പിന്നാലെ സൂപ്പര്‍താരങ്ങള്‍, ഒരേസമയം 10 സിനിമ; എല്ലാം നഷ്ടപ്പെട്ട് ശ്രീലീല; പൂജയ്ക്ക് സംഭവിച്ചത് ശ്രീയ്ക്കും!
സിനിമാ ലോകത്ത് കയറ്റങ്ങളും ഇറക്കങ്ങളും ഒരുപോലെ പതിവാണ്. ഇന്ന് വലിയ താരമായിരിക്കുന്നവര്‍ നാളെ ആരും ഓര്‍ക്കാത്ത പേരായി മാറിയേക്കാം. ഇന്നലെ വരെ ആരും അറിയാതിരുന്നയാള്‍ ഇന്നൊരു ദിവസം കൊണ്ട് വലിയ താരമായി മാറുകയും ചെയ്യാം. എത്ര വലിയ താരമായിരുന്നാലും തുടര്‍ പരാജയങ്ങളും വര്‍ഷങ്ങളുടെ വിജയ വരള്‍ച്ചയുമൊക്കെ സംഭവിക്കാം. ചിലര്‍ക്ക് തിരിച്ചു വരാന്‍ സാധിക്കും പക്ഷെ ചിലര്‍ അതോടെ അവസാനിക്കുകയും ചെയ്യും.
ജയ പരാജയങ്ങളുടെ ഈ കയറ്റിറക്കങ്ങള്‍ നേരിടാതെയോ അതിജീവിക്കാതെയോ ഒരു താരവും ഇവിടെ ഉണ്ടായിട്ടില്ല. മലയാള സിനിമയിലെ ഏറ്റവും വലിയ താരങ്ങളായി മമ്മൂട്ടിയും മോഹന്‍ലാലും മുതല്‍ ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും അഭിമാത് ബച്ചനുമൊക്കെ ഇങ്ങനെ കരിയറില്‍ പല പ്രതിസന്ധികളിലൂടെ കടന്നു പോയവര്‍. സമാനമാണ് നടിമാരുടെ കാര്യവും.

എന്നാല്‍ നടിമാരെ സംബന്ധിച്ച് തുടര്‍ പരാജയങ്ങളില്‍ നിന്നും തിരികെ വരിക എന്നത് താരതമ്യേനെ വലിയ പ്രതിസന്ധിയാണ്. നടിമാര്‍ക്ക് പൊതുവെ ആയുസ് കുറവാണെന്നാണ് കരുതപ്പെടാറുള്ളത്. അതുകൊണ്ട് തന്നെ തുടര്‍ പരാജയങ്ങളില്‍ നിന്നോ ഇടവേളയില്‍ നിന്നോ തിരികെ വരാന്‍ സാധിച്ച നടിമാര്‍ വളരെ കുറവാണ്. ഭാഗ്യ നായികയില്‍ നിന്നും ഭാഗ്യക്കേടായി മാറിയവര്‍ നിരവധിയുണ്ട് സിനിമാ ലോകത്ത്. ഇപ്പോഴിതാ യുവനടി ശ്രീലീലയും സമാനമായൊരു അവസ്ഥ നേരിടുകയാണ്.
തെലുങ്ക് സിനിമയിലെ സെന്‍സേഷനായിരുന്നു ശ്രീലീല. തന്റെ അടിപൊളി ഡാന്‍സും പ്രകടനവുമൊക്കെയായി കഴിഞ്ഞ രണ്ട് വര്‍ഷക്കാലം തെലുങ്ക് സിനിമയില്‍ വലിയ ഓളം സൃഷ്ടിച്ച നടിയാണ് ശ്രീലീല. ഇതോടെ എല്ലാവര്‍ക്കും ശ്രീലീലുടെ ഡേറ്റ് വേണമെന്നായി. തുടര്‍ച്ചയായി അഭിനയിച്ച സിനിമകള്‍ വിജയിക്കുകയും ശ്രീലീലയുടെ ഡാന്‍സിന് ആരാധകരെ ലഭിക്കുകയും ചെയ്തതോടെ ശ്രീലീല തെലുങ്കിലെ ഭാഗ്യ നായികയായി മാറുകയായിരുന്നു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരേ സമയം പത്ത് സിനിമകളിലാണ് ശ്രീലീല കരാര്‍ ഒപ്പിട്ടത്. ഇതില്‍ ബാലകൃഷ്ണയും മഹേഷ് ബാബുവും പവന്‍ കല്യാണും ചിരഞ്ജീവിയുമടക്കമുള്ള സൂപ്പര്‍ താരങ്ങളുടെ സിനിമകളും യുവതാരങ്ങളുടെ സിനിമകളുമെല്ലാമുണ്ടായിരുന്നു. കന്നഡ സ്വദേശിയായ ശ്രീലീലയെ തെലുങ്ക് സിനിമയിലെ ഏറ്റവും തിരക്കുള്ള നായികയായി മാറിയത് വളരെ പെട്ടെന്നായിരുന്നു. എന്നാല്‍ ആ വിജയക്കുതിപ്പിന് അധികം ആയുസുണ്ടായിരുന്നില്ല.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ശ്രീലീലയ്ക്ക് ഇപ്പോള്‍ പുതിയ സിനിമകളൊന്നുമില്ല. അഭിനയിക്കാനിരുന്ന പല സിനിമകളില്‍ നിന്നും ശ്രീലീലയെ മാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിജയ് ദേവരക്കൊണ്ട ചിത്രത്തില്‍ ശ്രീലീലയ്ക്ക് പകരം ആനിമല്‍ ഫെയിം തൃപ്തി ദിമ്രിയെ കാസ്റ്റ് ചെയ്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിരഞ്ജീവിയുടെ സിനിമ ക്യാന്‍സലായി. കന്നഡ ചിത്രവും ഉപേക്ഷിക്കപ്പെട്ടു. പവന്റെ സിനിമയും അനശ്ചിതത്വത്തിലാണ്. താരത്തെ തേടി പുതിയ സിനിമകള്‍ എത്തുന്നതും നിന്നിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഇപ്പോഴുണ്ടായിരിക്കുന്ന ഈ പ്രതിസന്ധിയുടെ കാരണം തുടര്‍ച്ചയായ പരാജയങ്ങളാണ്. ശ്രീലീല അഭിനയിച്ച സിനിമകളെല്ലാം ബോക്‌സ് ഓഫീസില്‍ ഈയ്യടുത്തായി നേരിട്ടത് കന്നത പരാജയങ്ങളാണ്. ഇതോടെ ശ്രീലീലയെ നായികയാക്കുന്നതിനോട് നിര്‍മ്മാതാക്കള്‍ക്കും സൂപ്പര്‍ താരങ്ങള്‍ക്കും ആശങ്കയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രണ്ട് വര്‍ഷം മുമ്പ് സമാനമായ അവസ്ഥ നേരിട്ട നടിയായിരുന്നു പൂജ ഹെഗ്‌ഡെ.
തെലുങ്ക് സിനിമയിലെ ഭാഗ്യ നായിക എന്നായിരുന്നു പൂജയെ വിളിച്ചിരുന്നത്. എന്നാല്‍ നായികയായി എത്തിയ അഞ്ചോളം സിനിമകള്‍ ബോക്‌സ് ഓഫീസില്‍ വരിവരിയായി പൊട്ടിയതോടെ പൂജയ്ക്ക് ഭാഗ്യ നായിക എന്ന പേര് നഷ്ടമാവുകയായിരുന്നു. ബീസ്റ്റ്, രാധേശ്യാം, ആചാര്യ, സര്‍ക്കസ്, കിസി കാ ഭായ് കിസി കാ ജാന്‍ എന്നിങ്ങനെ തമിഴിലും ഹിന്ദിയിലും തെലുങ്കിലുമെല്ലാം അഭിനയിച്ച സിനിമകളൊക്കെ പരാജയങ്ങളായിരുന്നു. ഇതോടെ പൂജയെ തേടി പുതിയ ഓഫറുകള്‍ എത്തുന്നത് നിലച്ചിരിക്കുകയാണ്.

ഈ പരാജയത്തില്‍ നിന്നും ശ്രീലീലയ്ക്ക് തിരികെ വരാന്‍ സാധിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്. ശ്രീലീലയെ പോലൊരു താരത്തിന് തിരിച്ചുവരാനുള്ള പ്രായവും കഴിവുമുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. മികച്ചൊരു നര്‍ത്തകി കൂടിയായ ശ്രീലീല അധികം വൈകാതെ തന്നെ വിജയ വഴിയിലേക്ക് തിരികെയെത്തുമെന്ന് അവര്‍ കരുതുന്നു.
ഗുണ്ടൂര്‍ കാരം ആയിരുന്നു ശ്രീലീലയുടെ ഒടുവിലിറങ്ങിയ സിനിമ. മഹേഷ് ബാബു നായകനായ സിനിമ പക്ഷെ ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടു. ശ്രീലീലയുടേതായി പുറത്തിറങ്ങാനുള്ള പുതിയ സിനിമ ഉസ്താദ് ഭഗത് സിംഗ് ആണ്. പുതിയ സിനിമകളൊന്നും പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.


Click it and Unblock the Notifications











