മായാനദി കണ്ടതിന് ശേഷം അച്ഛനും അമ്മയും കുറെ നാൾ മിണ്ടിയില്ല, ഇപ്പോഴും ചോദ്യം വരും: ഐശ്വര്യ ലക്ഷ്മി
മലയാള സിനിമയിൽ തുടങ്ങി ഇന്ന് വലിയ ഉയരങ്ങളിൽ എത്തി നിൽക്കുന്ന നായികയാണ് ഐശ്വര്യ ലക്ഷ്മി. പ്രത്യേകിച്ച്, മലയാളത്തിലും, തമിഴിലുമായി ചില നല്ല ചിത്രങ്ങളുടെ ഭാഗമായികൊണ്ടിരിക്കുകയാണ് താരം ഇപ്പോൾ. ഏറെ നല്ല സിനിമകളുടെ ഭാഗമായെങ്കിലും, ഐശ്വര്യ ലക്ഷ്മിയുടെ കരിയറിൽ വഴിത്തിരിവായത് ആഷിഖ് അബു സംവിധാനം ചെയ്ത റൊമാന്റിക് ത്രില്ലെർ ചിത്രം മായാനദിയാണ്. ടോവിനോ തോമസും ഐഷുവും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രത്തെ, മലയാളത്തിന്റെ ക്ലാസിക് പ്രണയചിത്രങ്ങളുടെ ഗണത്തിലാണ് ഇന്ന് പ്രേക്ഷകർ ഉൾപ്പെടുത്തിയിരിക്കുന്നത്.
എന്നാൽ നായികയായ ഐശ്വര്യ ലക്ഷ്‌മിയ്‌ക്ക് കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. മുൻപൊരിക്കൽ പ്രശസ്ത എഫ്.എം. ചാനലായ റേഡിയോ മംഗോയ്ക്ക് നൽകിയ അഭിമുഖത്തിൽ, ഇതേക്കുറിച്ച് പ്രശസ്ത നടി മനസ്സ് തുറന്നിരുന്നു. മായാനദിയിൽ ഇന്റിമേറ്റ് സീനുകൾ ഉണ്ടെന്ന വിവരം തന്റെ അച്ഛനും അമ്മയ്ക്കും അറിയില്ലായിരുന്നു എന്നാണ് നടി വെളിപ്പെടുത്തിയത്.

മഞ്ജുവിന് സങ്കടം കാണുമെന്ന് സമ്മതിച്ച ദിലീപ്; മീനാക്ഷിയോടൊപ്പം നൃത്തം പഠിക്കാൻ അനുവദിച്ചിരുന്നു
മകൾ സിനിമയിലേക്ക് എത്തിയത് പോലും തന്റെ അച്ഛനും അമ്മയ്ക്കും ഇന്നും അംഗീകരിക്കാനായിട്ടില്ല എന്നും, മായാനദി കണ്ടതിന് ശേഷം ഏകദേശം ആറ് മാസത്തോളം അവർ തന്നോട് മിണ്ടിയിട്ടില്ലെന്നും ഐശ്വര്യ ലക്ഷ്മി വെളിപ്പെടുത്തി. "ഒരു പടം കൊണ്ട് നിർത്തിക്കോളാം എന്നും പറഞ്ഞാണ് ഞാൻ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിൽ അഭിനയിക്കുന്നത്. അത് റിലീസാവുന്നതിന് മുൻപേ മായാനദി ഷൂട്ട് ചെയ്തു. അപ്പോൾ ഞാൻ, "ഇതിന് നോ പറഞ്ഞാൽ എന്റെ അത്രയും വലിയ മണ്ടി വേറെയുണ്ടാവില്ല," എന്നൊക്കെ പറഞ്ഞാണ് സമ്മതിപ്പിച്ചത്," താരം ഓർത്തെടുത്തു.
"റിലീസിന് മുൻപ്, റൊമാന്റിക് സിനിമയായതു കൊണ്ട് കെട്ടിപ്പിടിക്കുന്ന സീനൊക്കെ ഉണ്ടെന്ന് പറഞ്ഞിരുന്നു. എന്റെ വിചാരം, ഞാൻ വീട്ടിൽ പോവാതെ ഇരുന്നാൽ ഇവർ സിനിമ ചിലപ്പോ കാണില്ലായിരിക്കും എന്നാണ്. കാരണം ഞാൻ തീയറ്ററിൽ കൊണ്ട് പോയാൽ ഇവര് സിനിമ കാണാൻ വരാറുള്ളൂ, ഇവർക്ക് സിനിമ കാണാനൊന്നും വല്യ താത്പര്യമില്ല. പക്ഷെ അന്ന് ഇവർ ഞാൻ നിർബന്ധിക്കാതെ പോയി. അത് കാണാൻ അച്ഛനും അമ്മയും, അച്ഛന്റെ ബന്ധുക്കളെയൊക്കെ കൂട്ടിയാണ് പോയത്," ഒരു ചമ്മലോടെ ഐഷു വെളിപ്പെടുത്തി.

മായാനദി കണ്ടതിന് ശേഷം ദേഷ്യത്തിലായിരുന്ന അച്ഛനും അമ്മയും ഏതാണ്ട് ആറു മാസത്തോളം ഐശ്വര്യയോട് മിണ്ടാതെയിരുന്നു. "അതിന് ശേഷം ഏതു സിനിമ ഇറങ്ങിയാലും, അച്ഛൻ ഇപ്പോഴും എന്നോട് ചോദിക്കും: "ഇത് കാണാമല്ലോ അല്ലെ?" എന്ന്," പ്രശസ്ത നടി പറഞ്ഞു നിർത്തി. എന്തായാലും, മെഡിസിൻ പഠനം കഴിഞ്ഞെങ്കിലും സിനിമയാണ് തന്റെ വഴി എന്ന് തിരിച്ചറിഞ്ഞ ഐശ്വര്യ ലക്ഷ്മി, തന്റെ കരിയർ തുടരാൻ തന്നെ തീരുമാനിച്ചു. എന്നാലും, അച്ഛനും അമ്മയ്ക്കും ഇന്നും മകൾ ഡോക്ടർ ആയി പ്രാക്റ്റീസ് ചെയ്യണമെന്ന് തന്നെയാണ് ആഗ്രഹം എന്ന് നടി വെളിപ്പെടുത്തിയിരുന്നു.
തമിഴിൽ ഐശ്വര്യ ലക്ഷ്മി അവസാനമായി പ്രത്യക്ഷപ്പെട്ടത് മണി രത്നം സംവിധാനം ചെയ്ത കമൽ ഹാസൻ ചിത്രം തഗ് ലൈഫിലും, സൂരി നായകനായ മാമൻ എന്ന ചിത്രത്തിലുമാണ്. പ്രശസ്ത നടി ഇപ്പോൾ തെലുങ്കിൽ സംബ്രല്ല യെറ്റി ഗട്ടു എന്ന ചിത്രത്തിലും, മലയാളത്തിൽ ആശ എന്ന ചിത്രത്തിലും അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications











