ഇത് വരെ മമ്മൂട്ടി ആ പൈസ എനിക്ക് തന്നിട്ടില്ല: തിലകൻ പറഞ്ഞ തർക്കത്തിന്റെ കഥ
മലയാള സിനിമ കണ്ട ഏറ്റവും മികച്ച നടന്മാരിൽ ഒരാളായ തിലകൻ മണ്മറഞ്ഞിട്ട് ഏറെ വർഷങ്ങളായി. എന്നാൽ ഇന്നും, അദ്ദേഹം ചെയ്ത കഥാപാത്രങ്ങൾക്കും, അത് പോലെ തന്നെ തിലകന്റെ അഭിമുഖങ്ങൾക്കും വലിയ ആരാധകരുണ്ട്. സിനിമയിൽ ഏതു കഥാപാത്രവും അനായാസം അവതരിപ്പിക്കുന്ന സീനിയർ നടൻ, ജീവിതത്തിൽ എന്നും തന്റെ തുറന്നു പറച്ചിലുകൾ കൊണ്ട് ഏറെ വാർത്തകളും വിവാദങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. വെള്ളിത്തിരയിലെ പോലെ തന്നെ ജീവിതത്തിലും തിലകൻ ഏറെ അടുപ്പം സൂക്ഷിച്ച രണ്ടു പേരാണ് മലയാള സിനിമയുടെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും.
പ്രത്യേകിച്ച്, തിലകനും മമ്മൂട്ടിയും തമ്മിലുള്ള ബന്ധം ഏറെ രസകരമായിരുന്നു. ഒരേ പോലെ ദേഷ്യക്കാരായ രണ്ടു പേർ തമ്മിലുള്ള സൗഹൃദം എന്നാണ് ഒരിക്കൽ മമ്മൂട്ടി അതിനെ വിശേഷിപ്പിച്ചത്. സ്നേഹം കൊണ്ട് പോലും ഇരുവരും തമ്മിൽ വഴക്കുകളും, അത് പോലെ രസകരമായ ഒരുപാട് സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. മുൻപ്, മനോരമ ന്യൂസ് ചാനലിലെ നേരെ ചൊവ്വേ എന്ന പരിപാടിയിലെത്തിയ തിലകൻ, മമ്മൂട്ടിയുമായി നടത്തിയ ഒരു ബെറ്റിന്റെ കഥ വെളിപ്പെടുത്തിയിരുന്നു.

എല്ലാ കാലത്തും മമ്മൂട്ടിയുടെ അഭിനയശേഷിയെ ഏറെ ഇഷ്ടപ്പെട്ടിരുന്ന തിലകൻ, അദ്ദേഹത്തെ പറ്റി ഒരുപാട് നല്ല കാര്യങ്ങൾ പറഞ്ഞു കേട്ടിട്ടുണ്ട്. ഒരിക്കൽ അങ്ങനെ ഒരു അവസരത്തിൽ, മെഗാസ്റ്റാറിനോട് തന്നെ സീനിയർ നടൻ അതും പറഞ്ഞു തർക്കിച്ചിരുന്നു. മതിലുകൾ എന്ന ക്ലാസിക് ചിത്രം ഇറങ്ങിയ സമയത്ത് നടന്ന ആ സംഭവമാണ് തിലകൻ വിവരിച്ചത്. "മമ്മൂട്ടി എന്നോട് ചോദിച്ചു: "ചേട്ടാ... മതിലുകൾ കണ്ടോ?" എന്ന്. ഞാൻ പറഞ്ഞു, "മതിലുകളും കണ്ടു, തനിയാവർത്തനവും കണ്ടു," എന്ന്. എങ്ങനെയുണ്ട് ഇഷ്ടമായോ, എന്ന് മമ്മൂട്ടി ചോദിച്ചപ്പോൾ, "നിങ്ങൾക്ക് സ്റ്റേറ്റ് അവാർഡും, നാഷണൽ അവാർഡും ഇത്തവണ ഉറപ്പാണ്," എന്ന് ഞാൻ പറഞ്ഞു. അപ്പോൾ അദ്ദേഹം അത് വിശ്വസിച്ചില്ല," ഒരു ചിരിയോടെ അന്തരിച്ച സീനിയർ താരം വെളിപ്പെടുത്തി.

'കാരവാനിലേക്ക് വിളിച്ചാൽ ഇപ്പോൾ ഇറങ്ങുമെന്ന പോലെ ഇരിക്കണം, കണ്ണടയിട്ടാൽ...'; മമ്മൂട്ടിയുടെ രീതികൾ
"അപ്പോൾ മമ്മൂട്ടി തന്ന ഉത്തരം ഇതാണ്: "ഏയ്... സ്റ്റേറ്റ് അവാർഡ് ചിലപ്പോൾ കിട്ടുമായിരിക്കും. പക്ഷെ, നാഷണൽ അവാർഡ് ഒന്നും കിട്ടത്തില്ല," എന്ന്. പക്ഷെ ഞാൻ സമ്മതിച്ചില്ല. ഉറപ്പായും തനിക്ക് രണ്ട് അവാർഡും ഈ വർഷം കിട്ടുമെന്ന് ഞാൻ പറഞ്ഞു. അവസാനം അയ്യായിരം രൂപ ബെറ്റ് വെക്കാൻ പറഞ്ഞു മമ്മൂട്ടിയോട്. അങ്ങനെ ഇതിന്റെ പേരിൽ ഞങ്ങൾ അയ്യായിരം രൂപ ബെറ്റും വച്ചു," തിലകൻ കൂട്ടിച്ചേർത്തു. എന്തായാലും, സീനിയർ നടന്റെ പ്രവചനം സത്യമായിരുന്നു. ആ വർഷത്തെ മികച്ച നടനുള്ള കേരള സ്റ്റേറ്റ് അവാർഡും, നാഷണൽ അവാർഡും മമ്മൂട്ടി സ്വന്തമാക്കി. "പക്ഷെ ഇത് വരെ മമ്മൂട്ടി അന്നത്തെ ആ അയ്യായിരം രൂപ എനിക്ക് തന്നിട്ടില്ല," ഒരു കുസൃതി ചിരിയോടെ തിലകൻ പറഞ്ഞു നിർത്തി.
(ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ഫിൽമിബീറ്റ് മലയാളത്തിന്റെ മാത്രം സ്വന്തമല്ല. IMDb, https://www.youtube.com/@Cinedote, എന്നീ പേജുകളിൽ നിന്നു കൂടി എടുത്തതാണ്. ഈ വാർത്ത വ്യക്തവും സമഗ്രവുമാകാൻ വേണ്ടിയാണ് ഈ ഫോട്ടോകൾ ഉപയോഗിച്ചത്).


Click it and Unblock the Notifications











