»   » സൂപ്പറുകളുടെ നിഴല്‍പറ്റി ജീവിക്കുന്നവര്‍

സൂപ്പറുകളുടെ നിഴല്‍പറ്റി ജീവിക്കുന്നവര്‍

Posted By:
Subscribe to Filmibeat Malayalam
മലയാളസിനിമയിലെ ചില സംവിധായകര്‍ സൂപ്പര്‍സ്റ്റാറുകളുടെ നിഴലില്‍ ജീവിക്കുന്നവരാണെന്ന് തുറന്നു പറയുന്നത് പ്രശസ്ത താരം ദേവനാണ്. ഒരു പ്രമുഖ സിനിമാവാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ദേവന്റെ പരാമര്‍ശങ്ങള്‍. സൂപ്പര്‍സ്റ്റാറുകളെ വെച്ച് പടമെടുക്കുമ്പോള്‍ സിനിമയുടെ വിജയ പരാജയങ്ങള്‍ക്ക് അവര്‍ മാത്രമാണ് ഉത്തരവാദികള്‍. അലസരായ സംവിധായകരുടെ ഒരു തന്ത്രവും കൂടിയാണിത്. ദേവന്‍ സൂചിപ്പിക്കുന്ന കാര്യങ്ങള്‍ പ്രസക്തമാണ്.

ഫാന്‍സുകളെ സന്തോഷിപ്പിക്കുന്ന രീതിയില്‍ ഹീറോ യിസം കലിപിച്ചു നല്‍കി തട്ടിക്കൂട്ട് സിനിമകള്‍ സൂപ്പര്‍സ്റ്റാര്‍ പരിവേഷങ്ങളില്‍ മാത്രം പടച്ചു വിടുന്ന ചില സംവിധായകര്‍ മുഖ്യധാരയില്‍ നിറഞ്ഞു നില്പുണ്ട്. പക്ഷേ പ്രേക്ഷകരുടെ നിലപാടുകളില്‍ കാര്യമായ മാറ്റം വന്നതോടെ ഇവരുടെ നില പരിതാപകരമായി കൊണ്ടിരിക്കുകയാണ്. തങ്ങളുടെ ചിത്രങ്ങള്‍ നിരനിരയായി പൊട്ടുമ്പോള്‍ സൂപ്പര്‍ താരങ്ങള്‍ കാര്യങ്ങള്‍ തിരിച്ചറിയുകയും ഗതിമാറ്റി പിടിക്കുകയും ചെയ്യുന്നുണ്ട്.

സിനിമയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങളെ ഗുണപരമായി സമീപിക്കാനൊന്നും സൂപ്പര്‍ താരങ്ങള്‍ തയ്യാറല്ലെങ്കിലും തിരിച്ചറിവോടെ സ്വന്തം നിലപാടുകള്‍ തിരുത്താന്‍ തയ്യാറാവുന്നു. അതിനുപോലും തയ്യാറല്ല പരമ്പരാഗതപാത സ്വീകരിച്ചുവരുന്ന പല സംവിധായകരും. തെലുങ്ക്, തമിഴ്, മലയാളം സിനിമകളില്‍ സൂപ്പര്‍സ്റ്റാര്‍ പരിവേഷമുള്ള സുന്ദരനായ വില്ലന്‍ ദേവന്റെ പാരമ്പര്യ വാദ നിരീക്ഷണങ്ങളും ശ്രദ്ധേയമാണ്.

പുതിയ സിനിമകളുടെ ട്രെന്റില്‍ ദേവന്‍ അതൃപ്തി പ്രകടിപ്പിക്കുന്നു. സെക്‌സും വയലന്‍സുമാണ് പുതിയ സിനിമകള്‍ പ്രമോട്ട് ചെയ്യുന്നതെന്ന ദേവന്റെ വാദം മാറിവരുന്ന സിനിമകളോടുള്ള പിന്തിരിപ്പന്‍ നിലപാടു തന്നെയാണ്. ഇവിടെ മലയാള സിനിമയ്ക്കായി ഒരു പ്രസക്തിയൊന്നുമില്ല. കേരളത്തിലെ തിയേറ്ററുകളില്‍ വിദേശ ചിത്രങ്ങളും ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളും മലയാളത്തിനൊപ്പം കാഴ്ചക്കു വിധേയമാക്കപ്പെടുന്നുണ്ട്. സെക്‌സും വയലന്‍സും ഏറ്റവും കുറവ് മലയാളസിനിമകളിലാണ്.

പ്രേക്ഷകര്‍ ഏല്ലാതരം സിനിമകളും കാണുമ്പോള്‍ മലയാളസിനിമ ചീത്തയാക്കുമെന്ന വാദം അടിസ്ഥാന രഹിതമാണ്. ഹാര്‍ഡ് വര്‍ക്കിലൂടെ നല്ല തിരക്കഥകളും സംവിധാനശൈലികളും രൂപപ്പെടുത്തുന്നതിന് പുതിയ തലമുറയില്‍പെട്ട സംവിധായകരും അലസന്‍മാരാണ്. പലരും അന്യദേശ ചിത്രങ്ങളുടെ വിദൂരച്ഛായയിലാണ് സ്വന്തം സിനിമകള്‍ സ്വരുകൂട്ടുന്നത് . എങ്കിലും യുവസംവിധായകരില്‍ മിക്കവരും നല്ല ഭാവനയുള്ളവരാണെന്ന് പറയാതിരിക്കാനാവില്ല.

സിനിമയില്‍ വന്ന മാറ്റങ്ങളെ പ്രേക്ഷകര്‍ പോസിറ്റീവായി എടുത്തുകഴിഞ്ഞു. അതിന്റെ മാറ്റങ്ങള്‍ സിനിമ വ്യവസായത്തില്‍ തിരിച്ചറിയാനുമുണ്ട്. ഇനിയും ഇതൊക്കെ തിരിച്ചറിയാനും വിലയിരുത്താനും മുന്നോട്ട് വരേണ്ടത് പാരമ്പര്യവാദികളായ സംവിധായകരും താരങ്ങളുമാണ്. നമ്മുടെ സിനിമ എക്കാലത്തും വിദേശങ്ങളില്‍ അടൂരിന്റെ മേല്‍വിലാസത്തില്‍ മാത്രമല്ല അറിയപ്പെടേണ്ടത്.

ലോകഭാഷയിലുള്ള സിനിമകളിലെല്ലാം മാറ്റങ്ങള്‍ വരുന്നുണ്ട്. ധീരമായ ചുവടുവെപ്പുകള്‍ ഉണ്ടാവുന്നുണ്ട്. മലയാള സിനിമയിലും അത് സാദ്ധ്യമാവണം. മികച്ച കലാസൃഷ്ടികളും ഒപ്പം പ്രേക്ഷക ശ്രദ്ധ നേടുന്നവിധം മലയാളസിനിമകളും മാറ്റാനുള്ള ഉത്തരവാദിത്വം ഇവിടുത്തെ തലമുതിര്‍ന്ന സിനിമക്കാര്‍ക്കുണ്ട്.

English summary
Some directors in the Malayalam film industry are much depandent on superstars, says actor Devan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X