'മകളെക്കുറിച്ച് പരാതിപ്പെട്ട് ടീച്ചർമാർ വിളിച്ചാലുള്ള പ്രതികരണം, കുടുംബത്തിന് വേണ്ടി ഞാനെന്തും ചെയ്യും'
സോഷ്യൽമീഡിയയിൽ വലിയ ജനപ്രീതിയുള്ള ദമ്പതിമാരാണ് ആർജെ മിഥുൻ രമേശും ലക്ഷ്മി മേനോനും. ലക്ഷ്മി മേനോന്റെ ഇൻസ്റ്റഗ്രാം റീലുകൾ മിക്കപ്പോഴും വെെറലാകാറുണ്ട്. ഡിപ്രഷൻ ഉൾപ്പെടെയുള്ള വിഷമഘട്ടത്തിലൂടെ കടന്ന് പോയപ്പോൾ ലക്ഷ്മി മേനോന് ഏറ്റവും കൂടുതൽ പിന്തുണ നൽകിയത് മിഥുൻ രമേശാണ്. കുടുംബത്തെക്കുറിച്ച് ലക്ഷ്മി മേനോൻ പുതിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. പോർട്രേയൽസ് ബെെ ഗദ്ദാഫി എന്ന യൂട്യൂബ് ചാനലിലാണ് ലക്ഷ്മി മേനോൻ മനസ് തുറന്നത്.
പൊതുവെ എന്റെ അക്കൗണ്ടിലേക്ക് പെെസ വരാറില്ല. എല്ലാം മിഥുൻ ചേട്ടന്റെ അക്കൗണ്ടിലേക്കാണ് പോകാറ്. കാരണം എന്റെ അക്കൗണ്ടിലിട്ടാൽ അപ്പോൾ തന്നെ ഞാൻ ചെലവാക്കി കളയും. അതിനാൽ ഗ്രോസറി വാങ്ങാനുള്ള പെെസയേ എനിക്ക് ഇട്ട് തരൂ. മിഥുൻ ചേട്ടന് ഇഷ്ടപ്പെട്ട വാച്ച് സമ്മാനം കൊടുത്തപ്പോൾ വളരെ സന്തോഷം തോന്നി. മിഥുൻ ചേട്ടനാണ് എനിക്കെപ്പോഴും സമ്മാനങ്ങൾ തരാറ്. എന്റെ പെെസയ്ക്ക് വാങ്ങിക്കൊടുക്കണം എന്നുണ്ടായിരുന്നു. അത് നടന്നതിൽ സന്തോഷം തോന്നി.

അമ്മയായ ശേഷം എനിക്ക് പോസ്റ്റ്പാർട്ടം ഡിപ്രഷനുണ്ടായിരുന്നു. ശരിക്ക് ഭ്രാന്തെടുത്തു. ചെമ്പരത്തി വെച്ച് റോഡിൽ കൂടെ ഓടേണ്ട അവസ്ഥയായിരുന്നു. കുഞ്ഞിന് രണ്ട് വയസാകുന്നത് വരെ നന്നായി കഷ്ടപ്പെട്ടു. പ്രസവിച്ച് ആദ്യത്തെ മൂന്ന് മാസം കുഴപ്പമില്ലായിരുന്നു. അന്ന് ഷാർജയിലാണ് താമസിച്ചിരുന്നത്. അടിച്ച് വരാൻ ഒരു സ്ത്രീ വരും. പാത്രം കഴുകണം, പാചകം ചെയ്യണം, അലക്കണം. കുട്ടിയെയും നോക്കണം. എല്ലാം കൂടെയായപ്പോൾ എനിക്ക് ശരിക്ക് വട്ടായി.
ആരും സപ്പോർട്ട് ചെയ്യാനില്ല. പിന്നെ മിഥുൻ ചേട്ടന് സെവൻസ് എന്ന പടം വന്നു. ആ സമയത്ത് ഞാൻ നാട്ടിൽ പോയി നാല് മാസം അമ്മയുടെ കൂടെ നിന്നു. അപ്പോൾ മെച്ചപ്പെട്ടെന്നും ലക്ഷ്മി മേനോൻ പറഞ്ഞു. എന്ത് പ്രശ്നമുണ്ടെങ്കിലും അമ്മയെ വിളിച്ചോ എന്നാണ് മകളോട് ഞാൻ പറയാറ്. എനിക്ക് നിന്നെ ജയിലിൽ നിന്ന് രക്ഷിക്കാൻ പറ്റും. എന്നാൽ കല്ലറയിൽ നിന്ന് രക്ഷിക്കാനാകില്ല. ചിലപ്പോൾ ടീച്ചർമാർ മെയിൽ അയക്കും. സ്കൂളിൽ എല്ലാവരും മേക്കപ്പിട്ടാണ് വരിക. ഇവളെ ടാർഗറ്റ് ചെയ്ത് എന്നെ വിളിക്കും.
അവൾ ആത്മവിശ്വാസമില്ലാതെ വളരണോ എന്ന് ഞാൻ തിരിച്ച് ചോദിക്കും. ഇവൾക്ക് എഡിഎച്ച്ഡി ഒക്കെയുണ്ട്. ഈ കുട്ടിയെ മാനസികമായി തളർത്തിക്കളഞ്ഞാൽ പഠിക്കില്ല. അതിലൊക്കെ മകളെ സപ്പോർട്ട് ചെയ്യുന്ന ആളാണ് ഞാൻ. കുടുംബത്തിന് വേണ്ടി താനെന്തും ചെയ്യുമെന്നും ലക്ഷ്മി മേനോൻ പറഞ്ഞു.മൂന്നാഴ്ച മുമ്പ് എനിക്കൊരു മെന്റൽ ബ്രേക്ക് ഡൗൺ ഉണ്ടായി. അപ്പോൾ ഞാനൊരു പോസ്റ്റിട്ടു. വളരെ വേദനിപ്പിക്കുന്ന പോസ്റ്റായിരുന്നു. എന്നെ വിളിക്കാത്ത ആൾക്കാരില്ല. എന്നെ ഇഷ്‌ടപ്പെടുന്ന ഇത്രയും ആൾക്കാരുണ്ടെന്ന് മനസിലായെന്നും ലക്ഷ്മി മേനോൻ പറഞ്ഞു.


Click it and Unblock the Notifications
