അവരുടെ വീട്ടുപടിക്കൽ പത്തൊമ്പതുകാരനായ ഞാൻ ഒരു മണിക്കൂറോളം നിന്നു, അമ്മയുടെ പ്രവൃത്തി എന്റെ കണ്ണ് നിറച്ചു!
പിന്നണി ഗായിക എസ്. ജാനകിയെ ആദ്യമായി കാണാനായി പോയ അനുഭവം പങ്കുവെച്ച് സംവിധായകൻ വിനോദ് ഗുരുവായൂർ. പത്തൊമ്പത് വയസിൽ വീട് അന്വേഷിച്ച് ഇറങ്ങി കണ്ട് പിടിച്ച് തന്റെ രണ്ട് ഭക്തി ഗാനങ്ങൾ ജാനകിയമ്മയെ കൊണ്ട് പാടിച്ച് വാങ്ങിയ അനുഭവമാണ് വിനോദ് കുറിപ്പിലൂടെ പങ്കിട്ടത്. ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു ഓർമ പങ്കുവെക്കുകയാണ് ഇവിടെ. എന്റെ 19-ാം വയസിൽ തോന്നിയ ഒരു ആഗ്രഹമായിരുന്നു ഒരു ഭക്തിഗാന കാസറ്റ് ഇറക്കുക എന്നത്.
ആദ്യം ഗുരുവായൂരിനടുത്തുള്ള ചൊവല്ലൂർ കൃഷ്ണൻ കുട്ടി ചേട്ടനെ സമീപിച്ചു. അന്ന് കുറച്ച് പൈസയെ കയ്യിലുള്ളു. പത്തൊമ്പതുകാരന്റെ ആഗ്രഹം അദ്ദേഹം ഏറ്റെടുത്തു. ചെറിയ പൈസക്ക് പാട്ടെഴുതി തന്നു. പിന്നെ മ്യൂസിക് അത് എന്റെ കൂട്ടുകാരൻ മനോജ് കൃഷ്ണൻ ഏറ്റെടുത്തു. ഞങ്ങളെല്ലാം കൂടെ ട്രാക്ക് എടുത്തു.

പിന്നെയാണ് പ്രശ്നം... ആര് പാടും?. പ്രശസ്തർ പടിയില്ലെങ്കിൽ കാസറ്റിന്റെ വില്പന നടക്കില്ല. അന്ന് ജാനകി അമ്മ പാടിയതൊക്കെ ഹിറ്റായി നിൽക്കുന്നു. ചിത്ര ചേച്ചി അവരുടെ കമ്പനിക്ക് വേണ്ടി മാത്രമെ പാടിയിരുന്നുള്ളു. അതിലും പ്രശ്നം സാമ്പത്തികവും. എല്ലാം കഴിഞ്ഞ് ഇനി ബാക്കി 5000 രൂപയെ ഉള്ളൂ. എന്റെ മനസിലെ ആഗ്രഹം ഞാൻ എല്ലാവരോടും പറഞ്ഞു.
അത് തമാശയായിട്ടേ എല്ലാവരും എടുത്തുള്ളൂ. ജാനകിയമ്മയെ കൊണ്ട് രണ്ട് സോങ് പാടിപ്പിക്കണം. കയ്യിലുള്ളത് 5000 രൂപയും. ഞാൻ പിന്മാറിയില്ല. ചെന്നൈക്ക് ട്രെയിൻ കയറി. ആദ്യമായി ചെന്നൈ യാത്ര. ട്രെയിൻ ഇറങ്ങി ഓട്ടോസ്റ്റാൻഡിൽ ചെന്ന് ജാനകിയമ്മയുടെ വീട് അന്വേഷിച്ചു. ആർക്കും അറിയില്ല.
ഒരു റെക്കോഡിങ് സ്റ്റുഡിയോയിൽ എന്നെ എത്തിച്ച ഓട്ടോ ഡ്രൈവർ അഡ്രസും വാങ്ങി അവരുടെ വീട്ടിലെത്തിച്ചു. കുറച്ച് സമയം അവിടെ പറയേണ്ട തമിഴ് വാക്കുകളുടെ പ്രാക്ടീസ് കഴിഞ്ഞ് ഗേറ്റിൽ മുട്ടി. സെക്യൂരിറ്റിയോട് കാര്യം അവതരിപ്പിച്ചപ്പോൾ മാനേജരെ കാണാൻ പറഞ്ഞു. മാനേജരെ കണ്ടതോടെ എല്ലാ പ്രതീക്ഷയും പോയി. ഒരു സോങ് പാടാൻ 10000 രൂപ വേണം.
തിരിച്ചുപോരാൻ തീരുമാനിച്ചു. എന്നാലും ജാനകി അമ്മയെ കാണാതെ പോരാനും മനസ്നുവദിക്കുന്നില്ല. വീണ്ടും ഈവനിങ് അവരുടെ വീടിന് മുൻപിലെത്തി. പത്തൊമ്പതുകാരനായ ഞാൻ ഒരു മണിക്കൂറോളം അവരുടെ പടിക്കൽ നിൽക്കുന്നത് കണ്ടിട്ടാണെന്ന് തോന്നുന്നു... അമ്മയുടെ ഒരു ബന്ധു പുറത്ത് വന്നു. ഗുരുവായൂരിൽ നിന്ന് വന്ന കൊച്ചു പയ്യൻ എന്ന പരിഗണന ആണെന്ന് തോന്നുന്നു ജാനകിയമ്മയെ കാണാൻ അവസരം കിട്ടി.

എന്റെ പരിഭ്രമവും വിറയാർന്ന തമിഴും അവരെ ചിരിപ്പിച്ചിരുന്നത് എനിക്ക് കാണാമായിരുന്നു. അവസാനം ഒരു സോങ് 5000 രൂപയ്ക്ക് പാടാമെന്ന് സമ്മതിച്ചു. സ്റ്റുഡിയോ റെന്റ് കൊടുക്കാൻ പിന്നെ എന്റെ കയ്യിൽ ഒന്നും ഇല്ല. ഞാൻ പറയാതെ തന്നെ ജാനകിയമ്മ അത് മനസിലാക്കി. മാനേജർ സ്റ്റുഡിയോ ബുക്ക് ചെയ്തു. മാനേജർ പാടി കൊടുക്കേണ്ട മറ്റ് പാട്ടുകളുടെ ലിസ്റ്റ് നിരത്തിയെങ്കിലും ആദ്യം എനിക്ക് പാടി തരാമെന്ന് അമ്മ സമ്മതിച്ചു.
സ്റ്റുഡിയോയിലെത്തി ഒരു പാട്ട് പടിക്കഴിഞ്ഞു. എന്നെ അവർ നോക്കി ഒന്ന് ചിരിച്ചു. അടുത്ത പാട്ട് കേൾക്കട്ടെയെന്ന് പറഞ്ഞു. ആ പാട്ടും അമ്മ പാടി തന്നു. ആ നിമിഷങ്ങൾ ഞാൻ പരിസരം മറന്നിരിക്കയായിരുന്നു. കാൽതൊട്ട് വന്ദിച്ചു. കണ്ണ് നിറഞ്ഞൊഴുകുകയായിരുന്നു എന്റെ. ജാനകിയമ്മ ഇപ്പോൾ നമ്മോടൊപ്പം ഇല്ല.
അന്ന് എന്നോട് കാട്ടിയ സ്നേഹം ഒരിക്കലും മറക്കാൻ കഴിയില്ല... ആദരാഞ്ജലികൾ... എന്നുമായിരുന്നു ജാനകിയമ്മയെ കുറിച്ചുള്ള ഓർമകൾ പങ്കുവെച്ച് വിനോദ് ഗുരുവായൂർ കുറിച്ചത്.


Click it and Unblock the Notifications


