ദിലീപ് മഞ്ജുവിനെ വിളിച്ചിറക്കി കൊണ്ടുവരാൻ പോയപ്പോൾ ഒപ്പം മണിയും, ബിജുവും, ഞാനും: ലാൽ ജോസ് പറയുന്നു
മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളാണ് ദിലീപിന്റെയും മഞ്ജു വാര്യരുടെയും പ്രണയവും, വിവാഹവും, വിവാഹമോചനവും. 1998ൽ, തന്റെ കരിയറിന്റെ ഏറ്റവും ഉയർച്ചയിൽ നിന്നിരുന്ന മലയാളത്തിന്റെ താര സുന്ദരി, അന്നത്തെ യുവ നടനെ വിവാഹം ചെയ്തത് സിനിമ വ്യവസായത്തിലെ അംഗങ്ങൾക്കും, പ്രേക്ഷകർക്കും, ഒരു പോലെ ഷോക്ക് ആയിരുന്നു. മലയാള സിനിമയ്ക്ക് അതിലും വലിയ ആഘാതമായത് വെറും പത്തൊൻപത് വയസ്സ് പ്രായമുള്ള മഞ്ജുവിന്റെ, അഭിനയം നിർത്താനുള്ള തീരുമാനമായിരുന്നു. ദിലീപിന് ഭാര്യ അഭിനയിക്കുന്നതിനോട് താത്‌പര്യമില്ലാത്തതാണ് അതിന് കാരണമെന്നാണ് അന്ന് റിപ്പോർട്ടുകൾ വന്നത്.
പിന്നീട്, വളരെ കാലത്തിന് ശേഷം സിനിപ്ലസ് എന്റർടൈൻമെന്റ്സ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ, വളരെ പെട്ടെന്ന്, തിരക്കിട്ട നടത്തിയ താര വിവാഹത്തെ കുറിച്ച് സംവിധായകൻ ലാൽ ജോസ് ചില വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നു. ദിലീപ് മഞ്ജു വാര്യരെ നടിയുടെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ട് വന്നത് കല്യാണ തലേന്ന് ആയിരുന്നുവെന്നും, അന്ന് നടൻ ഒറ്റയ്ക്കായിരുന്നില്ല പോയത് എന്നും, അന്ന് മീശ മാധവൻ സംവിധായകൻ വെളിപ്പെടുത്തി.

"ഞങ്ങൾ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയ്ക്ക് വേണ്ടി ഒന്നിക്കാൻ തീരുമാനിച്ചു. അതിന് വേണ്ടിയുള്ള കാര്യങ്ങൾ നടക്കുന്നതിന് ഇടയിലാണ് ദിലീപ്, മഞ്ജുവിനെ പെട്ടെന്ന് തന്നെ വിവാഹം കഴിക്കണം എന്ന ഒരു അവസ്ഥയിലാണ് താൻ എത്തി നിൽക്കുന്നത് എന്ന് അറിയിക്കുന്നത്. അങ്ങനെ മഞ്ജുവിനെ അവരുടെ പുള്ളിലെ (തൃശൂർ ജില്ലയിലെ ഒരു ഗ്രാമം) വീട്ടിൽ നിന്നും ഇറക്കി കൊണ്ട് വന്ന് ദിലീപുമായുള്ള വിവാഹം നടത്താം എന്ന് തീരുമാനിക്കുകയായിരുന്നു," പ്രശസ്ത താരത്തിന്റെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായ ലാൽ ജോസ് ഓർത്തെടുത്തു.
"അങ്ങനെ പുള്ളിലെ മഞ്ജുവിന്റെ വീട്ടിൽ തലേന്ന് രാത്രി പോയി അവരെ ഇറക്കി കൊണ്ട് വന്നു. പിറ്റേന്ന് രാവിലെ, ആലുവയിൽ ഉള്ള ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ വച്ച് ദിലീപ് മഞ്ജുവിനെ വിവാഹം കഴിച്ചു. അന്ന് അദ്ധേഹത്തിന്റെ കൂടെ അടുത്ത സുഹൃത്തുക്കളായ ബിജു മേനോനും, കലാഭവൻ മണിയും, ഞാനും ഒക്കെ ഉണ്ടായിരുന്നു - രാത്രിയിൽ നടത്തിയ ആ ഓപ്പറേഷനിൽ. അതിന് ശേഷം നടന്ന, പിന്നീട് ഉണ്ടായ കഥകളൊക്കെ എല്ലാവർക്കും അറിയാവുന്നതാണല്ലോ," ലാൽ ജോസ് പറഞ്ഞു നിർത്തി.

അന്നത്തെ റിപോർട്ടുകൾ അനുസരിച്ച്, ആലുവ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ വച്ച് നടന്ന മഞ്ജു വാര്യരുടെയും, ദിലീപിന്റെയും വിവാഹത്തിന് കഷ്ടിച്ചു പത്തിൽ താഴെ അതിഥികൾ മാത്രമാണ് ഉണ്ടായിരുന്നത്. വിവാഹം കഴിഞ്ഞ് ദിലീപിന്റെ മറ്റൊരു ഉറ്റ സുഹൃത്തായ നാദിർഷായുടെ വീട്ടിലേക്കാണ് അന്ന് മുൻ താര ദമ്പതികൾ പോയത്. അധികം വൈകാതെ ഇരുവരുടെയും വിവാഹ വാർത്ത മാധ്യമങ്ങൾ അറിയുകയും, അത് ആഘോഷമാക്കുകയും ചെയ്തു. പിന്നീട്, സിനിമാ രംഗത്തെ സുഹൃത്തുക്കൾക്ക് വേണ്ടിയും, കുടുംബങ്ങൾക്ക് വേണ്ടിയും വിവാഹ സത്കാരങ്ങളും താരങ്ങൾ ഒരുക്കിയിരുന്നു.
എന്തായാലും, വിവാഹം കഴിഞ്ഞു പതിനഞ്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ ദിലീപും മഞ്ജു വാര്യരും വേർപിരിഞ്ഞു താമസിച്ചു തുടങ്ങി. അധികം വൈകാതെ, 2014ൽ ഇരുവരും വിവാഹമോചിതരായി. ഇരുവരുടെയും മകളായ മീനാക്ഷി, അച്ഛനൊപ്പം തുടർന്നും താമസിക്കാനാണ് ആഗ്രഹിച്ചത്. കാവ്യ മാധവനുമായുള്ള നടന്റെ ബന്ധമാണ് മഞ്ജുവുമായി അദ്ദേഹം പിരിയാൻ കാരണമായത് എന്ന് ഗോസിപ്പുകൾ ഉണ്ടായിരുന്നു. ദിലീപ് എന്നും അത് നിഷേധിച്ചിരുന്നുവെങ്കിലും, 2016ൽ കൊച്ചിയിൽ നടന്ന ഒരു ലളിതമായ ചടങ്ങിൽ വച്ച് അദ്ദേഹം കാവ്യയെ വിവാഹം ചെയ്തു. ഇന്ന് ഇരുവർക്കും മഹാലക്ഷ്മി എന്നൊരു മകൾ ഉണ്ട്.


Click it and Unblock the Notifications











