തെലുങ്കിൽ നിന്ന് പ്രിയ വാര്യർക്ക് ഗംഭീര ഓഫർ!, സൂപ്പർതാരത്തിനൊപ്പമുള്ള ചിത്രം ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ
ഒരു രാത്രി കൊണ്ട് തലവര മാറുക എന്നൊക്കെ പറയുന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് നടി പ്രിയ വാര്യർ. ഒരൊറ്റ രാത്രി കൊണ്ട് രാജ്യമൊട്ടാകെ അറിയപ്പെടുന്ന നടിയായി മാറുകയായിരുന്നു താരം. ഒമര്‍ ലുലു സംവിധാനം ചെയ്ത അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച പ്രിയ, അതിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിലൂടെയാണ് പ്രശസ്തിയിലേക്ക് ഉയരുന്നത്.
സിനിമയുടെ പ്രമോഷന്റെ ഭാഗമായി റിലീസിന് മുൻപ് പുറത്ത് വിട്ട ഗാനത്തിലെ ഒരൊറ്റ കണ്ണിറുക്കൽ കൊണ്ട് ലോകം മുഴുവൻ ആരാധകരെ നേടിയെടിക്കുകയായിരുന്നു പ്രിയ വാര്യർ. കണ്ണിറുക്കൽ ഹിറ്റായത്തോടെ ഇന്ത്യക്ക് അകത്തും പുറത്തുമെല്ലാം അറിയപ്പെടുന്ന 'വിങ്ക് ഗേൾ' ആയി പ്രിയ വാര്യർ പേരെടുത്തു.

സോഷ്യൽ മീഡിയയിൽ ആഗോള തലത്തിൽ തന്നെ പ്രിയയുടെ കണ്ണിറുക്കൽ വൈറലായി മാറുകയായിരുന്നു. ഇതോടെ ഇൻസ്റ്റാഗ്രാമിലൊക്കെ ഒറ്റ രാത്രി കൊണ്ട് പ്രിയ വാര്യരുടെ ഫോള്ളോവെർസിന്റെ എണ്ണം രണ്ടും മൂന്നും മില്യൺ കടന്നു. തെന്നിന്ത്യയിലെ പല സൂപ്പർ താരങ്ങളെയും പിന്തള്ളിക്കൊണ്ടായിരുന്നു പ്രിയയുടെ ഈ കുതിപ്പ്.
ഇതോടെ ഒമർ ലുലുവിന് അഡാര്‍ ലവ് എന്ന സിനിമയുടെ കഥ തന്നെ മാറ്റി ചിത്രീകരിക്കേണ്ടി വന്നു. നായികയാകേണ്ടിയിരുന്ന പുതുമുഖം നൂറിൻ ഷെരീഫിന് ഒപ്പം പ്രിയാ വാര്യരെയും നായികയാക്കി കഥ തിരുത്തുകയായിരുന്നു. എന്നാൽ സിനിമ ഇറങ്ങുന്നതിന് മുന്നേ തന്നെ നിരവധി സിനിമ അവസരങ്ങളാണ് മറ്റു ഭാഷകളിൽ നിന്ന് പ്രിയക്ക് ലഭിച്ചത്.

അഡാര്‍ ലവിന് ശേഷം ശ്രീദേവി ബംഗ്ലാവ് എന്ന ഹിന്ദി ചിത്രത്തിലാണ് പ്രിയ അഭിനയിച്ചത്. എന്നാൽ ഈ ചിത്രം പുറത്തിറങ്ങിയില്ല. ചെക്ക് എന്ന തെലുങ്ക് ചിത്രമാണ് പ്രിയയുടെ പിന്നീട് റിലീസായ ചിത്രം. അതിനു ശേഷം ഇഷ്ക് നോട്ട് എ ലവ് സ്റ്റോറി എന്ന ചിത്രത്തിലും പ്രിയ നായികയായി. ഈ രണ്ടു ചിത്രങ്ങളും വലിയ വിജയമായില്ലെങ്കിലും പ്രിയ ഒരുപാട് ആരാധകരെ സ്വന്തമാക്കിയിരുന്നു.

ഏറ്റവും ഒടുവിലായി മലയാളത്തിൽ 4 ഇയേഴ്സ് എന്ന ചിത്രമാണ് പ്രിയയുടേതായി പുറത്തിറങ്ങിയത്. ഹിന്ദി കന്നഡ മലയാളം ഭാഷകളിലായി ഏഴോളം ചിത്രങ്ങൾ അണിയറയിലുമുണ്ട്. അതേസമയം, തെലുങ്കിൽ നിന്നും പ്രിയക്ക് ഇപ്പോൾ വലിയൊരു അവസരം ലഭിച്ചിരിക്കുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്.

രണ്ടു പരാജയ ചിത്രങ്ങൾക്ക് ശേഷം മികച്ച സിനിമയിലൂടെ തിരിച്ചുവരാനുള്ള പ്രിയയുടെ ശ്രമത്തിന്റെ ഫലമായാണ് ഒരു ഗംഭീര സിനിമ താരത്തിന് ലഭിച്ചിരിക്കുന്നത് എന്നാണ് വിവരം. പവൻ കല്യാൺ, സായ് ധരം തേജ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ പ്രിയ പ്രകാശ് വാര്യർ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും എന്നാണ് വിവരം.

ചിത്രത്തിൽ സായി ധർമ്മ തേജിന്റെ നായികയായി എത്തുന്നത് കേതിക ശർമ്മയാണ്, അതേസമയം പവൻ കല്യാണിന് നായികയില്ല. എന്നാൽ പ്രിയക്ക് ചിത്രത്തിൽ ശ്രദ്ധേയ വേഷമാകും എന്നാണ് റിപ്പോർട്ടുകൾ. സമുദ്രകനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ സിനിമ ഹിറ്റായാൽ, 23 കാരിയായ പ്രിയ വാര്യരുടെ കരിയറിൽ തന്നെ വലിയൊരു വഴിത്തിരിവായി മാറിയേക്കുമാണ് വിലയിരുത്തൽ.
അതേസമയം, പ്രിയ നാല് വർഷങ്ങൾക്ക് ശേഷം മലയാളത്തിൽ ചെയ്ത 4 ഇയേഴ്‌സിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. നായികയായുള്ള പ്രിയയുടെ അഭിനയത്തിന് കയ്യടി ലഭിച്ചിരുന്നു തിരിച്ചുവരവ് പ്രിയ മോശമാക്കിയില്ല എന്നാണ് അഭിപ്രായമാണ് ഉയർന്നത്.


Click it and Unblock the Notifications











