പ്രണയ രംഗം ശരിയാകുന്നില്ല, ഉർവ്വശിക്ക് ഒപ്പം അഭിനയിക്കില്ലെന്ന് വിജയകാന്ത്: വൈറലായി വെളിപ്പെടുത്തൽ
തമിഴ് സിനിമ രംഗത്ത് ഉണ്ടായിരുന്നവരിൽ ഏറ്റവും കരിസ്മാറ്റിക് വ്യക്തി എന്ന പേര് നേടിയ ആളാണ് ക്യാപ്റ്റൻ എന്ന ചെല്ലപ്പേരിൽ അറിയപ്പെട്ടിരുന്ന വിജയകാന്ത്. തന്റെ അവസാന ശ്വാസം വരെ അനശ്വര നടൻ ആ വ്യക്തിത്വവും, ജീവിത ശൈലിയും, സ്വതസിദ്ധമായ നേതൃപാടവവും കൊണ്ട് നടന്നു. വിജയകാന്തിനൊപ്പം സമയം ചിലവഴിച്ചിട്ടുള്ള നിരവധി പേർ തങ്ങളുടെ അനുഭവങ്ങൾ പലപ്പോഴായി പങ്കു വച്ചിട്ടുണ്ട്. തമിഴിലെ ഏറ്റവും വിലപ്പിടിപ്പുള്ള താരങ്ങളിൽ ഒരാളായും, പിന്നീട് തികഞ്ഞ രാഷ്ട്രീയ നേതാവായും തിളങ്ങിയ ക്യാപ്റ്റനെ കുറിച്ച് എല്ലാർക്കും നല്ല ഓർമ്മകൾ മാത്രമേയുള്ളു.
പ്രത്യേകിച്ച്, വിജയകാന്തിനോട് ഒപ്പം അഭിനയിച്ചിട്ടുള്ള എല്ലാ താരങ്ങൾക്കും, അദ്ദേഹത്തോട് അകമഴിഞ്ഞ സ്നേഹമാണ്. ഇതിനിടെ, ക്യാപ്റ്റനൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവങ്ങളെക്കുറിച്ച് നടി ഉർവശി ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ പ്രേക്ഷക ശ്രദ്ധ ആകർഷിക്കുകയാണ്. മലയാള സിനിമയിലെ ഏറ്റവും മികച്ച നായികമാരിൽ ഒരാളായ ഉർവ്വശി, മുന്താനൈ മുടിച്ച് എന്ന സിനിമയിലൂടെയാണ് തമിഴിൽ എത്തിയത്. അതിന് ശേഷം വിജയകാന്തിന്റെ നായികയായി നടി അഭിനയിച്ചു.

1984ൽ, വേങ്കയിൻ മൈന്തൻ, വെള്ളൈ പുരാ ഒൻഡ്രു എന്നീ ചിത്രങ്ങളിൽ ക്യാപ്റ്റന്റെ നായികയായ ഉർവ്വശി, തനിക്കൊപ്പം പ്രണയ രംഗങ്ങൾ ചെയ്യാൻ അദ്ദേഹത്തിന് വലിയ വിഷമം ആയിരുന്നു എന്നാണ് വെളിപ്പെടുത്തിയത്. ഒരിക്കൽ തനിക്കൊപ്പമുള്ള പ്രണയ രംഗം എത്ര ചെയ്തിട്ടും ശരിയാവാതെ വന്നപ്പോൾ, വിജയകാന്ത് സംവിധായകനോട് രസകരമായ ഒരു കാരണമാണ് പറഞ്ഞത് എന്ന് സീനിയർ നടി ഓർത്തെടുത്തു. "ഈ പെൺകുട്ടിയുടെ കൂടെ ഇങ്ങനെയൊന്നും അഭിനയിക്കാൻ പറ്റില്ല. ഞാൻ അവളെ അനിയത്തി എന്നാണ് വിളിക്കാറുള്ളത്," എന്നാണ് അന്തരിച്ച താരം അന്ന് പറഞ്ഞത്.
വിജയകാന്തിന്റെ ആ വാദം തികച്ചും സത്യമായിരുന്നു എന്നും ഉർവ്വശി സാക്ഷ്യപ്പെടുത്തി. "പ്രണയ രംഗങ്ങൾ അഭിനയിക്കുമ്പോൾ, സംവിധായകൻ ആവശ്യപ്പെട്ടാൽ പോലും, എന്നെ തുറിച്ചു നോക്കാനൊക്കെ അദ്ദേഹത്തിന് വിഷമമായിരുന്നു. വേഗം ആ സീൻ ചെയ്‌തെന്ന് വരുത്തി നിർത്തിക്കളയും. അത് കൊണ്ട് തന്നെ ക്യാപ്റ്റന്റെ നായികയായി ഒന്നോ രണ്ടോ സിനിമകളിലെ ഞാൻ അഭിനയിച്ചിട്ടുള്ളു. തന്നെ കാണുമ്പോൾ, "ഇവൾക്ക് ഭയങ്കര നിറമാണ്, ഞാൻ അടുത്ത് നിക്കുമ്പോൾ കാണാൻ എങ്ങനെയാവുമോ എന്തോ," എന്നൊക്കെ പറയും എന്നും പ്രശസ്ത നടി പറഞ്ഞു.

തന്നെ കാണുന്ന സമയത്തൊക്കെ ഒരുപാട് കളിയാക്കി ചിരിക്കുന്ന കൂട്ടത്തിലായിരുന്നു വിജയകാന്ത് എന്നാണ് ഉർവ്വശി വെളിപ്പെടുത്തിയത്. വിജയകാന്തിനൊപ്പം ഉർവ്വശി അവസാനമായി അഭിനയിച്ചത്, അദ്ദേഹം തന്നെ നിർമ്മിച്ച 'തെന്നവൻ' എന്ന സിനിമയിലായിരുന്നു. ആ സമയത്ത്, യൂണിറ്റിൽ ഉണ്ടായിരുന്നവർക്കായി അദ്ദേഹം ധാരാളം നാടൻ ഭക്ഷണം വിളമ്പിയിരുന്നു എന്നും നടി ഓർത്തെടുത്തു. "വിജയകാന്തിന്റെ ഈ സ്വഭാവഗുണങ്ങൾ കൊണ്ട് തന്നെ, സെറ്റിൽ എല്ലാവർക്കും സുരക്ഷിതമായ ഒരു അന്തരീക്ഷം അദ്ദേഹം സൃഷ്ടിച്ചിരുന്നു. അത്തരമൊരു കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു," ഉർവശി പറഞ്ഞു.
ഉർവശിക്കൊപ്പം അഭിനയിക്കുന്നതിന് മുൻപ്, നടിയുടെ മൂത്ത സഹോദരി കലാ രഞ്ജിനിയ്ക്കൊപ്പം വിജയകാന്ത് അഭിനയിച്ചിട്ടുണ്ട്. ആ കാലത്ത് ഇടയ്ക്ക് അദ്ദേഹം അവരുടെ വീട്ടിൽ അതിഥിയായി എത്താറുണ്ടായിരുന്നു. അന്ന് മുതൽ ഉർവശിയെ 'തങ്കച്ചി' (അനിയത്തി) എന്നാണ് വിളിച്ചിരുന്നത്. താര കുടുംബത്തിൽ ഒരു മൂത്ത സഹോദരന്റെ സ്ഥാനമാണ് വിജയകാന്തിന് ഉണ്ടായിരുന്നത്. അതായിരുന്നു ഉർവ്വശിയ്‌ക്കൊപ്പം പ്രണയ രംഗങ്ങളിൽ അഭിനയിക്കാൻ അദ്ദേഹം മടിക്കാനുള്ള പ്രധാന കാരണം.


Click it and Unblock the Notifications











