'ഇന്നേക്ക് ആറ് മാസം', ആദ്യമായി മകന്റെ ചിത്രങ്ങൾ പുറത്തുവിട്ട് ശ്രേയാ ഘോഷാൽ
മലയാളിയല്ലെങ്കിലും മലയാളികള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഗായികമാരില്‍ ഒരാളാണ് ശ്രേയാ ഘോഷാല്‍. സ്വരമാധുര്യത്താൽ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെയെല്ലാം പ്രിയപ്പെട്ട ഗായികയായി മാറി ബംഗാള്‍ സ്വദേശിനിയായ ശ്രേയാ ഘോഷാൽ. മലയാളം എഴുതാനോ വായിക്കാനോ അറിയില്ലെങ്കിലും മലയാളി ഗായകരെ കടത്തിവെട്ടുന്ന അക്ഷരശുദ്ധിയോടെയാണ് ശ്രേയ ഓരോ ഗാനവും ആലപിക്കുന്നത്. ബോളീവുഡ് ചലച്ചിത്ര പിന്നണി രംഗത്താണ് കൂടുതലായി ഗാനങ്ങളാലപിച്ചിട്ടുള്ളതെങ്കിലും ഹിന്ദി, ഉർദു, ആസാമീസ്, ബംഗാളി, ഭോജ്പുരി, കന്നഡ, ഒഡിയ, പഞ്ചാബി, തമിഴ്, മറാത്തി, തെലുങ്ക്, മലയാളം തുടങ്ങി മറ്റ് ഭാഷകളിലെ ചലച്ചിത്രങ്ങളിലും ഗാനങ്ങൾ ആലപിക്കുന്നുണ്ട് ശ്രേയ.
Also Read: മിനി സ്ക്രീനിലൂടെ എത്തി ബിഗ് സ്ക്രീനിൽ തിളങ്ങിയ താരങ്ങൾ, ലിസ്റ്റിൽ ലേഡി സൂപ്പർസ്റ്റാർ വരെ!
ഇക്കഴിഞ്ഞ ജൂണിലാണ് ശ്രേയയ്ക്കും ഭർത്താവ് ശൈലാദിത്യ മുഖോപാധ്യായയ്ക്കും ആദ്യത്തെ കൺമണി പിറന്നത്. 2015ൽ ആയിരുന്നു ശൈലാദിത്യയുമായുള്ള ശ്രേയയുടെ വിവാഹം നടന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ഘട്ടമെന്നാണ് അമ്മയായുള്ള ജീവിതത്തെ ശ്രേയ വിശേഷിപ്പിച്ചത്. ദേവ്യാൻ മുഖോപാധ്യായ എന്നാണ് ഇരുവരും പൊന്നോമനയ്ക്ക് നൽകിയിരിക്കുന്ന പേര്. കുഞ്ഞിന്റെ പേര് ആരാധകരെ അറിയിച്ചിരുന്നുവെങ്കിലും മകന്റെ മുഖം കാണിച്ചുകൊണ്ടുള്ള ചിത്രം ശ്രേയ പുറത്തുവിട്ടിരുന്നില്ല.

മകനുമൊത്തുള്ള ചില ചിത്രങ്ങൾ നേരത്തെയും ശ്രേയ പങ്കുവെച്ചിരുന്നുവെങ്കിലും കുഞ്ഞിന്റെ മുഖം മറയ്ക്കാൻ ശ്രദ്ധിക്കാറുണ്ടായിരുന്നു. മകൻ പിറന്ന് ആറ് മാസം പിന്നിട്ട വേളയിൽ തന്റെ കൊച്ചു രാജകുമാരനെ ലോകത്തിന് പരിചയപ്പെടുത്തിയിരിക്കുകയാണ് ശ്രേയ. ശ്രേയയുടെ കൈകളിൽ നിറഞ്ഞ ചിരിയുമായി ഇരിക്കുന്ന ദേവ്യാന്റെ ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറിയത്. ആദ്യമായി ക്യാമറ കണ്ടതിന്റെ എല്ലാ അത്ഭുതവും ദേവ്യാന്റെ മുഖത്ത് കാണാം. മകന്റെ ചിത്രത്തോടൊപ്പം ശ്രേയ ഇങ്ങനെ കുറിച്ചു. 'എല്ലാവർക്കും ഹായ്.... ഞാൻ ദേവ്യനാണ്. എനിക്ക് ഇന്ന് 6 മാസം തികയുന്നു. ഇപ്പോൾ ഞാൻ എനിക്ക് ചുറ്റുമുള്ള ലോകത്തെ വീക്ഷിക്കുകയാണ്. പ്രിയപ്പെട്ട പാട്ടുകൾ കേൾക്കുന്നതിലും ചിത്ര പുസ്തകങ്ങൾ വായിക്കുന്നതിലും മണ്ടത്തരങ്ങൾ കേട്ട് ഉറക്കെ ചിരിക്കുന്നതിലും എന്റെ അമ്മയുമായി ആഴത്തിലുള്ള സംഭാഷണങ്ങളിൽ നടത്തുന്നതിലും തിരക്കിലാണ്. നിങ്ങൾ നൽകിയ സ്നേഹത്തിനും അനുഗ്രഹത്തിനും നന്ദി...' ദേവ്യാൻ ആരാധകരോട് സംസാരിക്കുന്ന തരത്തിലായിരുന്നു ശ്രേയയുടെ കുറിപ്പ്.

കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് ശ്രേയ ഘോഷാൽ പറഞ്ഞതിങ്ങനെയായിരുന്നു. ദൈവം ഒരു ആണ്‍കുട്ടിയെ നല്‍കി അനുഗ്രഹിച്ചെന്നും ഇതുവരെ അനുഭവിക്കാത്ത ഒരു വികാരമാണ് അതെന്നും കുറിച്ചാണ് ശ്രേയ കുഞ്ഞു പിറന്ന വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്. താനും കുടുംബാംഗങ്ങളും ഏറെ സന്തോഷത്തിലാണെന്നും ശ്രേയ കുറിച്ചു. ഗർഭകാലത്ത് നിറവയറുമായി നില്‍ക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് കുഞ്ഞതിഥി വരുന്നതിനെക്കുറിച്ച് ആരാധകരെ അറിയിച്ചിരുന്നു. കൂടാതെ കൂട്ടുകാരും ബന്ധുക്കളും ഒരുക്കിയ ബേബി ഷവർ ആഘോഷത്തിന്റെ ചിത്രങ്ങളും ശ്രേയ പങ്കുവെച്ചിരുന്നു.

മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ബിഗ് ബിയിലെ വിട പറയുകയാണോ എന്ന ഗാനം പാടിക്കൊണ്ടാണ് ശ്രേയ മലയാള പിന്നണി ഗാനരംഗത്തേക്ക് എത്തിയത്. ശ്രേയ ഇന്ന് മലയാളത്തില്‍ ഒഴിച്ച് കൂടാനാവാത്ത സംഗീത സാന്നിധ്യമാണ്. ശ്രേയയുടെ ഉച്ചാരണ ശുദ്ധി സംഗീത സംവിധായകര്‍ക്കും സ്രോതാക്കള്‍ക്കുമെല്ലാം എന്നുമൊരു കൗതുകമാണ്. പാടുന്ന ഓരോ വരികളുടെയും അര്‍ഥം മനസിലാക്കിയാണ് ശ്രേയ ഗാനങ്ങൾ ആലപിക്കുന്നത്. പന്ത്രണ്ടോളം ഭാഷകളില്‍ ശ്രേയ ഗാനങ്ങള്‍ ആലപിച്ച് വരികയാണ്. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് നാല് തവണ ശ്രേയയ്ക്ക് ലഭിച്ചിട്ടുണ്ട്. 2002, 2005, 2007, 2008 എന്നീ വർഷങ്ങളിലായിട്ടാണ് ദേശീയ അംഗീകാരം ശ്രേയയ്ക്ക് ലഭിച്ചത്.

പശ്ചിമ ബംഗാളിലെ മൂർഷിദാബാദിലാണ് ശ്രേയയുടെ ജനനമെങ്കിലും കുട്ടിക്കാലം ചെലവഴിച്ചത് രാജസ്ഥാനിലെ കോട്ടയ്ക്ക് സമീപമുള്ള റാവത്ത്ഭട്ട എന്ന ചെറുപട്ടണത്തിലായിരുന്നു. നാല് വയസ് മുതൽ സംഗീതം പഠിച്ച് തുടങ്ങിയ ശ്രേയ ഘോഷാൽ എന്ന പ്രതിഭയെ കണ്ടെടുത്തതും ബോളിവുഡിന് പരിചയപ്പെടുത്തിയതും സംവിധായകന്‍ സഞ്ജയ് ലീലാ ബൻസാലിയാണ്. പതിനാറാം വയസിൽ ഒരു റിയാലിറ്റി ഷോയിൽ പങ്കെടുക്കുമ്പോഴാണ് ശ്രേയയെന്ന പ്രതിഭ ബൻസാലി കണ്ടെത്തുന്നത്. തുടർന്ന് ദേവദാസ് എന്ന സിനിമയിൽ ശ്രേയയെ കൊണ്ട് പാടിപ്പിച്ചു. ദേവദാസിലെ ഗാനങ്ങൾ പ്രേക്ഷക ശ്രദ്ധ നേടുകയും ആ വർഷത്തെ ദേശീയ പുരസ്കാരം ശ്രേയയ്ക്ക് ലഭിക്കുകയും ചെയ്തു. ഐശ്വര്യ റായി ആയിരുന്നു ചിത്രത്തിൽ നായിക. ഇന്നും ശ്രേയയുടെ ശബ്ദത്തിൽ പിറന്ന ദേവദാസിലെ ഗാനങ്ങൾ ആരാധകർക്ക് പ്രിയപ്പെട്ടതാണ്. കുട്ടിക്കാലം മുതൽ ഒരു പിന്നണി ഗായികയാകുക എന്ന അഭിലാഷം ശ്രേയയ്ക്കുണ്ടായിരുന്നു. ദേവദാസിലെ ആദ്യ ഗാനം റെക്കോർഡ് ചെയ്യുമ്പോൾ പതിനാറ് വയസ് മാത്രമായിരുന്നു ശ്രേയയുടെ പ്രായം.
Recommended Video

ദേശീയ പുരസ്കാരങ്ങൾക്ക് പുറമെ അഞ്ച് ഫിലിം ഫെയർ പുരസ്കാരങ്ങളും ശ്രേയയ്ക്ക് ലഭിച്ചിട്ടുണ്ട്. 2007ൽ ആയിരുന്നു മലയാള സിനിമാ ഗാനങ്ങൾ ശ്രേയ പാടിത്തുടങ്ങിയത്. ബിഗ് ബിക്ക് ശേഷം സാഗർ ഏലിയാസ് ജാക്കി എന്ന സിനിമയിലെ വെണ്ണിലവേ എന്ന ഗാനം ആലപിച്ചു. ആ ഗാനവും സൂപ്പർ ഹിറ്റായി. മലയാളത്തിൽ വരികൾ പറഞ്ഞ് കൊടുക്കുമ്പോൾ അത് ഹിന്ദിയിലേക്ക് എഴുതിയാണ് ശ്രേയ പാട്ടുകൾ പഠിക്കുന്നത്. പിന്നീട് അത് നോക്കി ഈണത്തിനൊത്ത് ആലപിക്കും. മലയാളത്തിലെ തുടക്കകാലത്തെ ശ്രേയയുടെ ഹിറ്റ് നീലത്താമര എന്ന സിനിമയിലെ അനുരാഗ വിലോചനനായി എന്ന ഗാനമാണ്. നീലത്താമരയ്ക്ക് ശേഷം ആഗതൻ, അൻവർ എന്നീ സിനിമകളിൽ പാടിയ ശ്രേയയുടെ പാട്ടുകളും ഹിറ്റായിരുന്നു. കാണാ മുള്ളാൽ, ചെമ്പരത്തി കമ്മലിട്ട്, ആവണിതുമ്പീ, കണ്ണോട് കണ്ണോരം, പതിനേഴിന്റെ പൂങ്കരളിൽ, എന്തിനീ മിഴിരണ്ടും, കുങ്കുമ നിറ സൂര്യൻ എന്നിവയാണ് ഹിറ്റായ ഗാനങ്ങളിൽ ചിലത്. ഓരോ വർഷവും മലയാളത്തിൽ മാത്രം നാലിൽ അധികം ഗാനങ്ങളാണ് ശ്രേയ ആലപിച്ചുകൊണ്ടിരുന്നത്. സിനിമാ ഗാനങ്ങൾക്ക് പുറമെ മലയാളത്തിലെ ആൽബം ഗാനങ്ങളും ശ്രേയ ആലപിച്ചിട്ടുണ്ട്.


Click it and Unblock the Notifications











