നായികയുമായി പ്രണയം, രഹസ്യമായി വിവാഹം കഴിച്ച് ഹണിമൂണിന് പോയി; ഭാര്യ അറിഞ്ഞാല്‍ തകരുമെന്ന് രാം ചരണ്‍
തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമാണ് രാം ചരണ്‍. 2007 ലായിരുന്നു രാം ചരണിന്റെ അരങ്ങേറ്റം. തെലുങ്കില്‍ നിന്നും പാന്‍ ഇന്ത്യന്‍ താരമായി വളര്‍ന്ന നടന്‍. പുരി ജഗന്നാഥ് സംവിധാനം ചെയ്ത ചിരുതയായിരുന്നു ആദ്യ സിനിമ. നേഹ ശര്‍മയായിരുന്നു ചിത്രത്തിലെ നായിക. ചിത്രം ബോക്സ് ഓഫീസില്‍ വലിയ വിജയം നേടുകയും ചെയ്തു. അതേസമയം ആദ്യ സിനിമയുടെ റിലീസിനൊപ്പം രാം ചരണിനെക്കുറിച്ചൊരു ഗോസിപ്പും ഉയര്‍ന്നു വന്നു.
രാം ചരണും നായിക നേഹയും തമ്മില്‍ പ്രണയത്തിലാണെന്നായിരുന്നു വാര്‍ത്തകള്‍. തീര്‍ന്നില്ല ഗോസിപ്പുകാരുടെ ഭാവന. നേഹയെ രാം ചരണ്‍ രഹസ്യമായി വിവാഹം കഴിക്കുകയും ഹണിമൂണിന് പോവുകയും ചെയ്തതായും ഗോസിപ്പ് കോളങ്ങള്‍ എഴുതിയിരുന്നു. സത്യം മറ്റൊന്നാണെങ്കിലും വര്‍ഷങ്ങളോളം ഈ വാര്‍ത്ത ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. ഒടുവില്‍ രാം ചരണ്‍ ആ വാര്‍ത്തയോട് പ്രതികരിച്ചു. ഒരു ടെലിവിഷന്‍ ഷോയില്‍ അതിഥിയായി എത്തിയപ്പോഴാണ് രാം ചരണ്‍ മനസ് തുറന്നത്.

''ഞാന്‍ വിവാഹിതനാണ്. അത്തരം വാര്‍ത്തകള്‍ എന്റെ വിവാഹത്തെ ബാധിക്കും. ഭര്‍ത്താവെന്ന നിലയില്‍, മറ്റ് സ്ത്രീകളില്‍ നിന്നും എന്നെ സംരക്ഷിച്ചു നിര്‍ത്തേണ്ട അവസ്ഥയിലേക്ക് എന്റെ ഭാര്യയെ കൊണ്ടു വരാതിരിക്കുക എന്നത് എന്റെ ഉത്തരവാദിത്തമാണ്. ചിരുത എന്റെ അരങ്ങേറ്റ സിനിമയാണ്. അന്ന് മുതല്‍ ഞാന്‍ നേഹയെ രഹസ്യമായി വിവാഹം കഴിക്കുകയും ഹണിമൂണിന് പോവുകയും ചെയ്തതായി കിംവദന്തികളുണ്ട്. എന്റെ അച്ഛന്‍ പറഞ്ഞത് വ്യാജ വാര്‍ത്തകള്‍ കാര്യമാക്കേണ്ട എന്നാണ്'' എന്നാണ് അന്ന് രാം ചരണ്‍ പറഞ്ഞത്.
തെലുങ്ക് സിനിമയുടെ മെഗാ സ്റ്റാര്‍ ചിരഞ്ജീവിയുടെ മകനാണ് രാം ചരണ്‍. അച്ഛന്റെ വാക്കുകള്‍ ഉള്‍ക്കൊണ്ട് ഗോസിപ്പുകളോട് നിശബ്ദത പാലിക്കുകയായിരുന്നു രാം ചരണ്‍. അതേസമയം പ്രണയവിവാഹമായിരുന്നു രാം ചരണിന്റേത്. 2012 ലാണ് രാം ചരണ്‍ ഉപാസന കമിനേനിയെ വിവാഹം കഴിക്കുന്നത്. നേഹയുമായുള്ള രഹസ്യ വിവാഹത്തെക്കുറിച്ചുള്ള ഗോസിപ്പുകള്‍ പ്രചരിക്കുന്ന സമയത്ത് രാം ചരണും ഉപാസനയും സുഹൃത്തുക്കളായിരുന്നു.

''ഉപാസനയും ഞാനും അന്ന് നല്ല സുഹൃത്തുക്കളായിരുന്നു. അവള്‍ക്കറിയാം ഇത് തെറ്റായ വാര്‍ത്തയാണെന്ന്. ഞങ്ങള്‍ വിവാഹം കഴിച്ച ശേഷവും ഇത്തരം വാര്‍ത്തകള്‍ വിവാഹ ജീവിതത്തെ ബാധിക്കരുതെന്ന് ഞങ്ങള്‍ ഉറപ്പു വരുത്തിയിട്ടുണ്ട്. ഉപസാനയ്ക്ക് ഇതൊക്കെ മനസിലാക്കാന്‍ സാധിക്കുന്നുണ്ട്.'' എന്നാണ് താരം പറയുന്നത്.
മലയാളത്തിലടക്കം സാന്നിധ്യം അറിയിച്ചിട്ടുള്ള നടിയാണ് നേഹ ശര്‍മ. ചിരുതയായിരുന്നു നേഹയുടേയും അരങ്ങേറ്റ സിനിമ. പിന്നീട് 2010 ല്‍ ക്രൂക്കിലൂടെ നേഹ ബോളിവുഡിലുമെത്തി. ഹിന്ദിയില്‍ നിറ സാന്നിധ്യമായി മാറുകയായിരുന്നു പിന്നീട് നേഹ. ഇതിനിടെ നേഹ സോളോയിലൂടെ മലയാളത്തിലും സാന്നിധ്യം അറിയിച്ചു. ബിഗ് സ്‌ക്രീനിന് പുറമെ ഒടിടി ലോകത്തും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് നേഹ. നേഹയുടെ ജിം വീഡിയോകളും മറ്റും വെെറലായി മാറാറുണ്ട്. കഴിഞ്ഞ ദിവസമാണ് നേഹ തന്റെ ജന്മദിനം ആഘോഷിച്ചത്.


Click it and Unblock the Notifications











