twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കാണെക്കാണെ: നൂല് പൊട്ടിയ പട്ടം പോലെ നിയന്ത്രണം നഷ്ടപ്പെടുന്ന സിനിമ

    |

    Rating:
    2.5/5
    Star Cast: Tovino Thomas, Aishwarya Lekshmi, Suraj Venjaramoodu
    Director: Manu Ashokan

    സുരാജ് വെഞ്ഞാറമൂട്, ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി, മലയാള സിനിമയിലെ തങ്ങളുടെ സമകാലികരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ വഴികളിലൂടെ സഞ്ചരിക്കുന്ന മൂന്ന് താരങ്ങള്‍ ഒരുമിക്കുന്ന ചിത്രമാണ് കാണെക്കാണെ. സംവിധായകന്റെ കസേരയില്‍ ഉയരെ എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ കഥ പറച്ചിലിലും പറയുന്ന വിഷയത്തിലും പുതുമ സമ്മാനിച്ച മനു അശോകന്‍. തിരക്കഥാകൃത്തുക്കള്‍ ആകട്ടെ മലയാള സിനിമയിലെ നിലവിലെ ഏറ്റവും മികച്ച തിരക്കഥാകൃത്ത് ജോഡികളിലൊന്നായ ബോബി സഞ്ജയ് കൂട്ടുകെട്ടും. സോണി ലൈവിന്റെ ആദ്യ മലയാള സിനിമ കാണാന്‍ തീരുമാനിക്കാന്‍ ഇതു തന്നെ ധാരാളം.

    ആരാധക മനം കവര്‍ന്ന് ജാന്‍വി; ഹോട്ട് ഫോട്ടോഷൂട്ട്ആരാധക മനം കവര്‍ന്ന് ജാന്‍വി; ഹോട്ട് ഫോട്ടോഷൂട്ട്

    ഉയരെയ്ക്ക് ശേഷം മനു അശോകന്‍ ബോബി സഞ്ജയ്മാരുമായി എത്തുന്നത് കുറേക്കൂടെ സങ്കീര്‍ണമായൊരു സിനിമയുമായിട്ടാണ്. നേരത്തെ തന്റെ അഭിമുഖങ്ങളില്‍ കാണെക്കാണെ ഒരു ത്രില്ലര്‍ സിനിമയായിരിക്കില്ലെന്ന് മനു അശോകന്‍ പറഞ്ഞിരുന്നു. പറഞ്ഞത് പോലെ തന്നെ ത്രില്ലറിന്റെ ലെയറുള്ളൊരു ഫാമിലി ഡ്രാമയാണ് കാണെക്കാണെ. മനുഷ്യ ബന്ധങ്ങളെക്കുറിച്ചും തെറ്റും ശരിയും സത്യവും നുണയുമൊക്കെ ചർച്ച ചെ്യ്യുന്ന സിനിമ. കാണെക്കാണെ എന്ന പേര് പോലെ തന്നെ കണ്ട് കണ്ട് മുന്നോട്ട് പോകുന്തോറും സങ്കീര്‍ണതയും ആഴവും ഏറി വരുന്ന സിനിമാനുഭവം.

    ഇമോഷണല്‍ ഡ്രാമ

    ടൊവിനോയും സുരാജും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളിലൂടെയാണ് ചിത്രം പ്രധാനമായും സഞ്ചരിക്കുന്നത്. തന്റെ മരിച്ചു പോയ മകളുടെ മുന്‍ ഭര്‍ത്താവിനെയും കൊച്ചുമകനേയും കാണാനായി പാലായില്‍ നിന്നും എറണാകുളത്തേക്ക് എത്തുന്ന പോള്‍ എന്ന സുരാജിന്റെ കഥാപാത്രത്തില്‍ നിന്നുമാണ് സിനിമ തുടങ്ങുന്നത്. പോളിന്റെ മകളുടെ ഭര്‍ത്താവായി ടൊവിനോ എത്തുമ്പോള്‍ ടൊവിനോയുടെ അലന്‍ എന്ന കഥാപാത്രത്തിന്റെ രണ്ടാം ഭാര്യയായ സ്‌നേഹയായി ഐശ്വര്യ ലക്ഷ്മി എത്തുന്നു. ഈ മൂന്ന് കഥാപാത്രങ്ങള്‍ക്കിടയിലെ വൈകാരിക സംഘര്‍ഷങ്ങള്‍ അവതരിപ്പിക്കുന്ന ഇമോഷണല്‍ ഡ്രാമയാണ് കാണെക്കാണെ.

    പതിഞ്ഞ താളത്തില്‍ തുടങ്ങി, പതിയെ പതിയെ ഗ്രിപ്പുണ്ടാക്കിയെടുത്ത് മുന്നോട്ട് പോകുന്നതാണ് സിനിമയുടെ ആഖ്യാന ശൈലി. സംഭവിക്കാന്‍ പോകുന്നത് എന്താണ് എന്നതിന്റെ സൂചനകള്‍ സിനിമ തുടക്കം മുതല്‍ക്കു തന്നെ നല്‍കുന്നുണ്ടെങ്കിലും അതെങ്ങനെ തുറന്നു കാട്ടപ്പെടുന്നുവെന്നതിലാണ് കാണെക്കാണെ എന്‍ഗേജിംഗ് ആയി മാറുന്നത്. ഈ ഘട്ടത്തിലാണ് സിനിമ ത്രില്ലര്‍ സ്വഭാവത്തെ സ്വീകരിക്കുന്നത്. സര്‍പ്രൈസ് എലമിന്റില്ലാതെ തന്നെ കാഴ്ചക്കാരെ ഹുക്ക് ചെയ്ത് നിലനിര്‍ത്താന്‍ ബോബി സഞ്ജയ് ടീമിന്റെ തിരക്കഥയ്ക്കും മനു അശോകന്റെ മേക്കിംഗിനും സാധിച്ചിട്ടുണ്ട്.

    ബ്ലാക്കിലെ വൈറ്റിലോ

    വാക്കുകള്‍ കൊണ്ടുള്ള അനാവശ്യ വിശദീകരണങ്ങള്‍ക്കും നെടുനീളന്‍ ഡയലോഗുകള്‍ക്കും സിനിമയില്‍ സ്ഥാനമില്ല. പകരം ഫ്‌ളാഷ് ബാക്കുകളുടെ സഹായത്തോടെയുള്ള കഥ പറച്ചിലിലൂടെ കഥാപാത്രങ്ങളുടെ സ്വഭാവത്തിലുണ്ടായ മാറ്റങ്ങള്‍ കാണിച്ചു തരികയാണ് സിനിമ ചെയ്യുന്നത്. എന്നാല്‍ ഫ്‌ളാഷ് ബാക്ക് രംഗങ്ങള്‍ വര്‍ത്തമാനകാലത്തെ രംഗങ്ങളെ ഓവര്‍ലാപ്പ് ചെയ്യാതെ തന്നെ അവതരിപ്പിക്കാനും സാധിച്ചിട്ടുണ്ട്. കേന്ദ്രകഥാപാത്രങ്ങളെ ബ്ലാക്കിലെ വൈറ്റിലോ മാത്രമായി മാറ്റി നിര്‍ത്താതെ, ലെയേര്‍ഡ് ആയിട്ടാണ് തിരക്കഥാകൃത്തുകള്‍ സൃഷ്ടിച്ചിരിക്കുന്നത്. അലനും പോളും സ്‌നേഹയുമെല്ലാം ഒരുപാട് ഷേഡുകളുള്ള, ഇംപെര്‍ഫെക്ട് ആയ വ്യക്തികളാണ്. അതേസമയം മറ്റ് കഥാപാത്രങ്ങളെല്ലാം വണ്‍ ലൈനിലുള്ളതാണ്.

    പ്രകടനത്തില്‍ സുരാജ് വെഞ്ഞാറമൂട് എന്ന നടന്‍ തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്. പോളിനെ ആദ്യം കാണിക്കുമ്പോള്‍ കടയില്‍ നിന്നും മെഴുകുതിരിയും ചോക്ലേറ്റ് വാങ്ങിക്കുന്നതായിട്ട് കാണാം. ഭാവിയെക്കുറിച്ച് പ്രതീക്ഷകളുള്ള, എന്നാല്‍ തന്റെ ഭൂതകാലത്തില്‍ നിന്നും പൂര്‍ണമായും മുക്തനാകാത്ത പോളിനെ അവിടെ മുതല്‍ സുരാജ് ഭദ്രമായി തന്നെ കൂടെ കൂട്ടുന്നുണ്ട്. ഉള്ളിലൊരു അഗ്നിപര്‍വ്വതം ഉള്ളപ്പോഴും വികാരങ്ങളെ പുറത്ത് കാണിക്കാതെ നിയന്ത്രിച്ച് നിര്‍ത്തുന്ന പോളിനെ ചില നോട്ടങ്ങള്‍ കൊണ്ടും ശബ്ദത്തിലെ ഉടര്‍ച്ച കൊണ്ടും നിശബ്ദത കൊണ്ടുമെല്ലാം സുരാജ് മനോഹരമാക്കിയിട്ടുണ്ട്.

    അതേസമയം സുരാജില്‍ നിന്നും ഈ പ്രകടനം പ്രതീക്ഷിച്ചിരുന്നത് തന്നെയാണ്. പക്ഷെ ടൊവിനോ എന്ന നടന്റെ വളര്‍ച്ചയും സിനിമയില്‍ വ്യക്തമായി കാണാനാകും. സുരാജുമൊത്തുള്ള രംഗങ്ങളിലും, ദാമ്പത്യജീവിതത്തിലും പ്രൊഫഷണല്‍ ജീവിതത്തിലും തകര്‍ച്ചകളിലൂടെ കടന്നു പോകുന്ന അലന്റെ വികാരങ്ങള്‍ എല്ലാം വളരെ കണ്‍വിന്‍സിംഗ് ആയി ടൊവിനോയ്ക്ക് അവതരിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്.

     മൂന്നാം ഭാഗത്തിലേക്ക് കടക്കുമ്പോള്‍

    കാണെക്കാണെ എന്ന സിനിമയെ മൂന്ന് ഭാഗങ്ങളായി തിരിക്കാന്‍ സാധിക്കും. ആദ്യ രണ്ട് ഭാഗങ്ങളും ത്രില്ലര്‍ സ്വഭാവമുള്ളതാണ്. നല്ലൊരു പ്രീമൈസും അതിനെ നന്നായി ബില്‍ഡ് ചെയ്ത് ഒരു ട്വിസ്റ്റിലേക്ക് എത്തിക്കുന്ന മധ്യഭാഗവും കാഴ്ചക്കാരെ ഹുക്ക് ചെയ്ത് ഇരിപ്പിക്കുന്നതാണ്. എന്നാല്‍ മൂന്നാം ഭാഗത്തിലേക്ക് കടക്കുമ്പോള്‍ സിനിമ അതിന്റെ ത്രില്ലര്‍ സ്വഭാവത്തെ പൂര്‍ണമായും ഉപേക്ഷിച്ച് ഇമോഷണല്‍ ഡ്രാമയിലേക്ക് കടക്കുന്നു. ഇവിടെയാണ് സിനിമയുടെ നിയന്ത്രണം നഷ്ടമാകുന്നത്. പിന്നീട് കാഴ്ചക്കാരുടെ ശ്രദ്ധ നിലനിര്‍ത്താനോ ആകാംഷ ജനിപ്പിക്കാനോ സിനിമയ്ക്ക് സാധിക്കുന്നില്ല. പകരം ഈ ഭാഗങ്ങളില്‍ സുരാജിന്റേയും ടൊവിനോയുടേയും പ്രകടനങ്ങളിലാണ് സിനിമ കൂടുതല്‍ ആശ്രയിച്ചിരിക്കുന്നത് എന്ന് കാണാം.

    Also Read: ലോഹിതദാസിനോട് അന്ന് മഞ്ജു കള്ളം പറഞ്ഞു, വെളിപ്പെടുത്തി സത്യൻ അന്തിക്കാട്, ക്ഷമിക്കട്ടെ എന്ന് നടി

    മോറല്‍ സ്റ്റാന്‍ഡ്

    മൂന്നാം ഘട്ടത്തില്‍ നാടകീയമായി മാറുന്ന സിനിമയുടെ മോറല്‍ സ്റ്റാന്‍ഡ് എല്ലാവര്‍ക്കും ഒരുപോലെ സ്വീകാര്യമാകണമെന്നില്ല. ഒരു തെറ്റിനെ മറ്റൊരു തെറ്റുമായി മുഖാമുഖം നിര്‍ത്തിയ ശേഷം തെറ്റ് ആര്‍ക്കും പറ്റാവുന്നതാണെന്ന തരത്തിലുള്ള ധാര്‍മ്മിക ക്ലാസ് എടുക്കുകയാണ് ഇവിടെ സിനിമ. എന്നാല്‍ ഈ രണ്ട് സംഭവങ്ങളും ഒരേ ഗണത്തില്‍ പെടുത്താന്‍ സാധിക്കുന്നതോ ഒരോ പോലെ ന്യായീകരിക്കാന്‍ സാധിക്കുന്നതോ അല്ല. ഒരു കഥാപാത്രത്തിന്റെ മാത്രം കാഴ്ചപ്പാടിലൂടെ മാത്രം സിനിമയെ കാണാതെ സ്‌ക്രീനില്‍ വരുന്ന കഥാപാത്രം ഏതാണോ ആ കഥാപാത്രത്തിന്റെ കാഴ്ചപ്പാടിനൊപ്പം കഥ പറയുന്നുവെന്ന പോസിറ്റീവായൊരു ഫാക്ടര്‍ ഉള്ളപ്പോള്‍ തന്നെ മേല്‍പ്പറഞ്ഞ തരത്തിലേക്കൊരു നോര്‍മലൈസേഷനിലേക്കാണ് അത് സിനിമയെ എത്തിക്കുന്നത്.

    Recommended Video

    Malayalam cinema has lost more than Rs 600 crore and more than 405 films are awaiting release
    നൂല് പൊട്ടിയ പട്ടം പോലെ

    മികച്ചൊരു പ്രിമൈസുണ്ടായിരുന്നിട്ടും, അവിടെ നിന്നും ഏത് വഴിക്കും സഞ്ചരിക്കാനുള്ള സാധ്യതയുണ്ടായിരുന്നിട്ടും ബോബി സഞ്ജയ്മാര്‍ സഞ്ചരിക്കാന്‍ തീരുമാനിച്ച വഴി തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്. ത്രില്ലര്‍ സ്വഭാവം പാടെ ഉപേക്ഷിച്ചൊരു ഇമോഷണല്‍ ഡ്രാമയായാണ് കാണെക്കാണെ അവസാനിക്കുന്നത്. ഇത് തുടക്കത്തില്‍ ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന പ്രേക്ഷകരില്‍ ചിലരയെങ്കിലും നിരാശപ്പെടുത്തുമെന്നുറപ്പാണ്. പലപ്പോഴായി സിനിമയിലേക്ക് കടന്നു വരുന്ന നാടകീയതയും രസംകൊല്ലിയാകുന്നുണ്ട്.

    നന്നായി തുടങ്ങി, കാണെക്കാണെ നൂല് പൊട്ടിയ പട്ടം പോലെ നിയന്ത്രണം നഷ്ടമായി മാറുന്ന സിനിമാനുഭവം എന്ന് ചിത്രത്തിന് അടിവരയിടാം.

    English summary
    Kaanekkaane Movie Review Tovino And Suraj Venjaramoodu Starres Misses A Great Premise
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X