ഞാനും തൃഷയും പ്രണയത്തിലായിരുന്നു, പക്ഷെ ശരിയായില്ല; പ്രണയത്തകര്‍ച്ചയെക്കുറിച്ച് റാണ ദഗ്ഗുബട്ടി
തെലുങ്ക് സിനിമയിലെ മിന്നും താരമാണ് റാണ ദഗ്ഗുബട്ടി. നായകനായും വില്ലനായുമെല്ലാം റാണ കയ്യടി നേടിയിട്ടുണ്ട്. ബാഹുബലിയിലെ അതിശക്തനും ക്രൂരനുമായ വില്ലന്‍ വേഷത്തിലൂടെയാണ് റാണ വലിയ താരമായി മാറുന്നത്. ഓണ്‍ സ്‌ക്രീനിലെ ജീവിതം പോലെ റാണയുടെ ഓഫ് സ്‌ക്രീന്‍ ജീവിതം പ്രേക്ഷകരിലേക്ക് അധികം എത്താറില്ല. തന്റെ സ്വകാര്യജീവിതത്തെക്കുറിച്ച് അധികം സംസാരിക്കുന്ന ശീലവും റാണയ്ക്കില്ല.
എങ്കിലും താരത്തിന്റെ പേര് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്നിട്ടുണ്ട്. പക്ഷെ വാര്‍ത്തകളോട് ഒരിക്കലും റാണ പ്രതികരിച്ചിട്ടില്ല. റാണയുടെ പേരിനൊപ്പം ഉയര്‍ന്നു വന്ന പേരുകളില്‍ ഏറ്റവും വലുതായിരുന്നു തെന്നിന്ത്യന്‍ താരസുന്ദരി തൃഷയുടേത്. ഇരുവരും പ്രണയത്തിലാണെന്ന് ഏറെക്കാലം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളോടൊന്നും ഇരുവരും പ്രതികരിച്ചിരുന്നില്ല.

റാണയും തൃഷയും വളരെ കാലമായി സുഹൃത്തുക്കളാണ്. ഇടയ്ക്ക് പലപ്പോഴായി ഇരുവരും റിലേഷന്‍ഷിപ്പിലായിരുന്നിട്ടുണ്ടെന്നും പലവട്ടം ബ്രേക്കപ്പ് ആവുകയും വീണ്ടും ഒരുമിക്കുകയുമായിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഒരിക്കല്‍ താനും തൃഷയും പ്രണയത്തിലായിരുന്നുവെന്ന കാര്യം റാണ തുറന്ന് സമ്മതിക്കുകയുണ്ടായി. കോഫി വിത്ത് കരണിലെത്തിയപ്പോഴായിരുന്നു. പ്രണയം കോഫി വിത്ത് കരണില്‍ മറച്ചുവെക്കുക എന്നത് ആര്‍ക്കും സാധിക്കാത്ത ഒന്നാണെന്നാണ് തോന്നുന്നത്.

ബാഹുബലിയുടെ സമയത്തായിരുന്നു റാണ കോഫി വിത്ത് കരണിലെത്തിയത്. ഒപ്പം ചിത്രത്തിന്റെ സംവിധായകന്‍ എസ്എസ് രാജമൗലിയും നായകന്‍ പ്രഭാസമുണ്ടായിരുന്നു. പരിപാടിക്കിടെ പ്രഭാസാണ് റാണയും തൃഷയും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് സംസാരിച്ചത്. റാണയോടായി തൃഷയുമായി വീണ്ടും ഒരുമിക്കണമെന്ന് പ്രഭാസ് പറയുകയായിരുന്നു. തുടര്‍ന്നാണ് താനും തൃഷയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് റാണ മനസ് തുറക്കുന്നത്.
താനും തൃഷയും കുറച്ച് കാലം പ്രണയത്തിലായിരുന്നുവെന്നും എന്നാല്‍ വര്‍ഷങ്ങളായി തങ്ങള്‍ സുഹൃത്തുക്കളാണെന്നായിരുന്നു റാണ പറഞ്ഞത്. എന്തുകൊണ്ടോ താനും തൃഷയും തമ്മിലുള്ള പ്രണയ ബന്ധം ശരിയായി വരുന്നില്ലെന്നും അതിനാല്‍ രണ്ടു പേരും സുഹൃത്തുക്കളായി തുടരാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് റാണ പറയുന്നത്. പലപ്പോഴായി ഉയര്‍ന്നു വന്ന റാണയും തൃഷയും തമ്മിലുള്ള പ്രണയ വാര്‍ത്തകളെ ശരിവെക്കുന്നതായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്‍.

അതേസമയം തൃഷയുടെ 37-ാം ജന്മദിനത്തിന് റാണ ആശംസ അറിയിച്ചതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. തൃഷയ്‌ക്കൊപ്പമുള്ളൊരു ചിത്രം പങ്കുവച്ചു കൊണ്ട് ഹാപ്പി ഹാപ്പി ഓള്‍ഡ് ഫ്രണ്ട് എന്നായിരുന്നു റാണ കുറിച്ചത്. ഇതോടെ ഇരുവരും വീണ്ടും വാര്‍ത്തകളില്‍ നിറയുകയായിരുന്നു. പിണക്കം മറന്ന് രണ്ടു പേരും വീണ്ടും പ്രണയത്തിലായോ എന്നായിരുന്നു സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും ചര്‍ച്ച ചെയ്തത്. എന്നാല്‍ റാണയും തൃഷയും പ്രണയ ബന്ധം അവസാനിപ്പിച്ചുവെങ്കിലും സുഹൃദ് ബന്ധം തുടരുകയായിരുന്നു.
ഈയ്യടുത്തായിരുന്നു റാണയുട വിവാഹം. സംരംഭകയായ മിഹീക ബജാജ് ആണ് റാണയുടെ ഭാര്യ. വിവാഹത്തിന് ആശംസകളുമായി തൃഷയും എത്തിയിരുന്നു. പതിവ് പോലെ തന്റെ പ്രണയ വിവരവും റാണ വാര്‍ത്തകൡ നിന്നെല്ലാം മറച്ചു പിടിച്ചിരുന്നു. തെലുങ്ക് സിനിമാ ലോകം വലിയ ആഘോഷമാക്കിയ വിവാഹമായിരുന്നു ഇത്.

അതേസമയം വിരാട പര്‍വ്വം ആണ് റാണയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. അയ്യപ്പനും കോശിയും എന്ന സിനിമ തെലുങ്കിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ കോശിയായി എത്തിയതും റാണയായിരുന്നു. പൊന്നിയിന്‍ സെല്‍വന്‍ ആണ് തൃഷയുടെ പുതിയ സിനിമ. വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണിത്. മണിരത്‌നം സംവിധാനം ചെയ്യുന്ന സിനിമയില്‍ ഐശ്വര്യ റായ്, വിക്രം, ജയം രവി, ഐശ്വര്യ ലക്ഷ്മി, കാര്‍ത്തി, ഐശ്വര്യ രാജേഷ്, ജയറാം, വിക്രം പ്രഭു തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട്.
റാം എന്ന ചിത്രത്തിലൂടെ ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് മടങ്ങിയെത്തുകയാണ് തൃഷ. മോഹന്‍ലാല്‍ നായകനാകുന്ന സിനിമയുടെ സംവിധാനം ജീത്തു ജോസഫ് ആണ്. ദ റോഡ് ആണ് തൃഷയുടെ അണിയറയിലുള്ള മറ്റൊരു സിനിമ.


Click it and Unblock the Notifications











