'രണ്ട് തവണ തലകറങ്ങി വീണു, ലഹരി ഉപയോഗിച്ചതാണെന്ന് വരെ പറഞ്ഞു'; ആ സംഭവത്തെ കുറിച്ച് അമിത് ചക്കാലക്കൽ
വാരിക്കുഴിയിലെ കൊലപാതകം, ആഹാ, ഹണി ബീ, മസാല റിപ്പബ്ലിക്ക്, മെല്ലെ, കായംകുളം കൊച്ചുണ്ണി, ലാൽ ബഹദൂർ ശാസ്ത്രി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ യുവതാരമാണ് അമിത് ചക്കാലക്കൽ. ബെസ്റ്റ് ആക്ടർ അടക്കമുള്ള റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനായ അമിത് ചെറുപ്പം മുതൽ സിനിമാ സ്നേഹിയായിരുന്നു. ഹണി ബീ ആയിരുന്നു അമിതിന്റെ ആദ്യ സിനിമ. ഭാവനയുടെ സഹോദരന്റെ വേഷമായിരുന്നു ചിത്രത്തിൽ അമിത്തിന്. പിന്നീട് ദുൽഖർ സൽമാൻ സിനിമ എബിസിഡിയിൽ അതിഥി വേഷം ചെയ്തു. സപ്തമശ്രീ സത്കരാ, ഇയ്യോബിന്റെ പുസ്തകം, കായംകുളം കൊച്ചുണ്ണി തുടങ്ങിയ സിനിമകളിലെ അമിത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Also Read: 'ഹരിയെ കൂടെ നിർത്താൻ പുതിയ തന്ത്രങ്ങളുമായി തമ്പി, കൂടപിറപ്പിനായി ഒറ്റക്കെട്ടായി ബാലനും അനിയന്മാരും'
അമിത്ത് നായകനായ ആദ്യ സിനിമ മെല്ലെയായിരുന്നു. സിനിമ വലിയ വിജയമായിരുന്നില്ലെങ്കിലും ആളുകൾക്കിടയിൽ ശ്രദ്ധിക്കപ്പെടാൻ അമിത്തിന് സാധിച്ചു. പിന്നീടാണ് വാരിക്കുഴിയിലെ കൊലപാതകം എന്ന സിനിമയിലെ നായകവേഷം അമിത്തിനെ തേടിയെത്തിയത്. പള്ളി വികാരിയായ ഫാ.വിൻസെന്റ് കൊമ്പന എന്ന കഥാപാത്രത്തെ മനോഹരമായാണ് അമിത് അവതരപ്പിച്ചത്. അരയൻ തുരുത്ത് എന്ന് കൊച്ചുഗ്രാമത്തിൽ നടക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങളും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് സിനിമയുടെ പ്രമേയമായത്. അമിത്തിന്റെ ഏറ്റവും പുതിയ റിലീസ് ആഹായാണ്. ഇന്ദ്രജിത്ത് സുകുമാരൻ നായകനായ സിനിമ മികച്ച അഭിപ്രായമാണ് പ്രേക്ഷകർക്കിടയിൽ നിന്നും നേടിയത്.
Also Read: 'ഒരു കുപ്പി മദ്യം ഒറ്റയ്ക്ക് അകത്താക്കി, അസാമാന്യ കരുത്താണ്'; സൂപ്പർസ്റ്റാറിനെ കുറിച്ച് നന്ദു

ആഹാ ചിത്രീകരണത്തിന് ഇടയിൽ മരണത്തെ മുഖാമുഖം കണ്ട സംഭവത്തെ കുറിച്ച് അമിത് വിവരിക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. 'ആഹായുടെ ഷൂട്ടിങ് സെറ്റിൽ എത്തിയതായിരുന്നു. കാരവാനിൽ കേറി ഭക്ഷണം കഴിച്ച് വസ്ത്രം മാറി ഇരുന്നു. ശേഷം പുറത്തേക്ക് വന്ന് കൈയ്യിലെ ടാറ്റു മറയ്ക്കാൻ മേക്കപ്പ്മാന്റെ അടുത്തെത്തി. അദ്ദേഹം കൈയ്യിലെ ടാറ്റു മറക്കുന്നതിനിടെ എനിക്ക് തലകറങ്ങുന്നപോലെ അനുഭവപ്പെട്ടു. സഹായത്തിന് ആയി ആരെയെങ്കിലും വിളിക്കാൻ ശ്രമിക്കും മുമ്പ് തലകറങ്ങി വീണു. ഉടൻ ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർ പരിശോധിച്ചു. ജീവിതത്തിൽ ഇതുവരെ തലകറങ്ങിയിട്ടില്ലാത്ത ഒരാളാണ് ഞാൻ. പെട്ടന്നുള്ള അവസ്ഥയ്ക്ക് പിന്നിലെ കാരണം മനസിലായില്ല. ഛർദ്ദിക്കുകയും ചെയ്തിരുന്നു. ലോങ് ഡ്രൈവിന്റെ ക്ഷീണമായിരിക്കാം കാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. വിശ്രമിക്കാനാണ് ആവശ്യപ്പെട്ടത്. തലകറങ്ങി വീണതിനാൽ സിനിമയിൽ നിന്നും ഒഴിവാക്കുമോ എന്ന് ഞാൻ ഭയന്നു. കാരണം ടൈറ്റ് ഷെഡ്യൂളിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. പക്ഷെ അണിയറപ്രവർത്തകർ എനിക്ക് വിശ്രമിക്കാനുള്ള അവസരം നൽകി' അമിത് പറയുന്നു.

'വീണ്ടും അടുത്ത ദിവസം ഷൂട്ടിങ് സെറ്റിലെത്തി... വേഷം മാറി. ഉച്ചയ്ക്ക് ശേഷമാണ് ചിത്രീകരണം. കാരവാനിൽ കേറിയപ്പോൾ തലവേദനിക്കുന്നതായി തോന്നി. ഭക്ഷണം കഴിച്ച ശേഷം ഭക്ഷണം കൊണ്ടുവന്ന ചേട്ടനോട് കുറച്ച് നേരം കിടക്കാൻ പോവുകയാണ് വിളിക്കണമെന്ന് പറഞ്ഞു. ഉറങ്ങാൻ കിടന്നാൽ തലവേദന മാറുമെന്നാണ് കരുതിയത്. കിടന്നപ്പോൾ തലകറങ്ങുന്ന അനുഭവമുണ്ടായി. വല്ലാതെ അവശനായപ്പോൾ അടുത്തിരുന്ന ചേട്ടനെ സഹായത്തിന് വിളിച്ചു. എന്നാൽ അയാളും ബോധംകെട്ട് കിടക്കുകയായിരുന്നു. ഞാൻ തറയിലൂടെ ഇഴഞ്ഞ് നീങ്ങി കാരവാനിന്റെ ഡോർ തുറന്ന് പുറത്തേക്ക് വീണു. ഉടൻ എല്ലാവരും ഓടികൂടി. ഞാൻ മാത്രമല്ല കാരവാനിൽ ഒരാൾ കൂടി ബോധം കെട്ട് കിടക്കുന്നുണ്ടെന്ന് പറഞ്ഞു. ആശുപത്രിയിലെത്തിച്ചപ്പോൾ ചുറ്റം കൂടി നിന്നവർ വരെ 'ഇവന്മാർ ഏതോ പൊടിയടിച്ച് കിറുങ്ങി കിടക്കുന്നതാണ്' എന്ന് പറയുന്നത് കേൾക്കാം. ഡോക്ടർ പരിശോധനക്കിടെ എവിടെയാണ് സംഭവം നടന്നത് എന്ന് ചോദിച്ചു. കാരവാനിൽ ഇരിക്കുമ്പോഴാണ് എന്ന് പറഞ്ഞപ്പോൾ അദ്ദേഹം കാരവാനിന്റെ എസി പരിശോധിക്കാൻ ആവശ്യപ്പെട്ടു. അത് പരിശോധിച്ചപ്പോഴാണ് എ.സിക്ക് ലീക്കുള്ളതായി കണ്ടെത്തിയത്. എ.സി കേടായതിനാൽ അതിൽ നിന്നും വന്ന വിഷവാതകമായിരുന്നു ബോധക്ഷയത്തിന് കാരണമായത്' അമിത് കൂട്ടിച്ചേർത്തു.

ആശുപത്രിയിൽ കിടക്കുമ്പോഴും സിനിമ നഷ്ടമാകുമോ എന്ന ഭയമായിരുന്നു ഉള്ളിലെന്നും അമിത് പറയുന്നു. അന്ന് മറ്റ് സിനിമകളൊന്നും ഇല്ലായിരുന്നുവെന്നും വേറെ എന്തെങ്കിലും അസുഖമാണെങ്കിൽ കൂടുതൽ ചികിത്സക്കായി പോകുമ്പോൾ സിനിമയെ ബാധിക്കാതിരിക്കാൻ അവർ പുതിയ നടനെ വെക്കുമോ എന്ന ഭയത്തിലാണ് ആശുപത്രിയിലെ മണിക്കൂറുകൾ തള്ളിനീക്കിയതെന്നും അമിത് കൂട്ടിച്ചേർത്തു. എ.സി കേടായത് ശ്രദ്ധയിൽപ്പെടാത്തത് മൂലം അതിൽ നിന്നും വരുന്ന വിഷവാതകം ശ്വസിച്ച് നിരവധിപേർക്ക് ജീവൻ നഷ്ടപ്പെട്ട സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും അമിത് പറയുന്നു. ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്ത ആഹായിൽ അനി എന്ന കഥാപാത്രത്തെയാണ് അമിത് അവതരിപ്പിച്ചത്. മനോജ്.കെ.ജയനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ സിനിമയിൽ അവതരിപ്പിച്ചത്. ശാന്തി ബാലചന്ദ്രനായിരുന്നു ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. കൊവിഡ് ലോക്ക് ഡൗൺ പ്രതിസന്ധിക്ക് ശേഷം തിയേറ്റുകൾ വീണ്ടും തുറന്നപ്പോൾ രണ്ടാമത് തിയേറ്ററുകളിൽ റിലീസിനെത്തിയ സിനിമ കൂടിയായിരുന്നു ആഹാ. വടംവലി പ്രമേയമായ സിനിമയ്ക്ക് വലിയ സ്വീകാര്യത തന്നെ തിയേറ്ററുകളിൽ നിന്ന് ലഭിച്ചു. കുറുപ്പാണ് തിയേറ്റർ റിലീസുമായി ബന്ധപ്പെട്ട പ്രതിസന്ധികളെ എല്ലാം മറികടന്ന് ആദ്യം തിയേറ്ററുകളിൽ റിലീസ് ചെയ്ത മലയാളം സിനിമ.
Recommended Video

കേരളത്തിന്റെ ആവേശമായ വടംവലി പ്രമേയമായ സിനിമയായിരുന്നു ആഹാ. യഥാർഥത്തിൽ വടംവലി മത്സരത്തിൽ പങ്കെടുത്ത് വിജയം നേടിയ ടീമുകളും ആഹാ സിനിമയുടെ ഭാഗമായിരുന്നു. സിനിമക്കായി വടംവലിച്ച് കൈയ്യിലേയും മുട്ടിലേയും തൊലികൾ പോകുന്ന സ്ഥിതിയുണ്ടായിരുന്നുവെന്നും അത്രത്തോളം കഷ്ടപ്പാട് ആഹാ സിനിമക്കായി സഹിച്ചിട്ടുണ്ടെന്നും സിനിമയിലെ താരങ്ങളായ ഇന്ദ്രജിത്തും അമിത്തും അടക്കമുള്ള താരങ്ങൾ നേരത്തെ വെളിപ്പെടുത്തിയിരുന്നു. സയനോര ഫിലിപ്പാണ് സിനിമക്കായി സംഗീത സംവിധാനം നിർവഹിച്ചത്. മുപ്പത് ദിവസത്തിന് മുകളിലായി നിറഞ്ഞ കൈയ്യടികളോടെയാണ് സിനിമ തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നത്. തിയേറ്റുകളിലേക്ക് വീണ്ടും തിരികെ എത്താൻ സാധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ഇന്ദ്രജിത്ത് ആഹായുടെ റിലീസിന് ശേഷം പറഞ്ഞത്. കൊവിഡ്, ലോക്ക്ഡൗൺ പ്രതിസന്ധിക്ക് ശേഷം കുറുപ്പ്, ആഹാ എന്നിങ്ങനെ രണ്ട് സിനിമകളാണ് തിയേറ്ററുകളിൽ റിലീസിനെത്തിയത്.


Click it and Unblock the Notifications











