ഒന്ന് കഴിഞ്ഞാലുടൻ അടുത്തത്; പരിഹസിക്കാൻ എളുപ്പം, ആമിർ ഹൃദയം തകർന്ന് കരയുന്നത് ഞാൻ കണ്ടു; സുഹൃത്ത് പറയുന്നു!
ആമിർ ഖാൻ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഘട്ടത്തിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. മൂന്നാമത്തെ ഭാര്യ ഗൗരി സ്പ്രാറ്റിനൊപ്പം ഓസ്ട്രേലിയയിൽ ഹണിമൂൺ ആഘോഷിക്കുകയാണ് താരം. ഇക്കഴിഞ്ഞ ജൂലൈ അഞ്ചിനാണ് ഇരുവരും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ സ്വകാര്യ ചടങ്ങിൽ വിവാഹിതരായത്. മൂന്ന് വിവാഹങ്ങൾ ചെയ്തതിന്റെ പേരിൽ വർഷങ്ങളായി സമൂഹമാധ്യമങ്ങളിൽ ആമിർ ഖാൻ വിമർശനങ്ങളും പരിഹാസങ്ങളും നേരിടുന്നുണ്ട്.
ഇതിനിടെയാണ് നടന്റെ അടുത്ത സുഹൃത്തായ അമിൻ ഹാജി ആമിറിന്റെ വ്യക്തി ജീവിതത്തെയും വൈകാരിക സ്വഭാവത്തെയും കുറിച്ച് മനസ് തുറന്നത്. 35 വർഷത്തിലേറെയായി ആമിറിനെ അറിയാമെന്ന് പറഞ്ഞ അമിൻ ഹാജി വിവാഹം എന്ന ഐഡിയോളജിയോട് എന്നും വലിയ ബഹുമാനമാണ് പുലർത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കി. 35 വർഷത്തിലേറെയായി എനിക്ക് ആമിറിനെ അറിയാം.

വിവാഹമെന്ന ഐഡിയോളജിയെ അദ്ദേഹം എപ്പോഴും ബഹുമാനത്തോടെയാണ് കണ്ടിട്ടുള്ളത്. ഒരു ബന്ധം തകരുമ്പോൾ പലർക്കും വിവാഹത്തോടുള്ള വിശ്വാസം തന്നെ നഷ്ടപ്പെടുത്തും. എന്നാൽ ആമിർ അങ്ങനെയല്ല. അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് ആളുകൾ തമാശ പറയാറുണ്ട്. പക്ഷെ അദ്ദേഹം എത്രത്തോളം സത്യസന്ധനും നീതിപൂർവവുമായിരുന്നു ജീവിച്ചിരുന്നതെന്ന് അവർ കാണുന്നില്ല.
ജീവിതത്തിൽ ഓരോ ഘട്ടത്തിലും മുന്നോട്ട് പോകുമ്പോഴും അദ്ദേഹം ഉത്തരവാദിത്തത്തോടെയാണ് തീരുമാനങ്ങൾ എടുത്തത്. മുൻഭാര്യമാരേയും മക്കളെയും ഒരിക്കലും അവഗണിച്ചിട്ടില്ല. അവരുടെ എല്ലാ കാര്യങ്ങളും അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്. എന്നാൽ അത് വളരെ കുറച്ച് ആളുകൾ മാത്രമാണ് അംഗീകരിക്കുന്നത് ആമിൻ ഹാജി പറഞ്ഞു. ആമിർ ഖാൻ വളരെ എളുപ്പത്തിൽ പഴയ ബന്ധങ്ങളിൽ നിന്ന് മുന്നോട്ട് പോയെന്നാണ് പലരുടെയും ധാരണ.
എന്നാൽ യാഥാർഥ്യം അതല്ലെന്നും ആമിൻ ഹാജി പറഞ്ഞു. ബന്ധങ്ങൾ തകർന്നപ്പോൾ ആമിർ ഒരുപാട് തവണ കരഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. വീണ്ടും ആമിർ പ്രണയത്തിലായതിനെക്കുറിച്ച് ആളുകൾ തമാശ പറയുന്നുണ്ട്. എന്നാൽ 15 വർഷമെന്നത് ചെറിയ കാലയളവല്ല. ഹൃദയം തകർന്ന സമയങ്ങളിൽ അദ്ദേഹം അനുഭവിച്ച വേദന ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. അദ്ദേഹം ഒരുപാട് കരഞ്ഞിട്ടുണ്ട്. പുറത്ത് നിന്ന് കാണുന്നവർ കരുതുന്നതുപോലെ ബന്ധങ്ങൾ അത്ര ലളിതമല്ല.
ഒരു വിവാഹബന്ധം അവസാനിക്കുമ്പോൾ അതിന്റെ ഉത്തരവാദിത്തം ഒരാളുടെ മേൽ മാത്രം ചുമത്തുന്നതും നീതിയല്ലെന്നും ആമിൻ വ്യക്തമാക്കി. ഇതിന് മുമ്പ് നൽകിയ ഒരു അഭിമുഖത്തിൽ തനിക്കെതിരെ ഉയർന്ന ലവ് ജിഹാദ് ആരോപണങ്ങളോട് ആമിർ ഖാൻ പ്രതികരിച്ചിരുന്നു. തന്റെ കുടുംബം മതപരമായി ഏറെ ഉൾക്കൊള്ളുന്ന സ്വഭാവമുള്ളതാണെന്നും അതുകൊണ്ടാണ് ഇത്തരം ആരോപണങ്ങൾ കേൾക്കുമ്പോൾ ചിരി വരുന്നതെന്നുമാണ് അദ്ദേഹം പറഞ്ഞത്.

എന്റെ ജീവിതം ദിനംപ്രതി കൂടുതൽ തമാശയായി മാറിക്കൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ കുടുംബം വളരെ ഉൾക്കൊള്ളുന്ന സ്വഭാവമുള്ളതാണ്. എന്റെ രണ്ട് സഹോദരിമാരും ഹിന്ദു മതവിശ്വാസികളെയാണ് വിവാഹം കഴിച്ചത്. എന്റെ മകളും ഒരു ഹിന്ദുവിനെയാണ് വിവാഹം ചെയ്തത്. എന്റെ കസിൻ മൻസൂർ ഒരു ക്രിസ്ത്യാനിയെ വിവാഹം ചെയ്തു. റീനയോ കിരണോ ഗൗരിയോ ആരും വിവാഹത്തിനായി മതം മാറിയിട്ടില്ല. ഞങ്ങൾ സിവിൽ വിവാഹമാണ് ചെയ്തത്.
ഗൗരി ഹിന്ദുവല്ല ക്രിസ്ത്യാനിയാണ്. അതും മതാചാരങ്ങൾ കർശനമായി പിന്തുടരുന്ന ഒരാളല്ല എന്നാണ് ആമിർ പറഞ്ഞത്. മുംബൈയിലെ ബാന്ദ്രയിലെ വസതിയിലായിരുന്നു ആമിറിന്റെയും ഗൗരി സ്പ്രാറ്റിന്റെയും വിവാഹം. 100 മുതൽ 150 വരെ അതിഥികൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമായിരുന്നു ചടങ്ങിലെ പ്രധാന സാന്നിധ്യം. വിവാഹശേഷം ഇരുവരും ഹണിമൂണിനായി ഓസ്ട്രേലിയയിലേക്ക് തിരിച്ചു.
അതേസമയം 100 കോടി രൂപ വിലമതിക്കുന്ന പുതിയ ആഡംബര അപ്പാർട്ട്മെന്റിലേക്ക് ആമിർ ഉടൻ താമസം മാറുമെന്നും മുൻ ഭാര്യമാരായ റീന ദത്തയും കിരൺ റാവുവും അതേ സമുച്ചയത്തിൽ താമസിക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളും അടുത്തിടെ പുറത്ത് വന്നിരുന്നു.


Click it and Unblock the Notifications


