സംവിധായകൻ ബുദ്ധിമുട്ടിച്ചു, സിനിമ ഉപേക്ഷിക്കാൻ ഒരുങ്ങിയ ജെനീലിയ; സഹായിച്ചത് അല്ലു അർജുൻ!
മുംബൈയിൽ നിന്നെത്തി തെന്നിന്ത്യൻ സിനിമകളിൽ തരംഗം തീർത്ത ഒരുപിടി നായികമാരുണ്ട്. അക്കൂട്ടത്തിൽ പ്രധാനിയാണ് നടി ജെനീലിയ ഡിസൂസ. 2003ൽ തുജേ മേരി കസം എന്ന ഹിന്ദി സിനിമയിലൂടെയാണ് ജെനീലിയയുടെ അരങ്ങേറ്റം. അതേവർഷം തന്നെ ശങ്കറിന്റെ ബോയ്സിലൂടെ തമിഴിലേക്കും സത്യം എന്ന ചിത്രത്തിലൂടെ തെലുങ്കിലേക്കും ജെനീലിയ എത്തി. രണ്ടു സിനിമകളും വലിയ ഹിറ്റായതോടെ ജെനീലിയക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
ക്യൂട്ട് ഗേൾ ഇമേജിൽ തെന്നിന്ത്യൻ സിനിമയിലെ നിറസാന്നിധ്യമാവുകയായിരുന്നു താരം. സാംബ, സായ്, ഹാപ്പി, സന്തോഷ് സുബ്രമണ്യം തുടങ്ങി ഒരുപിടി ഹിറ്റ് സിനിമകളിലൂടെ തെന്നിന്ത്യൻ സിനിമയിലെ മുൻനിര താരമായി ജെനീലിയ പേരെടുത്തു. അതിനിടെ പൃഥ്വിരാജ് നായകനായ ഉറുമി എന്ന ചിത്രത്തിലൂടെ മലയാളത്തിലും സാന്നിധ്യം അറിയിച്ചു. അതിന് മുമ്പ് ഹാപ്പി എന്ന അല്ലു അർജുൻ ചിത്രത്തിലൂടെയും ജെനീലിയ മലയാളികളുടെ ഇഷ്ടം നേടിയിരുന്നു.

കരിയറിന്റെ ഒരു ഘട്ടം കഴിഞ്ഞപ്പോൾ ബോളിവുഡിൽ നിന്നും മികച്ച അവസരങ്ങൾ ജെനീലിയയെ തേടി എത്തി. അതിനിടയിലാണ് ബോളിവുഡ് താരം റിതേഷ് ദേശ്മുഖിനെ ജെനീലിയ വിവാഹം കഴിക്കുന്നത്. വിവാഹശേഷം നീണ്ട ഇടവേളയിലേക്ക് പോയ താരം ഇപ്പോൾ വീണ്ടും സിനിമകളിൽ സജീവമാവുകയാണ്. തെലുങ്കിലും കന്നഡത്തിലുമൊക്കെ പുതിയ സിനിമകൾ അണിയറയിലുണ്ട്.
അതിനിടെ ജെനീലിയയെ സംബന്ധിച്ച ചില പഴയ കഥകളും സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. തെലുങ്കിലെ ജെനീലിയയുടെ ഹിറ്റ് സിനിമകളിൽ ഒന്നാണ് ബൊമ്മറില്ലു. ഭാസ്‌കർ സംവിധാനം ചെയ്ത ഈ റൊമാന്റിക് ഫാമിലി എന്റർടെയ്‌നർ ചിത്രം അക്കാലത്ത് യുവാക്കൾ ആഘോഷമാക്കിയ ഒന്നാണ്. സിദ്ധാർഥ് ആയിരുന്നു ചിത്രത്തിലെ നായകൻ. കുസൃതിക്കാരിയായ ഹാസിനി എന്ന കഥാപാത്രത്തെയാണ് ജെനീലിയ അവതരിപ്പിച്ചത്. ആ വേഷത്തിലൂടെ തെലുങ്ക് പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു താരം.
എന്നാൽ ജെനീലിയ പകുതിക്ക് വെച്ച് ഉപേക്ഷിക്കാൻ ഒരുങ്ങിയ ചിത്രമായിരുന്നു ഇതെന്നാണ് പറയപ്പെടുന്നത്. നടൻ അല്ലു അർജുന്റെ ഇടപെടൽ കാരണമാണ് ജെനീലിയ ആ സിനിമ പൂർത്തിയാക്കിയത്. ആ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തെലുങ്ക് സിനിമാ പ്രേമികൾക്കിടയിൽ ചർച്ചയാകുന്നത്.
സിനിമയിൽ രാത്രി സിദ്ധാർത്ഥും ജെനീലിയയും കൂടി ഐസ്ക്രീം കഴിക്കുന്ന ഒരു രംഗമുണ്ട്. ഈ രംഗത്തിൽ ജെനീലിയ എത്ര ടേക്ക് ചെയ്തിട്ടും ഭാസ്‌കറിന് തൃപ്തി വന്നില്ല. തുടർന്ന് രണ്ടാം ദിവസത്തേക്ക് ഷൂട്ട് പോയി. പാതിരാത്രി ജെനീലിയയെ ഷൂട്ടിങ്ങിന് വിളിച്ചു. എന്നാൽ അന്നും ആ ഷോട്ട് ശരിയായില്ല. അങ്ങനെ മൂന്ന് ദിവസം തുടർച്ചയായി അർദ്ധരാത്രി താരത്തെ ഷൂട്ടിങ്ങിന് വിളിക്കുന്ന സാഹചര്യമുണ്ടായി. തുടർന്ന് താൻ ഇനി അത് ചെയ്യില്ല എന്ന നിലപാട് എടുത്ത് ജെനീലിയ രണ്ടു ദിവസത്തോളം ഷൂട്ടിങ്ങിന് പോകാതിരുന്നു.

ഇതറിഞ്ഞ് സുഹൃത്തായ അല്ലു അർജുൻ ജെനീലിയയെ വിളിച്ചു. അല്ലു അർജുനുമായുള്ള സൗഹൃദത്തിന്റെ പുറത്ത് അദ്ദേഹത്തിന്റെ വാക്ക് കേട്ട് ജെനീലിയ വീണ്ടും ഷൂട്ടിന് പോവുകയും ബൊമ്മരില്ലു എന്ന ചിത്രം പൂർത്തിയാക്കുകയും ചെയ്തു. അല്ലായിരുന്നെങ്കിൽ ജെനീലിയക്ക് കരിയറിലെ ആ വമ്പൻ ഹിറ്റ് നഷ്ടമാകുമായിരുന്നു. അല്ലു അർജുൻ-ജെനീലിയ കൂട്ടുകെട്ടിൽ ഇറങ്ങിയ ഹാപ്പി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം എത്തിയ സിനിമയായിരുന്നു ബൊമ്മാരില്ലു.
അതേസമയം, 2020 ൽ പുറത്തിറങ്ങിയ ഇറ്റ്സ് മൈ ലൈഫ് എന്ന സിനിമയിലൂടെയാണ് ജെനീലിയ വീണ്ടും സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയത്. പിന്നീട് റിതേഷ് നായകനായ മിസ്റ്റർ മമ്മി എന്ന സിനിമയിലും ട്രയൽ പിരീഡ് എന്ന മറ്റൊരു ചിത്രത്തിലും അഭിനയിച്ചു. തെലുങ്ക്, കന്നഡ ഭാഷകളിൽ ഒരുങ്ങുന്ന ജൂനിയർ ആണ് ജെനീലിയയുടെ റിലീസിന് ഒരുങ്ങുന്ന ചിത്രം.


Click it and Unblock the Notifications











