twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ഉണ്ണീടെ പടമല്ലേ... ലാലുവിനേയും കാണണം...', നെടുമുടി പറഞ്ഞതിനെ കുറിച്ച് ബി.ഉണ്ണികൃഷ്ണൻ

    |

    നെടുമുടി വേണുവെന്ന നടന്റെ വേർപാട് ഉൾക്കൊള്ളാനാവാതെ കഴിയുകയാണ് മലയാള സിനിമ. സിനിമയ്ക്കും സാംസ്കാരിക ലോകത്തിനും ഒരുപോലെ തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ വേർപാട്. വിവിധ ഭാഷകളിലായി അഞ്ഞൂറിലധികം സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹത്തിന് വിവിധ ഭാഷകളിൽ നിന്നുള്ള സഹപ്രവർത്തകരും രാഷ്ട്രീയ സാമൂഹിക രം​ഗത്തെ പ്രശസ്തരും ആദരാഞ്ജലികൾ നേർന്നു. പലരും ഹൃദയം നുറുങ്ങുന്ന വേദനയടെയാണ് അദ്ദേഹത്തിന് അനുശോചനം രേഖപ്പെടുത്താനെത്തിയത്. മമ്മൂട്ടി, മോഹൻലാൽ അടക്കമുള്ള മലയാള സിനിമയിലെ ഒട്ടനവധി താരങ്ങൾ അദ്ദേഹത്തെ അവസാനമായി കാണാനും ആദരാഞ്ജലികൾ അർപ്പിക്കാനും അദ്ദേഹത്തിന്റെ വസതിയിൽ എത്തിയിരുന്നു.

    Also Read: 'കളിയുടെ നിയമങ്ങൾ അറിയാത്തതിനാൽ റോളുകൾ നഷ്ടപ്പെടാറുണ്ട്'-നീന ​ഗുപ്ത

    നെടുമുടി വേണുവിന്റെ വേര്‍പാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം രേഖപ്പെടുത്തിയിരുന്നു. നെടുമുടി വേണുവിന്റെ വേര്‍പാട് സിനിമയ്‌ക്കും സാംസ്‌കാരിക ലോകത്തിനും തീരാ നഷ്ടമാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. നെടുമുടി വേണു ഒട്ടേറെ കഴിവുകളുള്ള വെദഗ്ധ്യമുള്ള നടനാണെന്നും അദ്ദേഹം ഒരു എഴുത്തുകാരനായിരുന്നുവെന്നും നാടകത്തിലും അഭിനിവേശമുള്ള വ്യക്തിയാണ് നെടുമുടിയെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചിരുന്നു. കഴിഞ്ഞ ദിവസം കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് നെടുമുടി വേണു ലോകത്തോട് വിടപറഞ്ഞത്. ആലപ്പുഴ ജില്ലയിലെ നെടുമുടിയില്‍ സ്‌കൂള്‍ അധ്യാപകനായിരുന്ന പി.കെ കേശവന്‍ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആണ്‍മക്കളില്‍ ഇളയ മകനായി 1948 മെയ് 22നാണ് കെ.വേണുഗോപാലന്‍ എന്ന നെടുമുടി വേണു ജനിച്ചത്. വിദ്യാഭ്യാസ കാലത്ത് സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. നാടക കളരിയില്‍ നിന്നാണ് നെടുമുടി സിനിമയില്‍ എത്തിയത്. ഭരതന്റെ ആരവം, പത്മരാജന്റെ ഒരിടത്തൊരു ഫയല്‍വാന്‍, തകര എന്നീ സിനിമകള്‍ നെടുമുടി വേണുവിന്റെ സിനിമാ ജീവിതത്തില്‍ വഴിത്തിരിവായി. പിന്നീട് ഒട്ടനവധി സിനിമകളുടെ ഭാ​ഗമാകുകയും നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്തു.

    Also Read: 'അച്ഛൻ ഒരിക്കലും എന്നെ കുറിച്ച് ചിന്തിച്ചിട്ടില്ല', ജെമിനി ​ഗണേശനെ കുറിച്ച് രേഖ പറഞ്ഞത് ഇങ്ങനെ...

    ആറാട്ടിലേക്ക് ക്ഷണിച്ചപ്പോൾ

    നെടുമുടി വേണു അവസാനമായി അഭിനയിച്ചത് മോഹൻലാൽ സിനിമ ആറാട്ടിലാണ്. ബി.ഉണ്ണികൃഷ്ണനായിരുന്നു സിനിമ സംവിധാനം ചെയ്തത്. ഇപ്പോൾ ആറാട്ടിൽ നെടുമുടി വേണുവിനൊപ്പം പ്രവർത്തിച്ചപ്പോഴുള്ള അനുഭവങ്ങൾ തുറന്ന് പറഞ്ഞിരിക്കുകയാണ് ബി.ഉണ്ണികൃഷ്ണൻ. താൻ സംവിധാനം ചെയ്‌ത സിനിമകളിൽ നെടുമുടി വേണു ആദ്യമായിട്ടും അവസാനമായിട്ടും അഭിനയിക്കുന്നത് ആറാട്ടിലാണെന്നും ചെറിയ വേഷമായിരുന്നിട്ടുപോലും ക്ഷണിച്ചപ്പോൾ മടികൂടാതെ ഓടിയെത്തുകയായിരുന്നുവെന്നും ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു. ആറാട്ടിന് മുമ്പ് ബി.ഉണ്ണി കൃഷ്ണൻ തിരക്കഥയൊരുക്കിയ കവർസ്റ്റോറിയിലാണ് നെടുമുടി വേണു അഭിനയിച്ചിട്ടുള്ളത്. ആറാട്ടിലെ ആ കഥാപാത്രത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ ആ റോള്‍ നേടുമുടി വേണു ചെയ്താല്‍ നന്നാകുമെന്ന അഭിപ്രായം വന്നുവെന്നും അതിന് ശേഷം അദ്ദേഹത്തെ വിളിച്ചപ്പോൾ പറഞ്ഞ മറുപടിയെ കുറിച്ചും ബി.ഉണ്ണികൃഷ്ണൻ വാചാലനായി. 'ഞാന്‍ അദ്ദേഹത്തെ വിളിച്ചു. വളരെ ദൈർഘ്യമുള്ള ഒരു റോളല്ല എന്നദ്ദേഹത്തോട് പറഞ്ഞിരുന്നു. പ്രാധാന്യമുണ്ട് എന്നാൽ അത്ര ദൈർഘ്യമുള്ള ഒരു റോളല്ല എന്ന് ഞാൻ പറഞ്ഞപ്പോൾ 'ഉണ്ണീടെ പടമല്ലേ... ഇവിടെ കൊവിഡ് ആയിട്ട് ഞാൻ വീടിനകത്ത് തന്നെ ഇരിക്കുകയാണ്. പിന്നെ... ലാലുവിനെ കണ്ടിട്ടും കുറെ നാളായി. ലാലിന്റെ ഒപ്പം സമയം ചെലവഴിക്കുക എന്നത് ഇഷ്ടമുള്ള കാര്യവുമാണ്. ഞാൻ എന്തായാലും വരും... എന്നാണ് അദ്ദേഹം പറഞ്ഞത്' ബി.ഉണ്ണികൃഷ്ണൻ പറയുന്നു.

    സിനിമാ അനുഭവങ്ങൾ പങ്കുവെച്ചപ്പോൾ

    ദേവാസുരത്തിന് വേദിയായ അതേ വരിക്കാശ്ശേരി മന തന്നെയായിരുന്നു ലൊക്കേഷൻ. അദ്ദേഹത്തോടൊപ്പമുള്ള ദിവസങ്ങളിൽ ഒരുപാട് നല്ല ഓർമകൾ ഉണ്ടായിട്ടുണ്ട് ബി.ഉണ്ണികൃഷ്ണൻ പറയുന്നു. 'അദ്ദേഹവും ലാൽ സാറും പണ്ട് ചെയ്‌ത സിനിമകളുടെ അനുഭവങ്ങള്‍... അന്നത്തെ ഷൂട്ടിങ്... അവരുടെ സൗഹൃദം അതിന്റെ പല പല സംഭവങ്ങള്‍ ഇവര്‍ തമ്മില്‍ പങ്കുവെക്കുന്നത് ഞാൻ അവിടെ നിന്നുകേട്ടു. മലയാള സിനിമയിലെ ഏറ്റവും നല്ല രണ്ടുനടൻമാർ അവരുടെ ഭൂതകാലത്തിലേക്ക് സഞ്ചരിക്കുമ്പോൾ ഒപ്പം ഉണ്ടാകുവാൻ കഴിയുക എന്നത് വലിയ ഭാഗ്യമാണ്.... അതെനിക്ക് ഉണ്ടായി. അദ്ദേഹം വളരെയധികം സന്തോഷവാനായിരുന്നു. കൂടാതെ ഞങ്ങൾ ഒരു ഗാന ചിത്രീകരണം നടത്തിയപ്പോൾ അതിൽ കലാമണ്ഡലം ഗോപിയാശാനുമുണ്ടായിരുന്നു. ഇവരു മൂന്നുപേരുടേയും ഇടയിലുള്ള ഒരു സൗഹൃദവും രസതന്ത്രവും ഒക്കെ നമുക്ക് വലിയ ആഹ്ലാദം തരുന്നതായിരുന്നു. അതുകഴിഞ്ഞിട്ട് അദ്ദേഹം എന്നോട് പറഞ്ഞു..... ഇങ്ങനെ ഒരു പാട്ട് മലയാള സിനിമയില്‍ വന്നിട്ട് എത്ര നാളായിയെന്ന്. ഒരു സെമിക്ലാസ്സിക്കൽ ടൈപ്പ് പാട്ടായിരുന്നു അന്ന് ചിത്രീകരിച്ചത്....' ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

    അവസാനമായി കണ്ടത്

    അവസാനം നെടുമുടി വേണുവിനെ കണ്ട ദിവസത്തെ കുറിച്ചും ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു. 'ലാൽ സാറിനും നെടുമുടി വേണുച്ചേട്ടനും ഒപ്പമുള്ള നിമിഷങ്ങളെല്ലാം രസകരമായിരുന്നു. തമാശ നിറഞ്ഞതായിരുന്നു അവരുടെ വര്‍ത്തമാനങ്ങള്‍ മുഴുവൻ. അങ്ങനെ ഷൂട്ടിങ് കഴിഞ്ഞു. അദ്ദേഹം തിരിച്ചുപോയി പിന്നീട് കഴിഞ്ഞ മാസം വന്നു ഡബ്ബ് ചെയ്‌തു. അതിനുശേഷം സ്റ്റുഡിയോയിൽ ഇരുന്ന് എന്റെ കൂടെ അത്താഴം കഴിച്ചു. അതിനുശേഷം അദ്ദേഹം പോയി. അന്നാണ് അവസാനം കണ്ടത്. പിന്നെ ഇടയ്ക്ക് ഒരു ദിവസം ഞാൻ വിളിച്ച് സംസാരിച്ചിരുന്നു. അപ്പോഴും അദ്ദേഹം വളരെ സന്തോഷവാനായിരുന്നു' ഉണ്ണികൃഷ്ണൻ പറയുന്നു. നെടുമുടി വേണുവിന്റെ ഒത്തിരി കഥാപാത്രങ്ങൾ പ്രിയപ്പട്ടതാണെന്നും മോഹൻലാൽ-നെടുമുടി കോമ്പിനേഷൻ ഇഷ്ടപ്പെട്ടിരുന്നുവെന്നും. സരമായ അഭിനയം ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും ബി.ഉണ്ണികൃഷ്ണൻ പറയുന്നു.

    Recommended Video

    നെടുമുടി വേണുവിനെ ഓർത്ത് കമൽഹാസൻ | FilmiBeat Malayalam
    ആറാട്ട്

    പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ സിനിമയാണ് നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്. ഏറെ നാളുകളായി മലയാളി കാത്തിരിക്കുന്ന മോഹൻലാലിന്റെ മാസ് പ്രകടനങ്ങൾ ഉൾക്കൊണ്ട എന്റർടെയ്ൻമെന്റ് പാക്കേജായിരിക്കും ആറാട്ടെന്നാണ് മുമ്പ് വന്ന റിപ്പോർട്ടുകൾ. ചിത്രത്തിന്റേതായി പുറത്തുവന്ന പോസ്റ്ററുകൾ, ടീസർ എന്നിവയ്ക്കെല്ലാം മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. ഇതുവരെ സിനിമയുടെ റിലീസ് തിയ്യതി പുറത്തുവിട്ടിട്ടില്ല. തിയേറ്ററുകള്ഡ തുറക്കുന്നതും ആളുകളുടെ സമീപനവും എല്ലാം പരി​ഗണിച്ചായിരിക്കും ചിത്രത്തിന്റെ റിലീസ് തീരുമാനിക്കുക. 'ഇട്ടിമാണി മേഡ് ഇന്‍ ചൈന'യ്ക്ക് ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന കോമഡിക്ക് പ്രാധാന്യമുള്ള ചിത്രവുമാണ് ഇത്. പുലിമുരുകൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഉദയ് കൃഷ്‍ണയുടെ തിരക്കഥയില്‍ മോഹൻലാല്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട് നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന സിനിമയ്‍ക്ക്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ കഥ. ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തില്‍ നെടുമുടി വേണുവിന് പുറമെ സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും അഭിനയിച്ചിട്ടുണ്ട്.

    English summary
    director B. Unnikrishnan open up about what Nedumudi venu said when he was invited to aarattu movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X