ഇനിയും പടം പൊട്ടിയാല്‍ ഷാജി കൈലാസ് പണി നിര്‍ത്തും
ആക്ഷന്‍ സിനിമകളോട് താല്‍കാലികമായി വിടപറയുകയാണ്. ഇനി ലളിതമായ ഹാസ്യ കുടുംബചിത്രങ്ങളുമായി മുന്നോട്ടു പോകും. അവിടെയും പരാജയപ്പെട്ടാല്‍ സംവിധാനം നിര്‍ത്തുമെന്നും ഷാജി കൈലാസ് വ്യക്തമാക്കി. മനോരമ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഷാജി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
സിനിമകള്‍ പരാജയപ്പെടുന്നത് എന്റെ തന്നെ പിഴവുകള്‍ കൊണ്ടാണ്. കാര്യങ്ങള്‍ ഞാന്‍ ശരിയ്ക്കും മനസ്സിലാക്കിയിട്ടില്ലെന്നതാണ് സിനിമകളുടെ പരാജയത്തിലൂടെ തെളിയുന്നത്. എന്റെ സിനിമ ഓഡിയന്‍സിലെത്തുന്നുണ്ടോ, അവര്‍ക്ക് മനസ്സിലാകുന്നുണ്ടോ എന്ന കാര്യങ്ങള്‍ ഞാന്‍ തിരിച്ചറിയുന്നില്ല.
സിനിമ നന്നായി ആസ്വദിയ്ക്കുന്ന ആ നിലവാരത്തിലുള്ള പ്രേക്ഷകരുടെ മുമ്പിലാണ് തന്റെ പഴയ ഹിറ്റ് സിനിമകള്‍ വന്നത്. എന്നാലിപ്പോള്‍ അത് മൊത്തം മാറിപ്പോയി. ഇപ്പോഴത്തെ യൂത്ത് വേറൊരു ടൈപ്പ് സിനിമയാണ് പ്രതീക്ഷിയ്ക്കുന്നത്. അത് കൊടുക്കാന്‍ എനിയ്ക്ക് കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ നാലഞ്ച് കൊല്ലമായി ഒരു വന്‍ഹിറ്റ് സിനിമ എനിയ്ക്ക് കിട്ടിയിട്ടില്ല. അതിനു വേണ്ടിയുള്ള ശ്രമത്തിലാണ് ഞാന്‍. ആക്ഷന്‍ സിനിമകള്‍ ഉപേക്ഷിയ്ക്കുകയാണെന്ന് പറയുന്നില്ല. എന്നാല്‍ തത്കാലത്തേക്ക് അത്തരം സിനിമകള്‍ നിര്‍ത്തിവെയ്ക്കുകയാണ്. സോഫ്റ്റ് സിനിമകള്‍ എടുക്കാനാണ് ഞാനിപ്പോള്‍ ആഗ്രഹിയ്ക്കുന്നത്. എന്നെ ഇഷ്ടപ്പെടുന്നവര്‍ക്കും ആ സിനിമകള്‍ ഇഷ്ടമാകുമെന്ന വിശ്വാസത്തില്‍ മുമ്പോട്ടു പോവുകയാണ്. അവിടെയും പരാജയപ്പെടുകയാണെങ്കില്‍ ഞാന്‍ സിനിമ നിര്‍ത്തും. വേറെ എന്തെങ്കിലും പണി...ഷാജി പറഞ്ഞുനിര്‍ത്തുന്നത് ഇങ്ങനെ.
ഷാജി കൈലാസിന്റെ അവസാനചിത്രമായ സിംഹാസനം ബോക്‌സ് ഓഫീസില്‍ ദയനീയമായി തകര്‍ന്നടിഞ്ഞിരുന്നു. ജയറാമിനെ നായകനാക്കി മദിരാശി എന്ന ഹാസ്യചിത്രമൊരുക്കുന്നതിന്റെ തിരക്കിലാണ് ഈ ആക്ഷന്‍ സംവിധായകന്‍.


Click it and Unblock the Notifications
