അഭിനയം മോശമായെന്ന് ബോധ്യമുണ്ട്, കുമ്മാട്ടിക്കളിക്ക് സംഭവിച്ചത് ഇതാണ്: മാധവ് സുരേഷ്
മലയാളത്തിന്റെ ആക്ഷൻ സൂപ്പർ താരം സുരേഷ് ഗോപിയുടെയും, രാധികയുടെയും ഇളയ മകനായ മാധവ് സുരേഷ്, അടുത്തിടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. കുമ്മാട്ടിക്കളി എന്ന താര പുത്രന്റെ ആദ്യ ചിത്രം, പ്രതീക്ഷകൾക്കൊത്ത് ഉയർന്നിരുന്നില്ല. ഒപ്പം, ചിത്രത്തിലെ മാധവിന്റെ പ്രകടനം സിനിമ പ്രേമികളെ ഏറെ നിരാശപ്പെടുത്തുകയും ചെയ്തു. കുമ്മാട്ടിക്കളി തീയറ്ററിൽ വൻ പരാജയമായി തീരുകയും, ചിത്രം ഒ.ടി.ടി.യിൽ എത്തിയതോടെ മാധവ് സുരേഷ് വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ ട്രോളുകൾ നേരിടുകയും ചെയ്തു.
പ്രേക്ഷകർ മാത്രമല്ല, താര പുത്രനെ ട്രോളി അച്ഛനായ സുരേഷ് ഗോപി വരെ രംഗത്തെത്തി. മാധവിന്റെ രണ്ടാമത്തെ ചിത്രവും, അച്ഛനൊപ്പമുളള ആദ്യ പ്രോജെക്റ്റുമായ ജാനകി vs സ്റ്റേറ്റ് ഓഫ് കേരളയുടെ പ്രൊമോഷൻ പരിപാടിയിൽ സംസാരിച്ച സൂപ്പർതാരം, തന്റെ മകൻ ഒരു നടനെന്ന നിലയിൽ ഏറെ വളരാനുണ്ടെന്നാണ് പറഞ്ഞത്. ഒപ്പം, മാധവ് അഭിമുഖങ്ങളിലും മറ്റും പൃഥ്വിരാജ് സുകുമാരനെ വല്ലാതെ അനുകരിക്കുന്നു എന്ന ആരോപണം ശരിവയ്ക്കുകയും ചെയ്തിരുന്നു സുരേഷ് ഗോപി.

താരിണിയെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ കാളിദാസിനോട് ഒറ്റ കാര്യമേ പറഞ്ഞുള്ളു: പാർവ്വതി പറയുന്നു
എന്നാൽ അടുത്തിടെ, തനിക്ക് നേരെയുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി മാധവ് സുരേഷ് എത്തിയിരുന്നു. ജിൻജർ മീഡിയ എന്റർടൈന്മെന്റ്സ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ്, താര പുത്രൻ വളരെ പക്വമായ മറുപടിയുമായി എത്തി സിനിമ പ്രേമികളുടെ മതിപ്പ് പിടിച്ചു പറ്റിയിരിക്കുന്നത്. തന്റെ അഭിനയത്തിലെ കുഴപ്പങ്ങൾ തനിക്ക് നന്നായി അറിയാമെന്ന് സമ്മതിച്ച മാധവ്, തന്റെ അരങ്ങേറ്റ ചിത്രമായ കുമ്മാട്ടിക്കളി മനസ്സിൽ കണ്ടത് പോലെ, പ്രതീക്ഷകൾക്കൊത്ത് ഉയർന്നില്ലെന്നും സമ്മതിച്ചു.
"എന്റെ പെർഫോമൻസിലേക്ക് വന്നാൽ, കുമ്മാട്ടിക്കളി ഉദാഹരണത്തിന് - ഇത് ഞാൻ തന്നെ വിലയിരുത്തിയതാണ് - മോശമായിരുന്നു. ജാനകി vs സ്റ്റേറ്റ് ഓഫ് കേരളയിൽ എനിക്ക് സ്ക്രീൻ സ്പേസ് അത്ര ഇല്ലായിരുന്നു. പക്ഷെ എങ്കിലും, അതിലും എന്റെ പെർഫോമൻസ് ഒരുപാട് നന്നാക്കാൻ സാധിക്കുമായിരുന്നു, ഇപ്പോൾ ആലോചിക്കുമ്പോൾ," പ്രേക്ഷകരിൽ നിന്നുള്ള ആരോഗ്യകരമായ വിമർശനങ്ങളെ സ്വീകരിച്ചു കൊണ്ട് യുവ നടൻ പറഞ്ഞു. ആ സിനിമകൾ ചെയ്യുന്ന സമയത്ത് ഏറ്റവും നല്ല പരിശ്രമിച്ചുവെന്നും, ഈ കുഴപ്പം തിരിച്ചറിഞ്ഞില്ലെന്നുമാണ് മാധവ് സുരേഷ് പറഞ്ഞത്.

മീനാക്ഷി സ്വന്തം സഹോദരിയെപ്പോലെ, പക്ഷെ സൗഹൃദങ്ങളിൽ ഒരു പരിധിയുണ്ട്: നമിത പ്രമോദ്
"ഈ സിനിമകളൊക്കെ ചെയ്യുമ്പോൾ നമ്മൾ നമ്മുടെ ഏറ്റവും നല്ല എഫേർട്സ് തന്നെയേ ഇടാറുള്ളു. പക്ഷെ അന്ന് സിനിമയെക്കുറിച്ചുള്ള എന്റെ അറിവ്, അഭിനയത്തെ കുറിച്ചുള്ള അറിവ്, ഒക്കെ കുറവായിരുന്നു. ഇന്ന് അത് കുറച്ചു കൂടി ഭേദമാണ്. ഇനി അത് ഭേദമായിക്കൊണ്ടിരിക്കും," താര പുത്രൻ പറഞ്ഞു. ഒപ്പം, കുമ്മാട്ടിക്കളി എന്ന തന്റെ ആദ്യ ചിത്രം വിചാരിച്ചതു പോലെയല്ല വന്നതെന്നും, താൻ കേട്ട കഥയല്ല സിനിമയായി വന്നതെന്നും മാധവ് വെളിപ്പെടുത്തി.
"ആ ടീമിനറിയാം അവരെന്താണ് ചെയ്തതെന്ന്. അവരോട് സംസാരിച്ചിട്ട് കാര്യമില്ല. നമ്മൾ ഉപയോഗമുള്ള കാര്യങ്ങൾക്ക് എനർജി ചിലവാക്കുന്നതാണ് നല്ലത്. നമ്മൾ എത്ര പറഞ്ഞാലും മനസ്സിലാവാത്ത ഒരു സെറ്റ് ആളുകൾ ഉള്ള അന്തരീക്ഷമാണെങ്കിൽ, അത് കൊണ്ട് കാര്യമില്ല," യുവ നടൻ പറഞ്ഞു നിർത്തി. എന്തായാലും ആദ്യ രണ്ടു ചിത്രങ്ങളും അതിലെ പ്രകടനങ്ങളും ട്രോളുകൾക്ക് ഇരയായെങ്കിലും, അങ്കം അട്ടഹാസം എന്ന തന്റെ പുതിയ ചിത്രത്തിലൂടെ വിമർശകർക്ക് മറുപടി നല്കാൻ ഒരുങ്ങുകയാണ് മാധവ്.


Click it and Unblock the Notifications