സൗത്തിലും ബോളിവുഡിലും ബോഡി ഷെയ്മിംഗ് നേരിട്ടു; പാര്‍ട്ടികള്‍ക്ക് പോകാത്തത് ഇതിനാല്‍: വിജയ് സേതുപതി
തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് വിജയ് സേതുപതി. ഇപ്പോഴിതാ ബോളിവുഡിലും സജീവമായി മാറുകയാണ് വിജയ് സേതുപതി. കത്രീന കൈഫിനൊപ്പം അഭിനയിക്കുന്ന മെറി ക്രിസ്മസ് ആണ് സേതുപതിയുടെ പുതിയ സിനിമ. ശ്രീറാം രാഘവന്‍ ആണ് സിനിമയുടെ സംവിധാനം. നേരത്തെ ഷാരൂഖ് ഖാന്‍ ചിത്രം ജവാനിലെ വില്ലനായി എത്തിയും സേതുപതി കയ്യടി നേടിയിരുന്നു. ഇപ്പോഴിതാ താന്‍ നേരിട്ട ബോഡി ഷെയ്മിംഗിനെക്കുറിച്ച് സേതുപതി സംസാരിക്കുകയാണ്.
ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് വിജയ് സേതുപതി മനസ് തുറന്നത്. ഇപ്പോള്‍ എന്ത് ധരിക്കുന്നു എന്നതില്‍ താന്‍ ബോധവാനാണെന്നും പാര്‍ട്ടികള്‍ക്കും മീറ്റിംഗുകള്‍ക്കുമെല്ലാം ചപ്പല്‍ ധരിച്ച് ചെല്ലുന്ന ശീലമുണ്ടായിരുന്നുവെന്നും സേതുപതി പറയുന്നുണ്ട്. മെറി ക്രിസ്മസിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് സേതുപതി മനസ് തുറന്നത്.

''ഞാന്‍ ഇങ്ങനെ തന്നെയായിരുന്നു. എന്നെ വല്ലാതെ ബോഡി ഷെയ്മിംഗ് ചെയ്തിട്ടുണ്ട്. അവിടേയും ചെയ്തിട്ടുണ്ട്. പക്ഷെ നല്ല കാര്യം സംഭവിച്ചത് എന്തെന്നാല്‍ ഞാന്‍ എങ്ങനെയാണോ അത് ആളുകള്‍ അംഗീകരിച്ചു എന്നതാണ്. ഇന്ന് എവിടെ പോയാലും ആളുകള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. അതൊരു അനുഗ്രഹമാണ്. പ്രേക്ഷകര്‍ കാരണം ഇന്ന് ഞാന്‍ ഞാനായിരിക്കുന്നതില്‍ സന്തോഷിക്കുന്നു. ഞാനിതൊന്നും പ്രതീക്ഷിച്ചതേ ആയിരുന്നില്ല'' എന്നാണ് സേതുപതി പറയുന്നത്.
''ആരാധകര്‍ ആരാധകരാണ്. അവരുടെ സ്‌നേഹം സത്യമാണ്. ആരാധകരുടെ സ്‌നേഹം എനിക്ക് എനര്‍ജി ഡ്രിങ്ക് പോലെയാണ്. പ്രേക്ഷകരുടെ സ്‌നേഹം ലഭിക്കുമ്പോഴാണ് നമ്മള്‍ പോകുന്നത് ശരിയായ പാതയിലാണെന്ന ബോധ്യമുണ്ടാകുന്നത്. ഞാന്‍ അതാണ് മനസിലാക്കുന്നത്. അതെനിക്ക് എപ്പോഴും ഊര്‍ജ്ജം നല്‍കുന്ന കാര്യമാണ്'' വിജയ് സേതുപതി പറയുന്നു.
''ഞാന്‍ മുംബൈയിലേക്ക് വന്ന കാലത്ത്, മുംബൈക്കറും ഗാന്ധി ടോക്‌സുമൊക്കെ ചെയ്തിരുന്നപ്പോള്‍ വളരെ കുറച്ചു പേര്‍ക്ക് മാത്രമേ എന്നെ അറിയുമായിരുന്നുള്ളൂ. പക്ഷെ ഇപ്പോള്‍ എന്നെ ഒരുപാട് പേര്‍ക്ക് അറിയാം. അവര്‍ അടുത്ത് വരികയും എന്റെ സിനിമകളെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്. നമ്മള്‍ സിനിമയൊരുക്കുന്നത് പ്രേക്ഷകര്‍ക്ക് വേണ്ടിയാണ്. അഭിനേതാക്കള്‍ എന്ന നിലയില്‍ അവരുടെ സ്‌നേഹം നമുക്ക് ആവശ്യമാണ്. അത് ലഭിക്കുമ്പോഴാണ് നമ്മള്‍ പോകുന്നത് ശരിയായ പാതയിലാണെന്ന് മനസിലാവുക'' എന്നും അദ്ദേഹം പറയുന്നു.

''ചിലപ്പോഴൊക്കെ എന്റെ വസ്ത്രങ്ങളുടെ കാര്യത്തില്‍ ഞാന്‍ ബോധവാനാകാറുണ്ട്. ചിലപ്പോള്‍ ആളുകള്‍ പറയും ഞാന്‍ ഷോ ഓഫ് ചെയ്യുകയാണ്, ചിലപ്പോള്‍ പറയുക ഞാന്‍ വളരെ സിമ്പിളാണ് എന്നാണ്. ചപ്പല്‍ ഇടുന്നുണ്ടെന്ന് കരുതി എങ്ങനെയാണ് സിമ്പിളാവുക. അടയ്‌ക്കൊക്കെ ഇതെന്നെ ചിന്തിപ്പിക്കാറുണ്ട്. ഞാന്‍ പരിപാടികള്‍ക്ക് പോകുമ്പോള്‍ എല്ലാവരും നല്ല വേഷം ധരിച്ചായിരിക്കും വന്നിട്ടുണ്ടാവുക. അതിനാല്‍ ഞാന്‍ പരിപാടികള്‍ക്ക് പോകാറില്ല'' എന്നും വിജയ് സേതുപതി പറയുന്നുണ്ട്.
മെറി ക്രിസ്മസ് ആണ് വിജയ് സേതുപതിയുടെ പുതിയ സിനിമ. കത്രീന കെെഫാണ് ചിത്രത്തിലെ നായിക. അന്ധാദുന്‍, ബദ്ലാപൂർ, തുടങ്ങിയ സിനിമകളുടെ സംവിധായകനായ ശ്രീറാം രാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം തന്നെ ആരാധകരില്‍ ആകാംഷ ജനിപ്പിച്ചിരുന്നു.


Click it and Unblock the Notifications











