'പൊലീസ് വേഷങ്ങൾ വേണ്ടെന്ന് തീരുമാനിച്ചിരുന്നു, പിന്നീട് മാറി ചിന്തിക്കാൻ അയാൾ കാരണമായി'; ബിനു പപ്പു
കുതിരവട്ടം പപ്പു എന്ന കലാകാരനെ മലയാളികൾ സിനിമയുള്ളിടത്തോളം കാലം ഓർമിക്കും. യവനികയ്ക്ക് പിന്നിലേക്ക് മറഞ്ഞെങ്കിലും അദ്ദേഹവും അദ്ദേഹം ചെയ്ത് വെച്ച കഥാപാത്രങ്ങളും ഇന്നും സിനിമാ പ്രേമികൾക്കിടയിൽ ഒട്ടും പകിട്ട് കുറയാതെ തിളങ്ങി നിൽക്കുന്നുണ്ട്. അറുപത്തിമൂന്നാം വയസിലാണ് അനുഗ്രഹീതനായ കലാകാരനായിരുന്ന അദ്ദേഹത്തെ നമുക്ക് നഷ്ടമായത്. ആയിരത്തിന് മുകളിൽ സിനിമയുടെ ഭാഗമായി കുതിരവട്ടം പപ്പുവിന്റെ പാത പിന്തുടർന്ന് അദ്ദേഹത്തിന്റെ മകൻ ബിനു പപ്പുവും അഭിനയം ആരംഭിച്ചിട്ടുണ്ട്. അച്ഛനെപ്പോലെ കളങ്കമില്ലാത്ത കലാകാരനാണ് ബിനുവുമെന്ന് ഓപ്പറേഷൻ ജാവ അടക്കമുള്ള സിനിമകളിലെ പ്രകടനത്തിലൂടെ അദ്ദേഹം തെളിയിച്ചിട്ടുണ്ട്.
Also Read: വിവാഹത്തിന് ദിവസങ്ങൾ മാത്രം, വരനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് സുശാന്ത് സിങിന്റെ മുൻ കാമുകി
മുപ്പത്തിയെട്ടുകാരനായ ബിനു പപ്പു ഗ്യാങ്സ്റ്റർ എന്ന സിനിമയിലൂടെയാണ് അഭിനയം ആരംഭിച്ചത്. പിന്നീട് ആഷിക് അബുവിന്റെ തന്നെ റാണി പത്മിനിയിൽ കരീം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ശേഷം പുത്തൻ പണം, സഖാവ്, ലൂസിഫർ, പരോൾ, വൈറസ്, അമ്പിളി, ഹെലൻ, ഹലാൽ ലവ് സ്റ്റോറി, ഓപ്പറേഷൻ ജാവ തുടങ്ങിയ സിനിമകളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. ഇപ്പോൾ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഭീമന്റെ വഴി എന്ന സിനിമയാണ് ബിനുവിന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും പുതിയ സന്തോഷം.
Also Read: മടങ്ങിയെത്തിയ റിഷിയെ സ്വീകരിച്ച് റാണിയമ്മ, മിത്രയുടെ മാറ്റത്തിലെ അപകടം മനസിലാക്കി റിഷി!

പതിവ് പൊലീസ് കഥാപാത്രങ്ങളിൽ നിന്ന് മാറി കുറച്ച് കോമഡി കൂടി കൈകാര്യം ചെയ്യുന്ന ഓട്ടോറിക്ഷ ഡ്രൈവറായ കൃഷ്ണദാസ് എന്ന കഥാപാത്രത്തെയാണ് ബിനു പപ്പു അവതരിപ്പിക്കുന്നത്. വ്യത്യസ്തമായ കഥാപാത്രം അവതരിപ്പിക്കാൻ ഭീമന്റെ വഴി എന്ന സിനിമയിലൂടെ സാധിച്ചുവെന്നത് തന്നെയാണ് പുതിയ ഒരു സിനിമ റിലീസ് ചെയ്തു എന്നതിനേക്കാൾ വലിയ സന്തോഷമായി ബിനു പപ്പു കണക്കാക്കുന്നത്. കുഞ്ചാക്കോ ബോബൻ നായകനായ ഭീമന്റെ വഴി ചിത്രത്തിൽ ചാക്കോച്ചന്റെ സുഹൃത്താണ് ബിനുവിന്റെ കഥാപാത്രം. തമാശയും നാട്ടിൻ പുറത്തെ ചില വിഷയങ്ങളുമെല്ലാം പ്രമേയമാകുന്ന മലയാള സിനിമകൾ ഇപ്പോൾ വളരെ വിരളമായി മാത്രമെ തിയേറ്ററുകളിൽ എത്താറുള്ളുവെന്നും അതുകൊണ്ട് കുടുംബമായി പോയി തിയേറ്ററിൽ ഇരുന്ന് കാണാൻ സാധിക്കുന്ന സിനിമയാണ് ഭീമന്റെ വഴിയെന്നാണ് ബിനു പപ്പു ബിഹൈൻവുഡ്സ് ഐസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

ചെറുപ്പം മുതൽ സിനിമ സ്വപ്നം കണ്ട് ജീവിച്ചിരുന്ന ആളായിരുന്നില്ല താനെന്നും പൊലീസ് വേഷങ്ങൾ നിരന്തരം ചെയ്യുന്നതിൽ വിഷമമുണ്ടായിരുന്നുവെന്നും ബിനു പപ്പു പറയുന്നു. 'സിനിമയിൽ എങ്ങനേയും എത്തിപ്പെടണമെന്ന് കരുതി ജീവിച്ചിരുന്നയാളല്ല ഞാൻ. സിനിമയിലേക്ക് എത്തിപ്പെട്ടതാണ്. പിന്നീട് സിനിമയിൽ പ്രവർത്തിച്ച് തുടങ്ങിയപ്പോൾ അതിൽ നിന്നും ലഭിച്ച അനുഭവങ്ങളിൽ നിന്നാണ് ഞാനൊരു സിനിമാക്കാരനായത്. അഭിനയവും സംവിധാനവുമാണ് ഞാൻ ലക്ഷ്യം വെക്കുന്നത്. പൊലീസ് വേഷങ്ങൾ മാത്രം എന്താണ് എനിക്ക് ലഭിക്കുന്നത് എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. പലപ്പോഴും കൂട്ടുകാർ പോലും പൊലീസ് വേഷങ്ങൾ മാത്രം ചെയ്യുന്നതിനെ കുറിച്ച് ചോദിച്ചിട്ടുണ്ട്. ഒരിക്കൽ ഒരാൾ ഒരു പൊലീസ് കഥാപാത്രമുണ്ട് ചെയ്യാമോ എന്ന് ചോദിച്ച് വിളിച്ചു. പൊലീസ് വേഷം മടുത്തതിനാൽ താൽപര്യമില്ലെന്ന് പറഞ്ഞ് ഞാൻ ഒഴിവാക്കി. ഇത് കേട്ടുകൊണ്ട് എഡിറ്റർ ഷൈജു ശ്രീധർ ഇരിപ്പുണ്ടായിരുന്നു. അദ്ദേഹമാണ് അത്തരത്തിൽ വേഷങ്ങൾ നിഷേധിക്കരുത് എന്ന് എനിക്ക് പറഞ്ഞ് തന്നത്. ഇതുപോലും കിട്ടാത്ത ഒരുപാട് അലഞ്ഞ് നടക്കുന്നുണ്ടെന്നും നീ ചെയ്താൽ ആ കഥാപാത്രം മികച്ചതാകും എന്ന് അവർക്ക് തോന്നിയെങ്കിൽ അത് നിന്റെ വിജയമാണെന്നും അതുകൊണ്ട് പൊലീസ് ആണ് എന്ന് കേൾക്കുമ്പോഴെ കഥാപാത്രം നിരസിക്കരുത് എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. കേട്ടപ്പോൾ ശരിയാണെന്ന് എനിക്കും തോന്നി' ബിനു പപ്പു പറഞ്ഞു.
Recommended Video

സിനിമയിലേക്ക് വരുന്നതിന് മുമ്പ് ഉപദേശങ്ങളോ നിർദേശങ്ങളോ നൽകിയിരുന്ന ആളല്ല അച്ഛനെന്നും 'നിങ്ങൾ നിങ്ങളായിരിക്കുക' എന്ന് മാത്രമാണ് അദ്ദേഹം പറയാറുള്ളതെന്നും ബിനു പപ്പു കൂട്ടിച്ചേർത്തു. ഏറ്റവും പ്രിയപ്പട്ട കൊമേഡിയൻ അച്ഛനാണോ എന്ന ചോദ്യത്തിന് മറുപടിയായി പറഞ്ഞത് ജഗതി ശ്രീകുമാർ എന്ന പേരായിരുന്നു. ഓപ്പറേഷൻ ജാവയിലെ ജോയ് സർ കരിയറിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നുവെന്നും അതിന് ശേഷം വലിയ സംവിധായകരുടെ സിനിമകളിൽ നിന്നുൾപ്പെടെ അവസരങ്ങൾ ലഭിക്കുന്നുണ്ടെന്നും അഭിനയത്തിന് മലയാളത്തിലെ സൂപ്പർ താരങ്ങളടക്കം തന്നെ അഭിനന്ദിച്ചത് ഓപ്പറേഷൻ ജാവ റിലീസ് ആയ ശേഷമാണെന്നും ബിനു പപ്പു പറയുന്നു. സെലിബ്രിറ്റി സ്റ്റാറ്റസിലല്ല ചെറുപ്പം മുതൽ വളർന്നതെന്നും അതിനാൽ തുടർന്നും സാധാരണക്കാരനായി മുമ്പോട്ട് പോകാനാണ് ആഗ്രഹമെന്നും ബിനു പപ്പു പറയുന്നു.


Click it and Unblock the Notifications











