സിനിമയിലേക്ക് വന്നത് നായകനാകാനോ മികച്ച നടനാകാനോ അല്ല! മുൻപ് ചെയ്തിരുന്ന ജോലികൾ; വിജയ് സേതുപതി പറയുന്നു
തെന്നിന്ത്യ മുഴുവൻ നിരവധി ആരാധകരുള്ള നടനാണ് വിജയ് സേതുപതി. സിനിമകളിൽ നായക വേഷങ്ങളിലും വില്ലൻ വേഷങ്ങളിലും ഒരുപോലെ തിളങ്ങി നിൽക്കുകയാണ് നടൻ. നടനാകണം എന്നാഗ്രഹിക്കുന്നവർക്കെല്ലാം വലിയ പ്രചോദനമാണ് നായകന് പിന്നിൽ നിൽക്കുന്നവരുടെ കൂട്ടത്തിൽ ആരും ശ്രദ്ധിക്കാതിരുന്ന ജൂനിയർ ആർട്ടിസ്റ്റ് മാത്രമായിരുന്നു ഒരുകാലത്ത് വിജയ് സേതുപതി. അവിടെ നിന്നുമാണ് തമിഴകത്തെ മുൻനിര നടനിലേക്കുള്ള വിജയുടെ വളർച്ച.
തമിഴിന് പുറമെ മലയാളത്തിലും തെലുങ്കിലും കന്നഡത്തിലുമെല്ലാം സാന്നിധ്യം അറിയിച്ചിട്ടുള്ള താരം ഇപ്പോഴിതാ ബോളിവുഡിലും തിളങ്ങി നിൽക്കുകയാണ്. ജവാന് ശേഷം മെറി ക്രിസ്മസ് എന്ന ചിത്രത്തിലൂടെ വീണ്ടും ബോളിവുഡിൽ എത്തുകയാണ് നടൻ. ബോളിവുഡിലെ ഗംഭീര ത്രില്ലര്‍ ചിത്രങ്ങളുടെ സംവിധായകന്‍ ശ്രീറാം രാഘവൻ ഒരുക്കുന്ന ചിത്രത്തിൽ നായകനാണ് വിജയ് സേതുപതി. ബോളിവുഡിലെ സൂപ്പർ നായിക കത്രീന കൈഫും ചിത്രത്തില്‍ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ചിത്രത്തിന്‍റെ പ്രമോഷൻ തിരക്കുകളിലാണ് വിജയ് ഇപ്പോൾ. അതിനിടെ സിനിമ രംഗത്തെ ആദ്യ നാളുകളില്‍ അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് വിജയ് സേതുപതി. പലവിധത്തിലുള്ള ജോലികൾ ചെയ്തതിന് ശേഷമാണ് തന്‍റെ അഭിനയം എന്ന ആഗ്രഹം പൂര്‍ത്തിയാക്കാന്‍ ഇറങ്ങിയതെന്ന് വിജയ് സേതുപതി പറയുന്നു. മാഷബിളിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ. തന്റെ കഥ വളരെ ചെറുതാണ് എന്ന് പറഞ്ഞാണ് വിജയ് സംസാരിച്ചു തുടങ്ങിയത്.
"ഞാൻ വിവാഹതനായിരുന്നു. ഭാര്യ ഗർഭിണി ആയതോടെ എനിക്ക് ജോലി ആവശ്യമായി വന്നു. അങ്ങനെ ഞാൻ ഒരു ഇന്റീരിയർ ഡെക്കറേഷൻ ബിസിനസ്സ് ചെയ്യാൻ ശ്രമിച്ചു. അത് നന്നായി പോയില്ല. പിന്നീട് ഞാൻ ദുബായിലും ചെന്നൈയിലും അക്കൗണ്ടന്റായി ജോലിക്ക് കയറി. പിന്നീട് പെട്ടെന്ന് ഒരു ദിവസമാണ് ഞാൻ ഒരു നടനാകാൻ തീരുമാനിക്കുന്നത്. ഞാൻ വളരെ അന്തർമുഖനായിരുന്നു. അതിനാല്‍ തന്നെ ആ സ്വഭാവം മാറ്റാൻ തീരുമാനിച്ചു.
പക്ഷെ അതെങ്ങനെ ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. അങ്ങനെ ഞാൻ അഞ്ച് വർഷമായി മാർക്കറ്റിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്നു എന്ന ഒരു വ്യാജ ബയോ ഡാറ്റ ഉണ്ടാക്കി. മാര്‍ക്കറ്റിംഗില്‍ ജോലി ചെയ്താല്‍ ഒരോ ദിവസവും പുതിയ ആളുകളെ കാണാം. അതുവഴി എന്‍റെ അപകർഷതാബോധത്തെ ഇല്ലാതാക്കാമെന്നും അന്തര്‍മുഖത്വത്തില്‍ നിന്നും പുറത്തുവരാമെന്നും ഞാൻ കരുതി. ഞാൻ മൂന്ന് മാസം അത് പരീക്ഷിച്ചു.
അങ്ങനെയിരിക്കെ ഒരു ദിവസം ഞാൻ ഒരു ഡ്രാമ തിയേറ്റർ കണ്ടു. ഞാൻ അവരുടെ അടുത്ത് ചെന്ന് ആക്ടിംഗ് കോഴ്സിന് ചേര്‍ക്കാമോ എന്ന് ചോദിച്ചു. എന്നാൽ അവര്‍ക്ക് ഒരു അക്കൗണ്ടന്‍റിനെയായിരുന്നു വേണ്ടത്. അങ്ങനെ ഞാൻ ആ തീയറ്ററില്‍ അക്കൗണ്ടന്റായി ചേർന്നു. അങ്ങനെ രണ്ടു വർഷം അവിടെ അക്കൗണ്ടന്റായി പ്രവർത്തിച്ചു. അക്കൗണ്ടന്റായി ജോലി ചെയ്യുമ്പോൾ ഞാൻ അഭിനേതാക്കളെ നിരീക്ഷിക്കുകയായിരുന്നു. അവരെ നിരീക്ഷിച്ചാല്‍ എല്ലാ ഭാവങ്ങളും പഠിക്കാമെന്നും ഒരു നടനാകുമെന്നും ഞാൻ കരുതി.

അഭിനയത്തെ കുറിച്ചായിരുന്നു എന്റെ ചിന്ത. പിന്നെ ഞാൻ അവിടെ പോയി മുത്തുസ്വാമി സാറിനെ കണ്ടു. അഭിനയം പഠിക്കാന്‍ കോഴ്സില്ലെന്നും, അഭിനയം പരിശീലിക്കാനെ ആകൂ എന്നും അദ്ദേഹം എന്നോട് പറഞ്ഞു. നടൻ പരിശീലനത്തിലൂടെ അഭിനയം പഠിക്കണം. അവർ സ്വയം എന്തെങ്കിലും കണ്ടെത്തണം. അതുകൊണ്ട് തന്നെ അഭിനയം പഠിപ്പിക്കാൻ ആർക്കും കഴിയില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. അത് ശരിക്കും അത്ഭുതപ്പെടുത്തി. ജന്മനാ കിട്ടുന്ന കഴിവാണ് അഭിനയം, എല്ലാവർക്കും അത് ചെയ്യാൻ കഴിയില്ല എന്നതായിരുന്നു അതിന്‍റെ ചുരുക്കം." വിജയ് സേതുപതി പറയുന്നു.
നായക നടനോ മികച്ച നടനോ ആവുക ആയിരുന്നില്ല തന്റെ ലക്ഷ്യമെന്നും വിജയ് അഭിമുഖത്തിൽ പറഞ്ഞു. "ഒരു നായകനോ മികച്ച നടനോ ആകുക എന്നതായിരുന്നില്ല എന്റെ ആദ്യ ലക്ഷ്യം. സിനിമയില്‍ അഭിനയിച്ച് പണം കിട്ടി ഒരു സെക്കൻഡ് ഹാൻഡ് പഴയ കാർ വാങ്ങുക, എല്ലാ മാസവും കൃത്യമായി വാടക കൊടുക്കാൻ കഴിയുക. അതുവഴി അതുണ്ടാക്കുന്ന ടെന്‍ഷന്‍ ഒഴിവാക്കുക.
എന്തെങ്കിലും അവസരത്തിനായി മറ്റൊരാള്‍ക്ക് മുന്‍പില്‍ നില്‍ക്കുന്ന അവസ്ഥ ഒഴിവാക്കുക ഇതൊക്കെയായിരുന്നു ലക്ഷ്യം. എനിക്ക് ആത്മാഭിമാനം വേണമായിരുന്നു. ശരിക്കും ജീവിതം ഒരു നേർവഴിയല്ല, അതൊരു 360 ഡിഗ്രി പഠനമാണ്". വിജയ് സേതുപതി പറഞ്ഞു.


Click it and Unblock the Notifications











