ആ പ്രണയാഭ്യർത്ഥനയോട് ഞാൻ ഓക്കെ പറഞ്ഞു! അതിപ്പോൾ നല്ല ഓർമയെന്ന് അനുഷ്‌ക ഷെട്ടി; നയൻതാരയെ കുറിച്ചും താരം
തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് അനുഷ്‌ക ഷെട്ടി. തമിഴിലും തെലുങ്കിലും നിരവധി സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുള്ള അനുഷ്കയ്ക്ക് മലയാളത്തിലും ഒരുപാട് ആരാധകരുണ്ട്. ഇരുഭാഷകളിലേയും മുൻനിര താരങ്ങളുടെ കൂടെ അഭിനയിച്ചിട്ടുണ്ട് അനുഷ്‌ക. കരിയറിൽ തിളങ്ങുമ്പോൾ തന്നെ അനുഷ്‌കയുടെ വ്യക്തിജീവിതവും പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. നിരവധി ഗോസിപ്പുകൾ നടിയുടെ പേരിൽ വന്നിട്ടുണ്ട്.
അതിൽ ഏറ്റവും കൂടുതൽക്കാലം ഉയർന്നു കേട്ട ഗോസിപ്പ് അനുഷ്‌ക-പ്രഭാസ് പ്രണയമാണ്. പ്രഭാസിന്റെ ഏറ്റവും മികച്ച ഓൺ സ്ക്രീൻ ജോഡി ആയാണ് അനുഷ്കയെ വിശേഷിപ്പിക്കാറുള്ളത്. ഇവരുടെ കെമിസ്ട്രി ആരാധകര്‍ക്കിടയില്‍ കയ്യടി നേടിയിരുന്നു. ഇതിനുപിന്നാലെയാണ് ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ വന്നത്. എന്നാൽ അടുത്ത സുഹൃത്തുക്കൾ മാത്രമാണെന്നാണ് അനുഷ്കയും പ്രഭാസും പറഞ്ഞിട്ടുള്ളത്.

ഇപ്പോഴിതാ തന്റെ ആദ്യ ക്രഷിനെ കുറിച്ചും ആദ്യത്തെ പ്രണയാഭ്യർത്ഥനയെക്കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് അനുഷ്‌ക ഷെട്ടി. ഇതുവരെ പുറത്തുപറയാത്ത ആ കാര്യം അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് നടി തുറന്ന് പറഞ്ഞത്.
തന്നോട് ഒരാൾ ആദ്യമായി പ്രണയാഭ്യർത്ഥന നടത്തുന്നത് സ്കൂളിൽ വച്ചായിരുന്നു എന്ന് അനുഷ്ക പറയുന്നു. ആറാം ക്ലാസിൽ പഠിക്കുമ്പോൾ ആയിരുന്നു. ഒപ്പം പഠിച്ചിരുന്ന ഒരാളാണ് പ്രണയാഭ്യർത്ഥന നടത്തിയത്. അന്ന് പ്രണയം എന്താണെന്ന് അറിയില്ലെങ്കിലും താൻ ഓക്കെ പറഞ്ഞു എന്ന് അനുഷ്ക പറയുന്നു. അത് പിന്നീട് നല്ലൊരു ഓർമയായി മാറിയെന്നും അനുഷ്‌ക കൂട്ടിച്ചേർത്തു.
അഭിമുഖത്തിലെ മറ്റുചില ഭാഗങ്ങളും ശ്രദ്ധനേടുന്നുണ്ട്. ഇപ്പോഴത്തെ നായികമാരിൽ ഏറ്റവും ഇഷ്ടപ്പെട്ട നായിക ആരാണെന്ന് അനുഷ്ക പറയുന്നു. തൃഷയെയും നയൻതാരയെയും ഭൂമികയെയുമാണ് നടി ഇഷ്ടനായികമാരായി പറഞ്ഞത്. അവരുടെ അഭിനയത്തിനൊപ്പം വ്യക്തിത്വവും ഇഷ്ടമാണെന്ന് അനുഷ്‌ക വ്യക്തമാക്കി.
മറ്റൊരു രഹസ്യവും നടി വെളിപ്പെടുത്തി. താൻ ഫോൺ കാര്യമായി ഉപയോഗിക്കാറില്ലെന്നും, അതാണ് തന്റെ ഏറ്റവും വലിയ പോരായ്മയെന്നാണ് അനുഷ്‌ക പറഞ്ഞത്. നാഗാർജുനയെക്കുറിച്ച് ചോദിച്ചപ്പോൾ, അദ്ദേഹം വളരെ പോസിറ്റീവും കംഫർട്ട് ആക്കി വയ്ക്കുന്ന ആളുമാണെന്നായിരുന്നു അനുഷ്‌കയുടെ മറുപടി.
അടുത്തിടെ നല്‍കിയ മറ്റൊരു അഭിമുഖത്തിൽ തനിക്ക് പ്രണയം തോന്നിയിട്ടുള്ള താരം ആരാണെന്നും അനുഷ്‍ക വെളിപ്പെടുത്തിയിരുന്നു. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ഇപ്പോൾ ഇന്ത്യൻ ടീമിന്റെ പരിശീലകനുമായിട്ടുള്ള രാഹുൽ ദ്രാവിഡിന്റെ പേരാണ് നടി പറഞ്ഞത്. ഏറ്റവും ഇഷ്ടപ്പെട്ട ക്രിക്കറ്റ് താരം ആരെന്ന ചോദ്യത്തിന് മറുപടിയായാണ് അനുഷ്ക ഇക്കാര്യം പറഞ്ഞത്.
2005 ൽ സൂപ്പർ എന്ന ചിത്രത്തിലൂടെയാണ് അനുഷ്‌ക അരങ്ങേറ്റം കുറിക്കുന്നത്. അതിനുമുമ്പ് യോഗാ ടീച്ചറായി പ്രവർത്തിക്കുകയായിരുന്നു താരം. മുംബൈയിൽ വെച്ച് അനുഷ്‌കയെ കണ്ട പുരി ജഗന്നാഥ് തന്റെ സിനിമയിലെ നായികയായി അനുഷ്‌കയെ തീരുമാനിക്കുകയായിരുന്നു. മനസ്സില്ലാ മനസ്സോടെയും ഭയത്തോടെയുമാണ് അനുഷ്‌ക ഷെട്ടി സിനിമയിൽ പ്രവേശിച്ചത്. എന്നാൽ പിന്നീട് തെലുങ്കിലെ സൂപ്പർ താരമായി അനുഷ്‌ക മാറി.

നിലവിൽ തെന്നിന്ത്യയിലെ മുൻനിര നായികയാണ് അനുഷ്‍ക. കഴിഞ്ഞ കുറച്ചു വർഷങ്ങളായി സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്ന അനുഷ്‌ക ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. 2020 ൽ മാധവൻ നായകനായെത്തിയ നിശ്ശബ്ദം ആണ് അനുഷ്കയുടേതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ.
തെലുങ്കിൽ മിസ് ഷെട്ടി മിസിസ് പോളി ഷെട്ടി എന്ന സിനിമയാണ് അനുഷ്കയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. നവീൻ പോളി ഷെട്ടിയാണ് ചിത്രത്തിലെ നായകൻ. അതേസമയം, സുരേഷ് ഗോപി നായകനായ ഒറ്റക്കൊമ്പനിലൂടെ അനുഷ്‍ക മലയാളത്തിലേക്ക് എത്തുമെന്ന റിപ്പോർട്ടുകളും ഉണ്ട്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ നടന്നു കൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications