നായികയെ രഹസ്യമായി വിവാഹം കഴിച്ച് ഹണിമൂണിന് പോയി; ഭാര്യ അറിഞ്ഞാല്‍ തകരുമെന്ന് രാം ചരണ്‍!
തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരമാണ് രാം ചരണ്‍. 2007 ലായിരുന്നു രാം ചരണിന്റെ അരങ്ങേറ്റം. പുരി ജഗന്നാഥ് സംവിധാനം ചെയ്ത ചിരുതയായിരുന്നു ആദ്യ സിനിമ. നേഹ ശര്‍മയായിരുന്നു ചിത്രത്തിലെ നായിക. ചിത്രം ബോക്‌സ് ഓഫീസില്‍ മികച്ച വിജയം കൈവരിച്ചതിന് പിന്നാലെ ഒരു ഗോസിപ്പും സിനിമാ ലോകത്ത് പ്രചരിച്ചു. രാം ചരണും നേഹയും തമ്മില്‍ പ്രണയത്തിലാണെന്നായിരുന്നു വാര്‍ത്തകള്‍.
ഇരുവരും പ്രണയത്തിലാണെന്ന് മാത്രമല്ല, രഹസ്യമായി വിവാഹം കഴിക്കുകയും ഹണിമൂണിന് പോവുകയും ചെയ്തതായും ഗോസിപ്പ് കോളങ്ങള്‍ എഴുതി. വര്‍ഷങ്ങളോളം ഈ വാര്‍ത്ത ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. ഒടുവില്‍ ഒരു ടെലിവിഷന്‍ ഷോയില്‍ അതിഥിയായി എത്തിയപ്പോഴാണ് രാം ചരണ്‍ വാര്‍ത്തയെക്കുറിച്ച് സംസാരിച്ചത്.

''ഞാന്‍ വിവാഹിതനാണ്. അത്തരം വാര്‍ത്തകള്‍ എന്റെ വിവാഹത്തെ ബാധിക്കും. ഭര്‍ത്താവെന്ന നിലയില്‍, മറ്റ് സ്ത്രീകളില്‍ നിന്നും എന്നെ സംരക്ഷിച്ചു നിര്‍ത്തേണ്ട അവസ്ഥയിലേക്ക് എന്റെ ഭാര്യയെ കൊണ്ടു വരാതിരിക്കുക എന്റെ ഉത്തരവാദിത്തമാണ്. ചിരുത എന്റെ അരങ്ങേറ്റ സിനിമയാണ്. അന്ന് മുതല്‍ ഞാന്‍ നേഹയെ രഹസ്യമായി വിവാഹം കഴിക്കുകയും ഹണിമൂണിന് പോവുകയും ചെയ്തതായി കിംവദന്തികളുണ്ട്. എന്റെ അച്ഛന്‍ പറഞ്ഞത് വ്യാജ വാര്‍ത്തകള്‍ കാര്യമാക്കേണ്ട എന്നാണ്'' എന്നായിരുന്നു രാം ചരണ്‍ പറഞ്ഞത്.
2012 ലായിരുന്നു രാം ചരണ്‍ തന്റെ ദീര്‍ഘനാളത്തെ സുഹൃത്തും കാമുകിയുമായ ഉപാസന കമിനേനിയെ വിവാഹം കഴിക്കുന്നത്. രാം ചരണി്‌ന്റെ രഹസ്യവിവാഹ വാര്‍ത്ത പ്രചരിക്കുന്ന കാലത്ത് ഉപാസനയും രാം ചരണും സുഹൃത്തുക്കളായിരുന്നു. അതിനാല്‍ വാര്‍ത്തകളെക്കുറിച്ച് രാം ചരണിനോട് ഉപാസനയും അന്ന് ചോദിച്ചിരുന്നു.
''ഉപാസനയും ഞാനും അന്ന് നല്ല സുഹൃത്തുക്കളായിരുന്നു. അവള്‍ക്കറിയാം ഇത് തെറ്റായ വാര്‍ത്തയാണെന്ന്. ഞങ്ങള്‍ വിവാഹം കഴിച്ച ശേഷവും ഇത്തരം വാര്‍ത്തകള്‍ വിവാഹ ജീവിതത്തെ ബാധിക്കരുതെന്ന് ഞങ്ങള്‍ ഉറപ്പു വരുത്തിയിട്ടുണ്ട്. ഉപസാനയ്ക്ക് ഇതൊക്കെ മനസിലാക്കാന്‍ സാധിക്കുന്നുണ്ട്. എന്തായാലും ഗോസിപ്പുകള്‍ക്ക് രാം ചരണിന്റേയും ഉപാസനയുടേയും സൗഹൃദത്തേയോ വിവാഹ ജീവിതത്തേയോ ബാധിക്കാനായില്ല.

കഴിഞ്ഞ ദിവസമാണ് രാം ചരണിനും ഉപാസനയും ആദ്യത്തെ കണ്‍മണി പിറന്നത്. പെണ്‍കുഞ്ഞിനാണ് ഉപാസന ജന്മം നല്‍കിയത്. ലിറ്റില്‍ മെഗാ പ്രിന്‍സസ് എന്നാണ് പേരക്കുട്ടിയെ മുത്തച്ഛന്‍ ചിരഞ്ജീവി വിളിച്ചത്. നീണ്ട പത്ത് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് രാം ചരണും ഉപാസനയും അച്ഛനും അമ്മയുമാകാന്‍ തീരുമാനിക്കുന്നത്. കുഞ്ഞിന്റെ വരവിന് ശേഷം തങ്ങള്‍ അച്ഛനും അമ്മയ്ക്കുമൊപ്പം താമസിക്കാന്‍ തീരുമാനിച്ചതായി കഴിഞ്ഞ ദിവസം രാം ചരണ്‍ അറിയിച്ചിരുന്നു.
അതേസമയം ചിരുതയായിരുന്നു നേഹയുടേയും അരങ്ങേറ്റ സിനിമ. പിന്നീട് 2010 ല്‍ ക്രൂക്കിലൂടെ നേഹ ബോളിവുഡിലുമെത്തി. ഹിന്ദിയില്‍ നിറ സാന്നിധ്യമായി മാറിയ നേഹ സോളോയിലൂടെ മലയാളത്തിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ജോഗിര സര രാ രാ ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ബിഗ് സ്‌ക്രീനിന് പുറമെ ഒടിടി ലോകത്തും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് നേഹ. താരത്തിന്റെ ഫിറ്റ്‌നസ് വീഡിയോകളും മറ്റും വൈറലായി മാറാറുണ്ട്.


Click it and Unblock the Notifications











