ഓഹ് അത് ഇവങ്കളാ, വാ കണ്ണേ..! മോളുടെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ഏതറ്റം വരെയും പോകുന്ന അപ്പന്‍
സോഷ്യല്‍ മീഡിയയില്‍ വൈറലായി വിജയ് സേതുപതിയെക്കുറിച്ചുള്ളൊരു കുറിപ്പ്. തന്റെ മകളുടെ ആഗ്രഹം നേടിക്കൊടുക്കാന്‍ താന്‍ ഏതറ്റം വരേയും പോകും എന്ന് പറയുന്ന ഒരച്ഛന്റെ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. നടനും ഫോട്ടോഗ്രാഫറുമായ അരുണ്‍ പുനലൂര്‍ പങ്കുവച്ച മനോഹരമായ കുറിപ്പാണ് ചര്‍ച്ചയായി മാറുന്നത്. വിജയ് സേതുപതിയെ കാണുക എന്ന തന്റെ മകളുടെ ആഗ്രഹം നിറവേറ്റി കൊടുത്തതിനെക്കുറിച്ചാണ് അദ്ദേഹം കുറിപ്പിലെഴുതുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.
ഒരു കഥൈ സൊല്ലട്ടുമാ സര്‍. ഈ കഥയുടെ ഫ്‌ലാഷ് ബാക്ക് കഴിഞ്ഞ നവംബറില്‍ ഗോവയിലാണ് നടന്നത്. (അതെന്താണ് എന്നറിയാത്തവര്‍ക്ക് വീഡിയോ ലിങ്ക് കമന്റ് ബോക്‌സില്‍ ഇട്ടേക്കാം ) ആ യാത്രയിലാണ് യാദൃശ്ചികമായി ഞാന്‍ പി ആര്‍ ഓ പ്രതീഷിനെ പരിചയപ്പെടുന്നതും. വിജയ് സേതുപതി കേരളത്തില്‍ എത്തുമ്പോ അദേഹത്തിന്റെ പി ആര്‍ വര്‍ക്കുകള്‍ ചെയ്യുന്നത് ഇദ്ദേഹമാണ് എന്നറിഞ്ഞപ്പോ ഞാന്‍ എന്റെ ആവശ്യം അങ്ങേരോട് പറഞ്ഞു. ഇനി എന്നെങ്കിലും മൂപ്പര് ഇവിടെ വരുമ്പോള്‍ എന്റെ മോളെ ഒന്ന് കൊണ്ടോയി കാണിച്ചു കൂടെ നിന്നൊരു ഫോട്ടോ എടുക്കാനുള്ള അവസരം ഉണ്ടാക്കിത്തരണം.

അവളുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണത്. ഇനി വരുമ്പോള്‍ നമുക്ക് നോക്കാം ചേട്ടാ എന്ന് മറുപടി തന്നു പ്രതീഷ് ഭായ് പോയി...
ഞാന്‍ ഇതിനായി പല വഴികളിലൂടെ ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നെങ്കിലും ഒന്നും ഫലം കണ്ടില്ല. മോളാണേല്‍ ഇടക്കിടെ ചോദിക്കും അച്ഛാ അത് നടക്കുമോ..? സാധ്യമാകും എന്നൊരുറപ്പുമില്ലെങ്കിലും ഞാന്‍ വെറുതെ പറയും സമയമാകുമ്പോ അതു നടക്കും മക്കളെ. അച്ഛനത് നടത്തിത്തരും. പക്ഷെ പോകെപ്പൊക്കെ എന്നേ വിഷമിപ്പിക്കണ്ട എന്ന് കരുതിയാകും അവളാ ചോദ്യം തന്നെ നിര്‍ത്തി.
ആ ആഗ്രഹം നടക്കില്ലെന്നൊരു നിരാശ അവള്‍ക്ക് തോന്നിയിട്ടുണ്ടാവും. ഇന്നലെ നിനച്ചിരിക്കാതെ പ്രതീഷ് ഭായിയുടെ ഒരു മെസേജ് വന്നു. മഹാരാജ പ്രമോഷനായി വിജയ് സേതുപതി കൊച്ചിയില്‍ വരുന്നുണ്ട്. പക്ഷെ കൊച്ചിയില്‍ വരെ പോയി കാണുക എന്നത് സമയം വൈകിയതിനാല്‍ റിസ്‌ക്കായത് കൊണ്ട് ഇന്ന് തിരുവനന്തപുരത്ത് പരിപാടി ഉണ്ട് അവര് നല്ല ബിസിയാണ് എന്നാലും എന്തെങ്കിലും നടക്കുമെങ്കില്‍ ഞാന്‍ മാക്‌സിമം നോക്കാം. രാത്രി പറയാം. ഇന്നു നേരം പുലര്‍ന്നപ്പോഴും മെസേജ് ഒന്നും കാണാഞ്ഞപ്പോ സാധ്യത ഇല്ലായിരിക്കും എന്ന് കരുതി മ്ലാനമായ മുഖത്തോടെ കൊച്ചു സ്‌കൂളിലേക്ക് പോയി.
ആ പോക്ക് കണ്ട് എനിക്കും നല്ല സങ്കടമായി. ആ പോട്ട് ഇനി എന്നെങ്കിലും വിധിയുണ്ടേല്‍ കാണാം എന്ന് കരുതി ഞാനും ആ വിഷയം വിട്ടു. ഉച്ചയായപ്പോ അതാ പ്രതീഷിന്റെ മെസ്സേജ് വരുന്നു വൈകിട്ട് തിരുവനന്തപുരം വന്നാല്‍ നമുക്കൊരു കൈ നോക്കാം. അപ്പൊ സമയം ഉച്ചക്ക് ഒന്നെമുക്കാല്‍. അഞ്ചു മിനിറ്റ് കൊണ്ട് റെഡിയായി സ്‌കൂളില്‍ ചെന്ന് മോളെയും വിളിച്ചു കൊണ്ട് ഒരൊറ്റ പാച്ചില്‍. തിരുവനന്തപുരത്തൂന്ന് ഷിജുവിനേം വിളിച്ചു ക്യാമറയും കൊണ്ട് പോരേ. ഒരു ചെറിയ പരിപാടിയുണ്ട്.
ആദ്യം ഏരീസിലേ തീയറ്റര്‍ വിസിറ്റ് അവിടെ ഒരു ലോഡ് ജനം. അങ്ങോട്ടേക്ക് അടുക്കാന്‍ പോലും പറ്റുന്നില്ല. അവിടുന്ന് നേരെ ഗോകുലം ഗ്രാന്‍ഡ് ഹോട്ടലിലേക്ക്.. അവിടെ ചാനല്‍ ഇന്റര്‍വ്യൂ നടക്കുകയാണ്.അതു കഴിഞ്ഞു നമുക്ക് സെറ്റ് ആക്കാം പ്രതീഷ് ഭായ് ഉറപ്പ് തന്നു. അല്‍പ്പം കഴിഞ്ഞപ്പോ ഒന്നാമത്തെ നിലയിലേക്ക് ചെല്ലാന്‍ നിര്‍ദേശം വന്നു. ഇന്റര്‍വ്യൂ കഴിഞ്ഞു ഫ്രീ ആയി നിക്കുന്ന അദ്ദേഹത്തെ കാണാനും ഒപ്പം ഫോട്ടോ എടുക്കാനും ഫാന്‍സ് കാത്ത് നില്കുന്നു. രണ്ടാമത്തെ ഊഴത്തില്‍ ഞങ്ങള്‍ക്ക് അവസരം കിട്ടി. ഞാന്‍ നുന്നപ്പനെയും കൂട്ടി അടുത്ത് ചെന്ന് പറഞ്ഞു സെര്‍ അന്ന് ഗോവയില്‍ വച്ചു ഞാന്‍ പറഞ്ഞ എന്റെ മോളാണിത്.

ഓഹ് അത് ഇവന്കളാ. വാ കണ്ണേ. അന്നത്തെ സംഭവം അദ്ദേഹം ഓര്‍മ്മയില്‍ വച്ചിരുന്നു എന്നത് എന്നേ അത്ഭുതപ്പെടുത്തി. അവളെ അടുത്ത് വിളിച്ചു നിര്‍ത്തി കുറെ വിശേഷങ്ങള്‍ ചോദിച്ചു. അവളുടെ ആഗ്രഹം പോലെ ചേര്‍ത്ത് നിര്‍ത്തി നെറുകയില്‍ മുത്തം കൊടുത്തു തലയില്‍ കൈ വച്ചു അനുഗ്രഹിച്ചു ഒപ്പം നിര്‍ത്തി ഫോട്ടോ എടുത്തു. എന്റെ കുഞ്ഞിനു സന്തോഷിക്കാന്‍ ഇതില്‍ പരം എന്ത് വേണം. സ്വന്തം മോളുടെ ഏറ്റവും വലിയൊരു മോഹം സാക്ഷാല്‍ക്കരിക്കാന്‍ ഒരപ്പന്‍ ഏതറ്റം വരെ പോകും എന്ന് എന്നോട് ചോദിച്ചാല്‍ എന്റെ കുഞ്ഞിന്റെ വര്‍ഷങ്ങളായുള്ള സ്വപ്നം സഫലമാക്കാന്‍ ഞാന്‍ ഏതറ്റം വരെയും പോകും എന്നേ പറയാനുള്ളൂ.
എന്നേന്‍കിലുമൊരിക്കല്‍ ഇതു നടന്നേക്കും എന്നെനിക്കൊരു പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ഇത്രയും വേഗത്തില്‍ അതും തികച്ചും യാദൃശ്ചികമായി ഇത്രയും ഭംഗിയായി അത് നടക്കാന്‍ കാരണം ന്റെ പ്രിയപ്പെട്ട സുഹൃത്ത് പ്രതീഷ് ഭായിയാണ്. എല്ലാ നന്ദിയും കടപ്പാടും അങ്ങേരോട്...


Click it and Unblock the Notifications











