ഫെലിക്‌സിന്റെ പ്രണയം സഫലമാകുമോ?
മറിയംമുക്കിലെ മല്‍സ്യത്തൊഴിലാളിയുടെ മകനാണ് ഫെലിക്‌സ് (ഫഹദ്). അവന്റെ അച്ഛന്‍ (സന്തോഷ് കീഴാറ്റൂര്‍)കടലിലെ കാറുംകോളും കീഴടക്കി വലിയൊരു മല്‍സ്യത്തെ പിടിച്ചുവരുന്നു. തെങ്ങിന്‍ചുവട്ടില്‍ വിശ്രമിക്കുമ്പോള്‍ തേങ്ങ വീണു മരിക്കുന്നു. ഒറ്റപ്പെട്ടുപോകുന്ന ഫെലിക്‌സിനെ മറിയനാശാന്‍ (മനോജ് കെ. ജയന്‍) വളര്‍ത്തുന്നു. ആശാന്റെ ഗുണ്ടയായിട്ടാണ് അവന്‍ വളരുന്നത്.
അവനു ചുറ്റും മല്‍സ്യത്തൊഴിലാളികളായ (ഇര്‍ഷാദ്, സുബീഷ്) കുറച്ചുപേര്‍ എല്ലാ ഗുണ്ടായിസത്തിനുമുണ്ട്. പുതുവര്‍ഷത്തലേന്നുള്ള പ്രദക്ഷിണ ദിവസം ഫെലിക്‌സും കൂട്ടരും മറ്റൊരു തുറയില്‍ നിന്നു വന്ന ചട്ടമ്പി (ശ്രീജിത്ത് രവി)യെ അടിച്ചു നിലംപരിശാക്കുന്നു. അതിനു പകരമായി പള്ളിപ്പെരുന്നാള്‍ ദിവസം അവന്‍ ആശാനെ കുത്തിരക്ഷപ്പെടുന്നു.

ഈ സമയത്താണ് തുറയിലെ സായ്പ് എന്നു വിളിക്കുന്ന കച്ചവടക്കാരന്റെ (ജോയ് മാത്യു) മകള്‍ സലോമി (സന അല്‍ത്താഫ്) പഠനം കഴിഞ്ഞെത്തുന്നത്. ബാല്യസുഹൃത്തുക്കളായ ഫെലിക്‌സും സലോമിയും ആദ്യം ഉടക്കിയെങ്കിലും പിന്നീടു പ്രണയത്തിലാകുന്നു. ഇതറിഞ്ഞ് ആശാന്‍ അതിനെ എതിര്‍ക്കുന്നു. ആശാനെ വെല്ലുവിളിച്ചുകൊണ്ട് സലോമിയുമായി ജീവിക്കാന്‍ ഫെലിക്‌സ് തയ്യാറാകുന്നു. അന്നുരാത്രി അവിടെയൊരു അത്ഭുതം നടക്കുന്നു.
കന്യമാറിയത്തിന്റെ അത്ഭുതപ്രവൃത്തി ചിലര്‍ കാണുന്നു. കിടപ്പിലായിരുന്ന വൃദ്ധ എഴുന്നേറ്റു നടക്കുന്നു. മറിയം കടലില്‍ നിന്നെഴുന്നേല്‍ക്കുന്നത് ഫെലിക്‌സിന്റെ സുഹൃത്ത് ചാണ്ടി (സുബീഷ്) കാണുന്നു. അതോടെ മറിയം മുക്ക് വലിയൊരു തീര്‍ഥാടന കേന്ദ്രമാകുന്നു. ഈ സമയത്ത് ലോയ്ഡ് (അജു വര്‍ഗീസ്) അവിടെ സായ്പിനെ സഹായിക്കാനെത്തുന്നു. അവന്റെ മിടുക്കില്‍ സായ്പിന്റെ കച്ചവടം പൊടിപൊടിക്കുന്നു.
അതോടെ സായ്പ് മകളെ അവനെകൊണ്ടു കെട്ടിക്കാന്‍ തീരുമാനിക്കുന്നു. സലോമിയെ തനിക്കു കിട്ടണമെങ്കില്‍ മാതാവിന്റെ അത്ഭുതപ്രവൃത്തി നടന്ന രാത്രിയില്‍ ഉണ്ടായ കാര്യങ്ങള്‍ ഫെലിക്‌സ് പറയണം. അതിനു വേണ്ടി ആശാന്‍ അവനെ നിര്‍ബന്ധിക്കുന്നു. സത്യം പറഞ്ഞാല്‍ അച്ഛന്‍ തല്ലും, അല്ലെങ്കില്‍ അച്ഛന്‍ പട്ടിയിറച്ചി തിന്നും എന്ന അവസ്ഥയിലാണ് ഫെലിക്‌സ്. ഈ കുരുക്കില്‍ നിന്ന് അവനു രക്ഷപ്പെടാന്‍ കഴിയുമോ എന്നറിയാന്‍ രണ്ടേകാല്‍ മണിക്കൂര്‍ ചെലവിട്ടാല്‍ മതി.


Click it and Unblock the Notifications











