വലിയ സുന്ദരിയാണെന്നാണ് വിചാരം; സംശയവും അധികാര ഭാവവും; സൽമാന്റെ പ്രണയം ഐശ്വര്യയ്ക്ക് തലവേദനയായപ്പോൾ
ഒരു കാലത്ത് ബോളിവുഡിലെ ഏറ്റവും ജനപ്രിയമായ പ്രണയ ജോഡികളിലൊന്നായിരുന്നു സൽമാൻ ഖാനും ഐശ്വര്യ റായിയും. ഏറെക്കാലം ഇരുവരും പ്രണയത്തിലായിരുന്നു. ഇരുവരുടെയും പ്രണയം ആരംഭിച്ചത് സഞ്ജയ് ലീല ബൻസാലിയുടെ കൾട്ട് ചിത്രമായ ഹം ദിൽ ദേ ചുകേ സനത്തിന്റെ ചിത്രീകരണത്തിനിടെയായിരുന്നു. എന്നാൽ ഏറെ ചർച്ച ചെയ്യപ്പെട്ട ആ പ്രണയം അധികനാൾ നീണ്ടുനിന്നില്ല. ഐശ്വര്യയാണ് സൽമാനുമായുള്ള ബന്ധം അവസാനിപ്പിച്ച് പ്രണയത്തിൽ നിന്നും പുറത്ത് വന്നത്.
സൽമാനും ഐശ്വര്യയും തമ്മിലുള്ള ആ ബന്ധത്തിന് നേരിട്ട് സാക്ഷിയായിരുന്നവരിൽ ഒരാളാണ് മുതിർന്ന നടി ഹിമാനി ശിവ്പുരി. ഐശ്വര്യയോടൊപ്പം ജോലി ചെയ്തിരുന്ന കാലത്ത് സൽമാൻ പതിവായി ഷൂട്ടിങ് ലൊക്കേഷനിൽ എത്താറുണ്ടായിരുന്നുവെന്ന് ഒരു പോഡ്കാസ്റ്റിൽ ഹിമാനി വെളിപ്പെടുത്തിയിരുന്നു.

അന്ന് ഐശ്വര്യയും സൽമാനും വളരെ ശക്തമായ പ്രണയബന്ധത്തിലായിരുന്നു. അതിനാൽ സൽമാൻ മിക്ക രാത്രികളിലും സെറ്റിൽ എത്തുകയും രാവിലെ വരെ അവിടെ തുടരുകയും ചെയ്യുമായിരുന്നു ഹിമാനി പറഞ്ഞു. സൽമാൻ ഐശ്വര്യയോട് അതിയായ ഉടമസ്ഥബോധം പുലർത്തിയിരുന്നുവെന്നും അദ്ദേഹത്തിന്റെ പതിവായ സെറ്റ് സന്ദർശനങ്ങൾ അതിന്റെ തെളിവായിരുന്നുവെന്നും ഹിമാനി പറഞ്ഞു.
എന്നാൽ പിന്നീട് അവരുടെ ബന്ധത്തിൽ വിള്ളൽ വീണതോടെ സൽമാന്റെ നിരാശയും അസ്വസ്ഥതയും താൻ നേരിട്ട് കണ്ടിട്ടുണ്ടെന്നും അവർ ഓർത്തെടുത്തു. റോഹൻ സിപ്പി സംവിധാനം ചെയ്ത ഒരു ചിത്രത്തിൽ ഐശ്വര്യയും അഭിഷേക് ബച്ചനും ഒരുമിച്ച് അഭിനയിച്ചുകൊണ്ടിരുന്ന സമയത്താണ് സംഭവം നടന്നത്. ആ സമയത്ത് അപ്രതീക്ഷിതമായി സെറ്റിലെത്തിയ സൽമാൻ ഐശ്വര്യയുടെ പെരുമാറ്റത്തിൽ കടുത്ത അസ്വസ്ഥത പ്രകടിപ്പിച്ചതായി ഹിമാനി പറഞ്ഞു.
എന്താണ് ഇവളുടെ പ്രശ്നം?. ഒന്ന് പറഞ്ഞ് മനസിലാക്കൂ. വഹീദ റഹ്മാനെ കണ്ട് പഠിക്കട്ടെ. സ്വയം വലിയ സുന്ദരിയാണെന്നാണ് ഇവളുടെ വിചാരം എന്നാണ് അന്ന് ഐശ്വര്യയെ കുറിച്ച് അമർഷത്തോടെ സൽമാൻ പറഞ്ഞതെന്നും ഹിമാനി. അസ്വസ്ഥനായ സൽമാനോട് ഒന്ന് സമാധാനപ്പെടൂ... മിണ്ടാതിരിക്കൂ എന്ന് പറഞ്ഞുകൊണ്ട് ശാന്തനാകാൻ ഉപദേശിച്ചിരുന്നുവെന്നും ഹിമാനി കൂട്ടിച്ചേർത്തു. 1990കളിൽ ബോളിവുഡിലെ ഏറ്റവും കൂടുതൽ വാർത്തകളിൽ ഇടം നേടിയ പ്രണയ ജോഡികളായിരുന്നു സൽമാനും ഐശ്വര്യയും.
ഹം ദിൽ ദേ ചുകേ സനം എന്ന ചിത്രത്തിന്റെ സെറ്റിൽ ആരംഭിച്ച സൗഹൃദം പിന്നീട് പ്രണയമായി വളരുകയായിരുന്നു. മുൻ മിസ് വേൾഡായ ഐശ്വര്യയോടുള്ള തന്റെ പ്രണയം സൽമാൻ പല അഭിമുഖങ്ങളിലും തുറന്ന് പറഞ്ഞിട്ടുമുണ്ട്. എന്നാൽ കുറച്ച് വർഷത്തെ പ്രണയത്തിനൊടുവിൽ ഇരുവരും കടുത്ത അഭിപ്രായഭിന്നതകളെ തുടർന്ന് വേർപിരിഞ്ഞു.

പിന്നീട് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ ഒരു പഴയ അഭിമുഖത്തിൽ വേർപിരിയലിന്റെ കാരണം ഐശ്വര്യ തുറന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ മാർച്ചിലാണ് ഞാനും സൽമാനും വേർപിരിഞ്ഞത്. പക്ഷെ ആ യാഥാർഥ്യം അംഗീകരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. വേർപിരിഞ്ഞ ശേഷവും അദ്ദേഹം എന്നെ വിളിച്ച് അസംബന്ധങ്ങൾ സംസാരിക്കുമായിരുന്നു.
എന്റെ സഹതാരങ്ങളുമായി എനിക്ക് ബന്ധമുണ്ടെന്ന് അദ്ദേഹം സംശയിച്ചു. അഭിഷേക് ബച്ചൻ മുതൽ ഷാരൂഖ് ഖാൻ വരെ എല്ലാവരുടെയും പേരിനൊപ്പം എന്നെ ചേർത്ത് ഗോസിപ്പുകൾ പ്രചരിച്ചു. ചില അവസരങ്ങളിൽ സൽമാൻ എന്നെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തിട്ടുണ്ട്. ഭാഗ്യവശാൽ അതിന്റെ പാടുകൾ ശരീരത്തിൽ അവശേഷിച്ചിരുന്നില്ല. ഒന്നും സംഭവിക്കാത്തതുപോലെ ഞാൻ പിന്നീട് ജോലിക്ക് പോകുമായിരുന്നു എന്നാണ് ഐശ്വര്യ പറഞ്ഞത്.
ബ്രേക്കപ്പിനുശേഷം സൽമാന്റെ പേര് പോലും എവിടേയും നടി ഉച്ചരിക്കാറില്ല. അഭിമുഖങ്ങളിൽ സൽമാൻ ചർച്ച വിഷയമായാലും ഐശ്വര്യ പുച്ഛത്തോടെയാണ് പ്രതികരിക്കാറുള്ളത്. സൽമാനുമായി വേർപിരിഞ്ഞശേഷമാണ് അഭിഷേക് നടിയുടെ ജീവിതത്തിലേക്ക് വരുന്നത്. ഐശ്വര്യയ്ക്കുശേഷം നിരവധി സ്ത്രീകൾ സൽമാന്റെ ജീവിതത്തിൽ വന്നെങ്കിലും ഒന്നും വിവാഹത്തിലേക്ക് എത്തിയില്ല.


Click it and Unblock the Notifications


