'നല്ല ഉദ്ദേശത്തോടെ എടുത്ത തീരുമാനം ജീവിതത്തിലെ വലിയ ഭാരമായി, സഹായം ചെയ്യുന്നതിന് മുമ്പ് തിരിച്ചറിയേണ്ടത്...'
രേണു സുധിക്കും ബിഷപ്പ് നോബിൾ ഫിലിപ്പിനുമെതിരെ നിരന്തരമായി വീഡിയോ ചെയ്തിരുന്ന യുട്യൂബർ സന്ദീപ് അറസ്റ്റിലായതിന് പിന്നാലെ കുറിപ്പുമായി കെഎച്ച്ഡിഇസി സംഘടനയുടെ ഭാരവാഹിയായ ഫിറോസ് രംഗത്ത്. കൊല്ലം സുധിയുടെ കുടുംബത്തിന് ബിഷപ്പ് നൽകിയ ഏഴ് സെന്റ് സ്ഥലത്ത് വീട് നിർമ്മിച്ച് കൊടുത്തത് ഫിറോസും അദ്ദേഹം അംഗമായ കെഎച്ച്ഡിഇസി സംഘടനയും ചേർന്നാണ്. വീട് നിർമ്മിച്ചതിന്റെ പേരിൽ ഒരുപാട് പഴികൾ കേൾക്കേണ്ടി വന്ന ഒരാൾ കൂടിയാണ് ഫിറോസ്.
നല്ല ഉദ്ദേശത്തോടെ എടുത്ത തീരുമാനം ജീവിതത്തിൽ ഏറ്റവും വലിയ ഭാരമായി എന്നാണ് യുട്യൂബറുടെ അറസ്റ്റിന് പിന്നാലെ ഫിറോസ് പങ്കുവെച്ച കുറിപ്പിൽ പറഞ്ഞത്. ആ കുറിപ്പ് ഇങ്ങനെയാണ്... ജീവിതത്തിൽ ഒരുപാട് ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. ചിലത് സ്വന്തം പണം ചെലവഴിച്ചും ചിലത് നല്ല മനസുള്ളവരുടെ സഹായം ചേർത്തുമാണ് നടന്നത്.

ഏകദേശം പത്ത് വർഷത്തോളം ഖത്തറിൽ ജോലി ചെയ്തിരുന്ന കാലത്ത് ചാരിറ്റിയും സോഷ്യൽ വർക്കും എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. മരണപ്പെട്ടവരുടെ ഭൗതിക ശരീരം നാട്ടിലെത്തിക്കുക, വ്യാജ കേസുകളിൽ കുടുങ്ങിയവരെ സഹായിക്കുക, സത്യാവസ്ഥ ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തി നിരപരാധികളെ മോചിപ്പിക്കാൻ ശ്രമിക്കുക, ലേബർ ക്യാമ്പുകളിൽ നോമ്പുതുറ സംഘടിപ്പിക്കുക അങ്ങനെ എണ്ണിയാലൊടുങ്ങാത്ത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ കഴിഞ്ഞിട്ടുണ്ട്.
അന്ന് ഒരു മനുഷ്യൻ പോലും അപവാദം പറയാനോ, പിന്നിൽ നിന്ന് കുത്താനോ വ്യക്തിഹത്യ നടത്താനോ വന്നിട്ടില്ല. രാജ്യമോ മതമോ പദവിയോ സാമ്പത്തിക നിലയോ നോക്കാതെ മനുഷ്യരെ മാത്രം കണ്ടാണ് ഞാൻ കൂടെ നിന്നത്. നാട്ടിലെത്തിയ ശേഷവും അതേ മനോഭാവം തുടർന്നു. ഒരുപാട് പേർക്ക് കഴിയുന്ന സഹായങ്ങൾ ചെയ്തു. അത് ഒരു ഔദാര്യമല്ല മനുഷ്യനെന്ന നിലയിലെ എന്റെ കടമയാണെന്ന് മാത്രമാണ് ഞാൻ വിശ്വസിച്ചത്.
2024 വരെ ഫേസ്ബുക്കിൽ നിന്ന് എല്ലാ മാസവും ലഭിച്ച വരുമാനത്തിൽ നിന്ന് ഒരു രൂപ പോലും ഞാൻ വ്യക്തിപരമായി ഉപയോഗിച്ചിട്ടില്ല. മറ്റൊരാളെ സഹായിക്കാനൊരു പോസ്റ്റ് ഇട്ടതിന് അതും കാൻസലായി. ബാങ്ക് പലിശയുടെ കാര്യവും അതുപോലെയാണ്. ജീവിക്കാൻ അതിന്റെ ആവശ്യമില്ലെന്ന് തോന്നിയതുകൊണ്ട് അതെല്ലാം മാറ്റിവെച്ചു. പിന്നീട് ഒരുപാട് പേർക്ക് സഹായം ചെയ്തിരുന്ന ഒരു കൂട്ടായ്മയുടെ ഭാഗമായിരുന്നു ഞങ്ങൾ.
അങ്ങനെയാണ് അപകടത്തിൽ മരിച്ച കൊല്ലം സുധിയുടെ കുടുംബത്തിന് ഒരു വീട് നിർമിക്കാമെന്ന തീരുമാനം ഉണ്ടായത്. സ്ഥലം നൽകി ബിഷപ്പ് നോബിളും നിർമ്മാണത്തിന് നേതൃത്വം നൽകിയത് ഞാനും. അവിടെയാണ് ഞങ്ങൾ പബ്ലിക് ഫിഗറുകൾ ആയത്. ആളുകൾ അറിയുമ്പോൾ സന്തോഷം തോന്നും. പക്ഷെ അതിന് പിന്നാലെ വന്നത് ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണമായിരുന്നു. ഒരു വശത്ത് പിന്തുണ പ്രഖ്യാപിച്ച ചാനലുകൾ. മറുവശത്ത് സ്പോൺസർഷിപ്പിൽ നിന്ന് പിന്മാറിയവർ.

സാമ്പത്തിക പ്രതിസന്ധി, ബിസിനസിലെ തിരിച്ചടി, കള്ളനെന്ന മുദ്ര, ഗ്രൂപ്പിന് ചീത്തപേര്, വർഷങ്ങളായി കാത്തുസൂക്ഷിച്ച സൗഹൃദങ്ങളിൽ വിള്ളൽ. ഒടുവിൽ നല്ല ഉദ്ദേശത്തോടെ എടുത്ത തീരുമാനം തന്നെ ജീവിതത്തിൽ ഏറ്റവും വലിയ ഭാരമായി മാറി. ഒരു കാലത്ത് യുട്യൂബർമാർക്ക് ഞാനും ഒരു കഥാപാത്രം ആയിരുന്നു. പിന്നീട് ഞാൻ എല്ലാത്തിൽ നിന്നും മനപ്പൂർവ്വം മാറി നിന്നു. പക്ഷെ ബിഷപ്പ് നോബിളും സുധിയുടെ കുടുംബവും സോഷ്യൽ മീഡിയയിലെ ചർച്ചകളിൽ തുടർന്നുകൊണ്ടിരുന്നു. മാനുഷിക പരിഗണന മാത്രം മുൻനിർത്തി രോഗശയ്യയിൽ ആയിരുന്ന സുധിയുടെ ഭാര്യയെ സന്ദർശിക്കാൻ ഞാൻ അവരുടെ വീട്ടിൽ പോയിരുന്നു. അതുപോലും ഞാൻ പരസ്യമാക്കിയില്ല.
പിന്നീട് അവരുടെ പിതാവ് തങ്കച്ചനാണ് ആ വിവരം ഒരു യുട്യൂബ് ചാനലിനോട് പറഞ്ഞത്. എന്നാൽ ഇന്നലത്തെ സംഭവം വീണ്ടും പല പഴയ ഓർമ്മകളും തുറന്നു. ബിഷപ്പ് നോബിളിന്റെ പരാതിയിൽ നമ്മുടെ നാട്ടുകാരനായ സന്ദീപിനെ അയാൾ സാങ്കൽപിക കഥ പറഞ്ഞതിന് പോലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്ത് കോട്ടയത്തേക്ക് കൊണ്ടുപോയി. ഒരു നോട്ടീസ് നൽകിയാൽ നിയമത്തിന് മുന്നിൽ ഹാജരാകാൻ തയ്യാറായ ഒരാളെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്യേണ്ട സാഹചര്യം എന്തുകൊണ്ടാണ് ഉണ്ടായത് എന്നത് പലരുടെയും മനസിൽ ചോദ്യമായി അവശേഷിക്കും.
ഒരാളുടെ മരണത്തെ തുടർന്നുണ്ടായ ഒരു നല്ല ഉദ്ദേശം പിന്നീട് അത് വിവാദങ്ങളായി, അപവാദങ്ങളായി, പോലീസ് കേസുകളായി, കോടതികളായി, സൗഹൃദങ്ങൾ തകർന്ന കഥകളായി, ഇതെല്ലാം ആലോചിക്കുമ്പോൾ ചില ചോദ്യങ്ങൾ മാത്രം ബാക്കിയാകുന്നു. ഗുണപാഠം.... സഹായം ചെയ്യുന്നതിന് മുമ്പ് സഹായം ലഭിക്കുന്ന പാത്രത്തെ മാത്രമല്ല സാഹചര്യത്തെയും അതിന്റെ ഭാവിയെയും കൂടി തിരിച്ചറിയാൻ പഠിക്കണം. ചില അനുഭവങ്ങൾ നമ്മെ വലിയവരാക്കുന്നില്ല. പക്ഷെ വീണ്ടും അതേ തെറ്റ് ആവർത്തിക്കാതിരിക്കാൻ പഠിപ്പിക്കുന്നു എന്നുമായിരുന്നു കുറിപ്പ്.


Click it and Unblock the Notifications


