അമിതാഭ് ബച്ചനേക്കാൾ ഉയർന്ന പ്രതിഫലം വാങ്ങിയ ചിരഞ്ജീവി!, പഴയ മാഗസിൻ കവർ വീണ്ടും ചർച്ചയാകുമ്പോൾ
തെലുങ്കിലെ സൂപ്പർ താരങ്ങളിൽ ഒരാളാണ് ചിരഞ്ജീവി. തെലുങ്കിലെ മെഗാ സ്റ്റാർ എന്ന വിശേഷണം സ്വന്തമാക്കിയ നടനാണ് അദ്ദേഹം. കൊനിഡെല ശിവശങ്കര വരപ്രസാദ് എന്ന ചിരഞ്ജീവി 1978 ൽ പുറത്തിറങ്ങിയ പുനാദി രല്ലു എന്ന ചിത്രത്തിലൂടെയാണ് തന്റെ സിനിമാ അരങ്ങേറ്റം നടത്തുന്നത്. എന്നാൽ ആദ്യം പുറത്തിറങ്ങിയ ചിത്രം കെ.വാസു സംവിധാനം ചെയ്ത പ്രണാം ഖരീദു ആയിരുന്നു.
തുടർന്നുള്ള അഞ്ച് വർഷങ്ങളിൽ 60 ഓളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചെങ്കിലും ഒന്നിലും പ്രധാന വേഷങ്ങൾ ലഭിച്ചില്ല. പിന്നീട് വന്ന ഖൈദി എന്ന ചിത്രം ചിരഞ്ജീവിയുടെ അഭിനയ ജീവിതത്തിൽ നാഴികക്കല്ലായി. തുടർന്ന് 1988 ൽ കെ. എസ് രാമറാവുവിന്റെ മറന്ന മൃദംഗം എന്ന സിനിമയോടെ തെലുങ്കിന്റെ മെഗാ സ്റ്റാറായി ചിരഞ്ജീവി മാറുകയായിരുന്നു.

പിന്നീട് ബോളിവുഡിലേക്കും അദ്ദേഹം എത്തി തുടർന്ന് ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന നടനായി മാറുകയായിരുന്നു. ഒപ്പം തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നടനായും തെലുങ്ക് സിനിമയിലെ കിരീടം വെക്കാത്ത രാജാവായും അദ്ദേഹം മാറി. സിനിമ സ്വപ്‌നം കാണുന്നവർക്കെല്ലാം പ്രചോദനമാകുന്നത് കൂടിയാണ് ചിരഞ്ജീവിയുടെ സിനിമാ ജീവിതം.
ഇന്ന് തന്റെ 67-ാം ജന്മദിനം ആഘോഷിക്കുകയാണ് ചിരഞ്ജീവി. തെന്നിന്ത്യൻ സിനിമാ ലോകത്ത് നിന്നും ബോളിവുഡിൽ നിന്നുമുൾപ്പെടെ നിരവധി താരങ്ങളാണ് തെലുങ്കിന്റെ മെഗാസ്റ്റാറിന് ആശംസകൾ നേർന്നത്. മലയാളത്തിൽ നിന്ന് മോഹൻലാലും മമ്മൂട്ടിയും ഉൾപ്പടെയുളള താരങ്ങൾ താരത്തിന് ആശംസകൾ നേർന്നിരുന്നു. ചിരഞ്ജീവിയുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്നവരാണ് രണ്ടുപേരും.
'ചിരഞ്ജീവി ഗാരുവിന് വളരെ സന്തോഷകരമായ ഒരു പിറന്നാള്‍ ആശംസിക്കുന്നു. എല്ലായ്പ്പോഴും ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കാനാവട്ടെ' എന്നായിരുന്നു മോഹൻലാൽ ആശംസകൾ നേർന്ന് സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചത്. 'ജന്മദിനാശംസകൾ പ്രിയപ്പെട്ട ഭായ്. നിങ്ങൾക്ക് എല്ലായ്പ്പോഴും നല്ല ആരോഗ്യവും സന്തോഷവും നേരുന്നു. നിങ്ങളുടെ വ്യക്തിപരവും തൊഴിൽപരവുമായ എല്ലാ ശ്രമങ്ങൾക്കും ആശംസകൾ. അനുഗ്രഹീതനായി നിലകൊള്ളൂ' എന്നായിരുന്നു ചിരഞ്ജീവിക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ച് മലയാളത്തിന്റെ മെഗാസ്റ്റാർ കുറിച്ചത്.
അതേസമയം, പിറന്നാൾ ദിനത്തിൽ ചിരഞ്ജീവിയുടെ ചിത്രമുള്ള ഒരു ഇംഗ്ലീഷ് മാസികയുടെ പഴയ കവറും സോഷ്യൽ മീഡിയയിൽ വൈറലായി. ദി വീക്ക് മാഗസിന്റെ 1992 സെപ്തംബർ 13 ലെ ലക്കത്തിന്റെ കവറാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ചിരഞ്ജീവി ഒരു ചിത്രത്തിന് 1.25 കോടി രൂപ പ്രതിഫലം വാങ്ങിയെന്ന് പറയുന്ന കവറിൽ, ബച്ചനേക്കാൾ ഉയർന്ന പ്രതിഫലമെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
90 കളിൽ പുറത്തിറങ്ങിയ ചിരഞ്ജീവിയുടെ മിക്ക സിനിമകളും ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളായിരുന്നു, 30 വർഷങ്ങൾക്ക് ശേഷവും അവ ഏറ്റവും വലിയ വിജയങ്ങളായി തുടരുകയാണ്. കൊണ്ടവീതി ദോംഗ, ജഗദേക വീരുഡു അതിലോക സുന്ദരി, കൊടമ സിംഹം, ഗ്യാങ് ലീഡർ, ആപദ്ബന്ധാവുഡു, മുത്ത മേസ്ത്രി എന്നിവയാണ് അവയിൽ ചിലതാണ്.
അതേസമയം 2019 ൽ പുറത്തിറങ്ങിയ സൈ റാ നരസിംഹ റെഡ്ഡിയിൽ അമിതാഭ് ബച്ചനൊപ്പം ചിരഞ്ജീവി അഭിനയിച്ചിട്ടുണ്ട്. ബ്രിട്ടീഷ് രാജിനെതിരെ ഒരു തെലുങ്ക് നേതാവ് നടത്തിയ പോരാട്ടത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തയ്യാറാക്കിയ ചിത്രത്തിൽ ചിരഞ്ജീവിയുടെ കഥാപാത്രത്തിന്റെ ഉപദേഷ്ടാവായാണ് ബിഗ് ബി അഭിനയിച്ചത്.
അതിനിടെ, ഒന്നിലധികം ചിത്രങ്ങളാണ് ചിരഞ്ജീവിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. മലയാളത്തിൽ ഹിറ്റായ പൃഥ്വിരാജ് - മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ലൂസിഫറിന്റെ റീമേക്കായ ഗോഡ്ഫാദർ അതിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ചിരഞ്ജീവിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ ടീസർ ഇന്നലെ പുറത്തുവിട്ടിരുന്നു. മലയാളത്തിൽ പൃഥ്വിരാജിന്റെ കഥാപാത്രം തെലുങ്കിൽ ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാനാണ് അവതരിപ്പിക്കുന്നത്. മോഹൻ രാജയാണ് തെലുങ്ക് റീമേക്ക് സംവിധാനം ചെയ്യുന്നത്.


Click it and Unblock the Notifications