നിശ്ചയം വരെ എത്തി പിരിഞ്ഞ കരിഷ്മ-അഭിഷേക് പ്രണയം; ഭര്‍ത്താവിനെതിരെ തുറന്നടിച്ച് കോടതിയില്‍
താരകുടുംബത്തില്‍ നിന്നും ബോളിവുഡിലെത്തി സൂപ്പര്‍ നായികയായി മാറിയ നടിയാണ് കരിഷ്മ കപൂര്‍. കപൂര്‍ കുടുംബത്തില്‍ നിന്നും സിനിമയിലെത്തിയ ആദ്യത്തെ പെണ്‍കുട്ടി. തൊണ്ണൂറുകളിലും രണ്ടായിരങ്ങളിലും ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നായികയായിരുന്നു കരിഷ്മ. ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍, ഗോവിന്ദ തുടങ്ങി അക്കാലത്തെ മിക്ക സൂപ്പര്‍ താരങ്ങളുടേയും നായികയായി അഭിനയിച്ചിട്ടുള്ള കരിഷ്മ തന്റെ പ്രകടന മികവ് കൊണ്ട് ദേശീയ പുരസ്‌കാരം അടക്കം നേടിയ സൂപ്പര്‍ നായികയായി മാറുകയായിരുന്നു.
ദില്‍ തോ പാഗല്‍ ഹേ, ഹാം സാത്ത് സാത്ത് ഹേന്‍, ബിവി നമ്പര്‍ 1, ഫിസ, രാജ ഹിന്ദുസ്ഥാനി, തുടങ്ങിയ ബ്ലോക്ബസ്റ്ററുകളിലെ നായികയായിരുന്നു കരിഷ്മ. തന്റെ സര്‍ നെയിമിന്റെ കരുത്തിലാണ് സിനിമയിലെത്തിയതെങ്കിലും സ്വന്തമായൊരു സ്ഥാനവും ആരാധകരുടെ മനസില്‍ ഒരിക്കലും മായാത്തൊരു ഇടവും നേടിയെടുക്കാന്‍ കരിഷ്മയ്ക്ക് സാധിച്ചു. തന്റെ 17-ാം വയസില്‍ പ്രേം ഖൈദി എന്ന ചിത്രത്തിലൂടെയായിരുന്നു കരിഷ്മയുടെ അരങ്ങേറ്റം. സൂപ്പര്‍ നായികയായി മാറിയ കരിഷ്മ 2003ലാണ് വിവാഹിതയാകുന്നതും അഭിനയത്തില്‍ നിന്നും പിന്മാറുന്നതും.

എന്നാല്‍ കരിഷ്മയുടെ വ്യക്തി ജീവിതം ഓണ്‍ സ്‌ക്രീനിലേത് പോലെ സുന്ദരമായിരുന്നില്ല പലപ്പോഴും. പ്രണയ തകര്‍ച്ചകളും വിവാഹ മോചനവും ഗാര്‍ഹിക പീഡനങ്ങളുമെല്ലാം കരിഷ്മയുടെ വ്യക്തിജീവിതത്തേയും വാര്‍ത്തകളില്‍ സജീവമാക്കി നിര്‍ത്തിയിരുന്നു. നടന്‍ രണ്‍ദീര്‍ കപൂറിന്റെ മകളാണ് കരിഷ്മ. എന്നാല്‍ ചെറുപ്പത്തില്‍ തന്നെ അച്ഛനും അമ്മയും പിരിഞ്ഞു. കരിഷ്മയേയും സഹോദരി കരീനയേയും വളര്‍ത്തിയത് അമ്മ ബബിത ശിവ്ദസനിയായിരുന്നു. അറുപതുകളിലേയും എഴുപതുകളിലേയും തിരക്കുള്ള നടിയായിരുന്നു ബബിത.

എങ്കിലും കരിഷ്മയുടെ കുട്ടിക്കാലം അത്ര സുഖകരമായിരുന്നില്ല. തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാനായി അമ്മയ്ക്ക് ആഭരണങ്ങള്‍ വില്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് ഒരിക്കല്‍ കരിഷ്മ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. ബോളിവുഡിലെ സൂപ്പര്‍ താരങ്ങളുടെ കുടുംബമായിരുന്നിട്ടും പെണ്‍മക്കള്‍ സിനിമയിലേക്ക് എത്താന്‍ കപൂര്‍ കുടുംബം പിന്തുണച്ചിരുന്നില്ല. അതുകൊണ്ട് തന്നെ കരിഷ്മയുടെ അഭിനയ ജീവിതത്തിന് തുടക്കത്തില്‍ അവര്‍ പിന്തുണ നല്‍കിയിരുന്നില്ല. കപൂര്‍ കുടുംബത്തില്‍ നിന്നും സിനിമയിലെത്തിയ പെണ്‍കുട്ടികള്‍ കരിഷ്മയും കരീനയും മാത്രമാണ്. വിവാഹ ശേഷം ബബിതയും നീതു സിംഗും അഭിനയം നിര്‍ത്തിയതും ഈ കാരണം കൊണ്ടാണ്.

കരിഷ്മ സിനിമയിലെത്തിയ ശേഷം ആദ്യമായി പ്രണയ വര്‍ത്തകളില്‍ ഇടം നേടുന്നത് നടന്‍ അജയ് ദേവ്ഗണിന്റെ പേരിനൊപ്പം ചേര്‍ത്തുവച്ചാണ്. ഇരുവരും ജിഗര്‍, സുഹാഗ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിരുന്നു. ഈ സമയത്താണ് ഇരുവരും അടുക്കുന്നതും പ്രണയത്തിലാകുന്നതും. ഈ സമയം അജയ് ദേവ്ഗണ്‍ നടി രവീണ ടണ്ടനുമായി പ്രണയത്തിലായിരുന്നു. അജയ് ദേവ്ഗണും കരിഷ്മയും അടുത്തതോടെ ഇത് രവീണയുമായുള്ള കരിഷ്മയുടെ പ്രശ്‌നങ്ങള്‍ക്ക് കാരണമായി. പരസ്യമായി തന്നെ കരിഷ്മയ്ക്കും അജയ് ദേവ്ഗണിനുമെതിരെ രവീണ രംഗത്ത് എത്തിയിരുന്നു. കരിഷ്മ തന്നെ സിനിമകളില്‍ നിന്നും ഒഴിവാക്കിയെന്ന് രവീണ ആരോപിച്ചിരുന്നു. ഒരിക്കല്‍ ഇരുവരും തമ്മില്‍ പരസ്യമായി കയ്യാങ്കളി വരെ നടന്നു. എന്നാല്‍ അജയ് ദേവ്ഗണ്‍ പിന്നീട് നടി കജോളുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയുമായിരുന്നു.

ഒരുകാലത്ത് ബോളിവുഡിലെ പ്രധാന ചര്‍ച്ചാ വിഷയമായിരുന്നു കരിഷ്മയും അഭിഷേക് ബച്ചനും തമ്മിലുള്ള പ്രണയം. ഇരുവരും അഞ്ച് വര്‍ഷത്തോളം പ്രണയിച്ചു. പിന്നീട് വിവാഹ നിശ്ചയം വരെ എത്തിയെങ്കിലും അവസാന നിമിഷം ഈ ബന്ധം ഇവര്‍ പിരിയുകയായിരുന്നു. രാജ് കപൂറിന്റെ മകളുടെ മകന്‍ നിഖില്‍ നന്ദയും അമിതാഭ് ബച്ചന്റെ മകള്‍ ശ്വേത ബച്ചനും തമ്മിലുള്ള വിവാഹത്തില്‍ വച്ചാണ് കരിഷ്മയും അഭിഷേകും കാണുന്നതും പരിചയപ്പെടുന്നതും. ഈ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു.

കരിഷ്മയും അഭിഷേകും പ്രണയിച്ചിരുന്ന കാലത്ത് അഭിഷേക് സിനിമയിലത്തിയിരുന്നില്ല. പിന്നീട് കരിഷ്മയുടെ സഹോദരി കരീനയ്‌ക്കൊപ്പം റെഫ്യൂജിയിലൂടെയാണ് അഭിഷേക് സിനിമയില്‍ അരങ്ങേറുന്നത്. 2002 ല്‍ കരിഷ്മയും അഭിഷേകും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നുവെങ്കിലും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇരുവരും വിവാഹത്തില്‍ നിന്നും പിന്മാറുകയായിരുന്നു. ബച്ചന്റെ 60-ാം പിറന്നാളിനായിരുന്നു ഇരുവരും വിവാഹിതരാവുകയാണെന്ന് ഔദ്യോഗികമായി തന്നെ ആരാധകരെ അറിയിച്ചത്. ജയ ബച്ചന്‍ കരിഷ്മയെ അഭിസംബോധന ചെയ്തത് പോലും മരുമകള്‍ എന്നായിരുന്നു. എന്നാല്‍ എന്തുകൊണ്ടാണ് വിവാഹത്തില്‍ നിന്നും പിന്മാറാനുള്ള കാരണം എന്ന് ഇരുവരും വെളിപ്പെടുത്തിയതുമില്ല.
Recommended Video

പിന്നീട് 2003 ല്‍ കരിഷ്മ വിവാഹിതയായി. അമ്മ ബബിതയുടെ നിര്‍ബന്ധത്തെ തുടര്‍ന്നായിരുന്നു വിവാഹം. ഡല്‍ഹി സ്വദേശിയായ ബിസിനസുകാരന്‍ സഞ്ജയ് കപൂറിനെയാണ് കരിഷ്മ വിവാഹം കഴിച്ചത്. സഞ്ജയ് കപൂറിന്റെ രണ്ടാമത്തെ വിവാഹമായിരുന്നു ഇത്. 2003 സെപ്തംബര്‍ 29 നാണ് കരിഷ്മയും സഞ്ജയ് കപൂറും വിവാഹിതരാകുന്നത്. ബോളിവുഡ് മുഴുവന്‍ എത്തിയ വലിയ ആര്‍ഭാടവിവാഹമായിരുന്നു ഇത്. എന്നാല്‍ 2010 ല്‍ ഇരുവരും ബന്ധം പിരിയുകയായിരുന്നു. രണ്ട് മക്കളാണ് ഇറുവര്‍ക്കുമുള്ളത്. സമൈറയും കിയാനും. കരിഷ്മയായിരുന്നു വിവാഹ ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. പിന്നാലെ പരസ്യമായി തന്നെ സഞ്ജയ്ക്കും അമ്മയ്ക്കുമെതിരെ കരിഷ്മ രംഗത്ത് എത്തി. 2016 ല്‍ ഇരുവരും ഔദ്യോഗികമായി പിരിയുകയും മക്കളുടെ ഉത്തരവാദിത്തം കരിഷ്മ സ്വന്തമാക്കുകയും ചെയ്തു.
Also Read; 14 വയസ്സുള്ള പെണ്‍കുട്ടിയുടെ അമ്മയാണ്, ആരേയും വിമര്‍ശിച്ചിട്ടില്ല; വിശദീകരണവുമായി രശ്മി, വായിക്കാം
ഭര്‍ത്താവിനെതിരെ വലിയ ആരോപണങ്ങളാണ് കരിഷ്മ ഉയര്‍ത്തിയത്. മുന്‍ഭാര്യയുമായുള്ള ബന്ധം തുടര്‍ന്നു കൊണ്ടാണ് തന്നെ വിവാഹം കഴിച്ചതെന്നായിരുന്നു ഒരു ആരോപണം. സഞ്ജയും അമ്മയും ചേര്‍ന്ന് തന്നെ മാനസികമായും ശാരീരകവുമായി വേദനിപ്പിച്ചുവെന്നും മുന്‍ ഭര്‍ത്താവ് മയക്കുമരുന്നിന് അടിമായയിരുന്നുവെന്നും കരിഷ്മ കോടതിയില്‍ തുറന്നു പറഞ്ഞു. ആദ്യ രാത്രി മുതല്‍ തന്നെ മര്‍ദ്ദിച്ചിരുന്നതായി കരിഷ്മ ആരോപിച്ചു. ബോളിവുഡിനെ ഇളക്കി മറിച്ചതായിരുന്നു കരിഷ്മയുടെ തുറന്നു പറച്ചിലുകള്‍.


Click it and Unblock the Notifications











