മന്ദാന, ഫഹദ് ഫാസിൽ എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. വില്ലൻ വേഷത്തിലാണ് ഫഹദ് എത്തിയത്. അല്ലു അർജുൻ അവതരിപ്പിച്ച പുഷ്പയുടെ കാമുകി ശ്രീവല്ലി ആയിട്ടാണ് രശ്മിക എത്തിയത്. ഇതിന് പുറമെ സമാന്തയുടെ ഡാൻസ് നമ്പറും സിനിമ ആഘോഷിക്കപ്പെടാൻ കാരണമായി.
ശ്രീവല്ലി എന്ന വേഷം രശ്മികയുടെ കരിയറിലും വലിയ വഴിത്തിരിവായി മാറിയിരുന്നു. ബോളിവുഡിൽ നിന്നടക്കം നിരവധി അവസരങ്ങളാണ് രശ്‌മികയ്ക്ക് ലഭിച്ചത്. ഇപ്പോൾ മൂന്നിലധികം ബോളിവുഡ് സിനിമകളിലാണ് രശ്മിക അഭിനയിച്ചത്. എന്നിരുന്നാലും പുഷ്പയുടെ രണ്ടാം ഭാഗത്തിൽ രശ്‌മിക വരുന്നത് കാത്തിരിക്കുകയാണ് ആരാധകർ.

ഈ വർഷം അവസാനം റിലീസിനെത്തുന്ന ചിത്രത്തിൽ നിന്ന് രശ്‌മികയുടെ കഥാപാത്രം ശ്രീവല്ലിയുടെ ചില ഭാഗങ്ങൾ വെട്ടി നീക്കി എന്നടക്കമുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്നിരുന്നു. അതിനിടെ ചിത്രത്തിൽ അഭിനയിച്ചപ്പോഴുള്ള തന്റെ അനുഭവങ്ങളും ഓർമ്മകളും പങ്കുവയ്ക്കുകയാണ് രശ്മിക മന്ദാന ഇപ്പോൾ.
പുഷ്പയുടെ രണ്ടാം ഭാഗത്തിനായി താൻ കാത്തിരിക്കുകയാണെന്നും രണ്ടാം ഭാഗത്തിൽ തന്റെ കഥാപാത്രത്തിന്റെ സ്വഭാവത്തിലോക്കെ ചില മാറ്റങ്ങളുണ്ടെന്നും രശ്മിക പറയുന്നു. ഒന്നാം ഭാഗത്തിലെ സാമി സാമി എന്ന പാട്ടിനെക്കുറിച്ചും രശ്മിക സംസാരിക്കുന്നുണ്ട്. പ്രേമ ദി ജേർണലിസ്റ്റ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. രശ്‌മികയുടെ വാക്കുകൾ വിശദമായി വായിക്കാം തുടർന്ന്.
പുഷ്പക്ക് വേണ്ടി മാക്സിമം ഞാൻ ഹാർഡ് വർക്ക് ചെയ്തിട്ടുണ്ട്. പുഷ്പയുടെ രണ്ടാം ഭാഗത്തിനായി ഞാനും കാത്തിരിക്കുകയാണ്. കാരണം ശ്രീവല്ലി എന്ന എന്റെ കഥാപാത്രത്തിന് അതിൽ ചില മാറ്റങ്ങളുണ്ട്. ക്യാരക്ടറിന്റെ സ്വഭാവത്തിന് എല്ലാം നല്ല മാറ്റമുണ്ട്. പുഷ്പയുടെ ഒന്നാം ഭാഗത്തിൽ എന്റെ കഥാപാത്രത്തെക്കുറിച്ച് ഞാൻ മനസിലാക്കിയിട്ടെ ഉണ്ടായിരുന്നുള്ളു. എന്നാൽ രണ്ടാം ഭാഗത്തിലാണ് എനിക്ക് ശരിക്കും ചെയ്യാനുള്ളതെന്ന് രശ്‌മിക പറയുന്നു.
സാമി സാമി എന്ന പാട്ട് ഷൂട്ട് ചെയ്യുമ്പോൾ പോലും ഞാൻ ഇത്രയധികം ടേക്ക് എടുത്തിട്ടുണ്ടാവില്ല. സിനിമയ്ക്ക് വേണ്ടി ആ സ്റ്റെപ്പ് ചെയ്തതിലും കൂടുതൽ ഞാൻ പുറത്താണ് ഡാൻസ് കളിച്ചിട്ടുള്ളത്. എല്ലാവരും ചോദിക്കുന്നത് ആ ഡാൻസിനെ പറ്റിയാണ്.
ക്ലാസിക്കൽ ഡാൻസാണ് എനിക്ക് കൂടുതൽ ഇഷ്ടം. ഇതുവരെ ചെയ്യാത്ത എന്തെങ്കിലും ആയിരിക്കണം പുഷ്പയിൽ വേണ്ടതെന്ന് അല്ലു അർജുൻ സാറിന് നിർബന്ധമുണ്ടായിരുന്നു. സാമി സാമി എന്ന പാട്ടിൽ ഡാൻസിന് അല്ല പ്രാധാന്യം അതിലെ എക്സ്പ്രഷനുകൾക്ക് ആയിരുന്നുവെന്ന് നടി പറഞ്ഞു.

ആ സമയത്ത് സാറിന് ഷൂട്ട് ഇല്ലെങ്കിലും അദ്ദേഹം സെറ്റിൽ വരുമായിരുന്നു. എനിക്ക് അതെല്ലാം പറഞ്ഞ് തരാൻ വേണ്ടിയാണ് അദ്ദേഹം വന്നിരുന്നത്. മോണിറ്ററിന്റെ മുന്നിൽ ഇരുന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എല്ലാം പറഞ്ഞു തരുമായിരുന്നു എന്നും രശ്‌മിക പറഞ്ഞു.
അവർ എന്നെ വെച്ച് ഓരോന്ന് പ്ലാൻ ചെയ്യുന്നുണ്ടായിരുന്നു. ഞാൻ അതിന്റെ ഭാഗമായിട്ട് നിന്ന് കൊടുത്തതാണ്. തിയേറ്ററിൽ സിനിമ കണ്ടപ്പോഴാണ് എനിക്ക് പല കാര്യങ്ങളും മനസിലായത്. അവർ പറയുന്നത് പോലെ ഞാൻ അഭിനയിക്കുക മാത്രമാണ് ചെയ്തതെന്നും രശ്‌മിക പറഞ്ഞു.


Click it and Unblock the Notifications