അവരെല്ലാം വരും കൊച്ചിനെ എടുക്കും തിരിച്ച് തരില്ല; അതെന്താ പിള്ളേരെ പിടുത്തക്കാരെയാണോ ക്ഷണിക്കുന്നത്?; വിമർശനം
മകൻ പിറന്നശേഷം ദിയ കൃഷ്ണ സ്വീകരിക്കുന്ന പല നിലപാടുകളും ചർച്ചയാവുകയും വിമർശനങ്ങൾക്കും വഴി വെക്കുകയും ചെയ്തിട്ടുണ്ട്. കുഞ്ഞിന്റെ കാര്യത്തിൽ ഓവർ പ്രൊട്ടക്ടീവായ അമ്മയാണ് ദിയയെന്നാണ് ഇവരുടെ ഫോളോവേഴ്സിന്റെ അഭിപ്രായം. അശ്വിന്റെ കുടുംബത്തെ ക്ഷണിക്കാതെ ദിയയും കുടുംബവും ചേർന്ന് ഓമിയുടെ ഒന്നാം പിറന്നാൾ ആഘോഷിച്ചത് ഇതിനോടകം ചർച്ചയായി മാറി കഴിഞ്ഞു. ദിയയുടെ കുടുംബം സർപ്രൈസായി ഒരു ബെർത്ത് ഡെ പാർട്ടി ആദ്യത്തെ പേരക്കുട്ടിക്ക് വേണ്ടി നടത്തുകയായിരുന്നു.
മാതാപിതാക്കളും സഹോദരിമാരും ദിയയും അശ്വിനും മാത്രം പങ്കെടുത്ത പരിപാടിയായിരുന്നു. ഇപ്പോഴിതാ പുതിയ വ്ലോഗിൽ ബെർത്ത് ഡെ പാർട്ടി ഗംഭീരമായി ആഘോഷിക്കാത്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ദിയ. എല്ലാവരേയും ക്ഷണിച്ചാൽ ആകെ ബഹളമാകുമെന്നും അതിന് താൽപര്യമില്ലാത്തതിനാലാണ് വലിയ പാർട്ടി നടത്താതിരുന്നത് എന്നാണ് ദിയ പറഞ്ഞത്.

വരുന്ന അതിഥികളെല്ലാം കുഞ്ഞിനെ എടുക്കും എന്നതിനോട് തനിക്ക് താൽപര്യമില്ലെന്നും ദിയ പറയുന്നുണ്ട്. ഞാൻ കഴിഞ്ഞ നവംബറിലും മലേഷ്യയിൽ വന്നിരുന്നു. വ്ലോഗ് കണ്ടിട്ടുള്ളവർക്ക് അറിയാമായിരിക്കും. ഇത്തവണ മലേഷ്യയ്ക്ക് വന്നത് ഓമിക്കുട്ടിയുടെ ആദ്യത്തെ പിറന്നാൾ ആഘോഷിക്കാൻ വേണ്ടിയാണ്. നാട്ടിൽ വെറുതെ ഒരു ഹോട്ടൽ റൂമൊക്കെ എടുത്ത് പൈസ മുടക്കി കുറേ ആൾക്കാരെ ഫങ്ഷന് വിളിക്കുന്നു.
അവർ അവസാനം കൊച്ചിനെ എടുത്തുകൊണ്ട് പോകുന്നു തിരിച്ച് തരുന്നില്ല. അങ്ങനൊരു സിറ്റുവേഷനൊക്കെ വന്ന് വെറുതെ ഒരു കോലാഹലം വേണ്ടെന്ന് കരുതി. കുഞ്ഞും ഇതൊന്നും ഓർത്തിരിക്കാൻ പോകുന്നില്ലല്ലോ. അതുകൊണ്ട് വെറുതെ ഒരു അലമ്പ് വേണ്ടെന്ന് കരുതിയാണ് വലിയ പരിപാടി വേണ്ടെന്ന് തീരുമാനിച്ചത്. നമ്മളും പരിപാടി കഴിയുമ്പോൾ ക്ഷീണിതരാകും. എല്ലാ ഗസ്റ്റുകളും വന്ന് പോയശേഷം മാത്രമെ പരിപാടി ഹോസ്റ്റ് ചെയ്യുന്നവർക്ക് വീട്ടിൽ പോകാൻ കഴിയൂ.
പൊതുവെ പാർട്ടികൾ അധികം ഹോസ്റ്റ് ചെയ്യുന്ന ഒരാളല്ല ഞാൻ. ഏറ്റാൽ ചെയ്യും അത്രമാത്രം. അഞ്ജലിയുടെ ബ്രൈഡൽ ഷവർ ഞാനാണ് ഹോസ്റ്റ് ചെയ്തത്. അത് ഞാൻ ഏറ്റ പരിപാടിയായിരുന്നു. അതുകൊണ്ട് ഹോസ്റ്റ് ചെയ്തു. എല്ലാവരും വന്ന് കഴിച്ച് ഫോട്ടോയൊക്കെ എടുത്ത് പോയശേഷം മാത്രമെ നമുക്ക് ഇറങ്ങാൻ പറ്റൂ. അത് ആലോചിച്ചപ്പോൾ തന്നെ ഞാൻ ട്രോമറ്റൈസ്ഡായിപ്പോയി. അശ്വിനും വലിയ പരിപാടി വെക്കുന്നതിനോട് താൽപര്യമില്ലായിരുന്നു.
പ്രൈവറ്റായി ഞങ്ങൾ മൂന്നുപേരും മാത്രമുള്ള ചെറിയ ബെർത്ത് ഡെ സെലിബ്രേഷനെ അശ്വിനും താൽപര്യമുള്ളു. കുഞ്ഞ് കുറച്ച് കൂടി വലുതായി അവന്റെ ഓർമയിൽ ആഘോഷങ്ങൾ നിൽക്കുന്ന സമയത്ത് അതിന് അനുസരിച്ച് ആഘോഷമായി സെലിബ്രേഷൻ നടത്തി കൊടുക്കും. കേക്ക്, കളിപ്പാട്ടങ്ങൾ എന്നിവയൊക്കെ എങ്ങനെയായിരിക്കണമെന്ന് അവൻ പറഞ്ഞ് തുടങ്ങുന്നത് അപ്പോഴാകുമല്ലോ.

ആ സമയത്ത് എല്ലാവരും വിളിക്കുകയും ചെയ്യാം. അവർ കൊടുക്കുന്ന ഗിഫ്റ്റുകൾ വാങ്ങാൻ അവനും താൽപര്യമാകും. ഇപ്പോൾ ഗിഫ്റ്റ് കിട്ടിയാലും ഓർത്ത് വെയ്ക്കാൻ പോകുന്നില്ല. കോംപ്ലിക്കേഷൻസ് ഒന്നും വേണ്ടല്ലോ എന്ന് കരുതിയാണ് വലിയ പാർട്ടി വെക്കാതിരുന്നത് എന്നാണ് ദിയ പറഞ്ഞത്. എന്നാൽ താരപുത്രിയുടെ വിശദീകരണത്തിന് വിമർശനമാണ് ഏറെയും ലഭിച്ചത്.
അശ്വിന്റെ മാതാപിതാക്കളും ചേട്ടനും കുടുംബവും വന്നാൽ എന്ത് മാറ്റമാണ് ആ പരിപാടിയിൽ സംഭവിക്കുകയെന്നും അവരെ കൂടി ഉൾപ്പെടുത്തിയിരുന്നുവെങ്കിൽ ആ കുഞ്ഞിന് അനുഗ്രഹങ്ങളും സന്തോഷവും കൂടുകയെ ചെയ്യുമായിരുന്നുള്ളു. ഇതിൽ ദിയയുടെ സ്വാർത്ഥതയാണ് വ്യക്തമായത്. തന്റെ കുടുംബത്തെ അല്ലാതെ മറ്റാരെയും ദിയ വിശ്വസിക്കാത്തതുപോലെ തോന്നിയെന്ന് ചിലർ കുറിച്ചു.
നിങ്ങള്‍ പിള്ളേരെ പിടുത്തക്കാരെയാണോ പിറന്നാൾ ആഘോഷത്തിന് ക്ഷണിക്കുന്നത്?. അല്ല... കൊച്ചിനെ കൊണ്ടുപോവും തിരിച്ച് തരില്ല എന്നൊക്കെ പറഞ്ഞതുകൊണ്ട് ചോദിച്ചതാണ്. കഷ്ടം... എന്നും ചിലർ ദിയയെ വിമർശിച്ച് ചോദിച്ചു.


Click it and Unblock the Notifications


