പ്രണയം അവള്‍ക്ക് അറിയില്ലായിരുന്നു, സേട്ട് കുടുംബത്തിലെ പെണ്‍കുട്ടിയാണ്; കാലമിത്രയും കാത്തിരുന്നു!
സൂപ്പര്‍ ഹിറ്റായി മാറിയിരിക്കുകയാണ് ജവാന്‍. ഷാരൂഖ് ഖാന്‍ ത്െന്റ ഇടവേള മതിയാക്കി തിരിച്ചുവന്നിരിക്കുന്നത് രണ്ട് ബ്ലോക്ബസ്റ്ററുകളിലൂടെയാണ്. പഠാന്‍ നിര്‍ത്തിയിടത്തു നിന്നുമാണ് ജവാന്റെ വിജയം ആരംഭിക്കുന്നത് തന്നെ. ആറ് ദിവസത്തിനകം അറുനൂറ് കോടിയെന്ന മാന്ത്രിക സംഘ്യ പിന്നിട്ട ചിത്രം ഇന്ത്യയില്‍ നിന്ന് മാത്രം മുന്നൂറ് കോടിയാണ് ഇതിനോടകം നേടിയത്.
ക്യാമറയ്ക്ക് മുന്നിലും പിന്നിലുമെല്ലാം തമിഴ് സിനിമാ ലോകത്തു നിന്നുമുള്ള പ്രമുഖര്‍ അണിനിരന്ന ചിത്രം കൂടിയാണ് ജവാന്‍. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തിയത് വിജയ് സേതുപതിയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ വിജയ് സേതുപതി പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ഷാരൂഖ് ഖാനെക്കുറിച്ചും ആറ്റ്‌ലിയെക്കുറിച്ചുമൊക്കെ സേതുപതി സംസാരിക്കുന്നുണ്ട്.

''ഞാന്‍ സ്‌കൂളില്‍ പഠിച്ചിരുന്നപ്പോള്‍ എനിക്കൊരു പെണ്‍കുട്ടിയോട് ഇഷ്ടം തോന്നിയിരുന്നു. അവള്‍ സേട്ട് കുടുംബത്തിലെ പെണ്‍കുട്ടിയായിരുന്നു. എന്നാല്‍ ഞാന്‍ പ്രണയിക്കുന്ന കാര്യം അവള്‍ക്ക് അറിയില്ലായിരുന്നു. എല്ലാ ജാനുവിനും ഒരു റാം ഉണ്ടാകുമല്ലോ. അവള്‍ക്ക് ഷാരൂഖ് ഖാനോടായിരുന്നു പ്രണയം. അന്ന് മുതല്‍ ഞാന്‍ കാത്തിരിക്കുകയാണ്. ഇന്നാണ് എനിക്ക് പ്രതികാരം ചെയ്യാനുള്ള അവസരം കിട്ടിയത്'' എന്നാണ് സേതുപതി പറയുന്നത്.
പിന്നാലെ ഷാരൂഖ് ഖാന്‍ നല്‍കിയ മറുപടിയും ശ്രദ്ധ നേടുന്നുണ്ട്. ''എല്ലാവരും തമിഴിലാണ് സംസാരിച്ചത്. അവരൊക്കെ എന്നെക്കുറിച്ച് നല്ലതായിരിക്കും പറഞ്ഞിട്ടുണ്ടാവുക എന്ന് കരുതുക. പക്ഷെ വിജയ് സേതുപതി പറഞ്ഞത് ഒരു പെണ്‍കുട്ടിയെ പറ്റിയായിരുന്നു. ഞാനൊന്ന് പറയട്ടെ സര്‍, നിങ്ങള്‍ക്ക് നിങ്ങളുടെ പ്രതികാരം ചെയ്യാം. പക്ഷെ എന്റെ പെണ്‍കുട്ടികളെ വിട്ടു തരില്ല. അവര്‍ എന്റേതാണ്'' എന്നാണ് ഷാരൂഖ് ഖാന്‍ പറഞ്ഞത്.
ഞാന്‍ ഷാരൂഖ് ഖാനെ കാണുന്നത് മെല്‍ബണില്‍ വച്ചാണ്. അവിടെ അവര്‍ എല്ലാവര്‍ക്കും ഇരിക്കാനുള്ള ഇടം ഒരുക്കിയിരുന്നു. ഞാന്‍ എന്റെ സീറ്റ് നോക്കുമ്പോള്‍ ഷാരൂഖ് ഖാന്റെ തൊട്ടടുത്ത്. ഞാന്‍ അദ്ദേഹത്തിന്റെ അടുത്ത് ഇരിക്കുകയോ! അദ്ദേഹം തന്നെ എന്നെ അടുത്തുവിളിച്ച് ഇരുത്തി. അദ്ദേഹം എന്റെ സിനിമ കണ്ടിട്ടുണ്ടെന്നും എന്റെ അഭിനയത്തെ പ്രശംസിക്കുകയും ചെയ്തു. പാര്‍ട്ടിയ്ക്ക് ശേഷം നിന്നെക്കുറിച്ച് ഞാന്‍ പറഞ്ഞത് സത്യമാണെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം എല്ലാവരേയും ഒരുപോലെയാണ് കാണുന്നതെന്നും സേതുപതി പറയുന്നുണ്ട്.
അഭിനേതാക്കള്‍ എല്ലാവരേയും ഒരുപോലെ കാണണം. എന്നാല്‍ മാത്രമാണ് കഥാപാത്രങ്ങളെയും അങ്ങനെ കാണാന്‍ സാധിക്കൂവെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഷാരൂഖ് സര്‍, നിങ്ങളുടെ തലച്ചോറ് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നത് എനിക്കൊരു അത്ഭുതമാണ്. നിങ്ങള്‍ മറുപടി നല്‍കുന്ന രീതിയും എനിക്ക് ഒരുപാട് ഇഷ്ടമാണെന്നും സേതുപതി പറയുന്നു.

ആറ്റ്‌ലിയെക്കുറിച്ച് എല്ലാവരും പറയാറുള്ളതാണ്. അദ്ദേഹത്തിനൊപ്പം ജോലി ചെയ്യുന്നതില്‍ ഞാന്‍ വളരെ കംഫര്‍ട്ടബിള്‍ ആയിരുന്നു. സംവിധായകരോട് ചര്‍ച്ച ചെയ്ത് അഭിനയിക്കുന്നതാണ് എനിക്കിഷ്ടം. ആറ്റ്‌ലി അങ്ങനെയാണ്. അദ്ദേഹം സിനിമയൊരുക്കിയ രീതി എനിക്കിഷ്ടമായി. ഞാന്‍ പ്രതീക്ഷിച്ചത് പോലെയല്ലെന്നും സേതുപതി സംസാരിക്കുന്നുണ്ട്..
ചരിത്ര വിജയമായി മാറിയിരിക്കുകയാണ് ജവാന്‍. ആറ്റ്‌ലി സംവിധാനം ചെയ്ത ചിത്രത്തിലെ നായിക നയന്‍താരയാണ്. ദീപിക പദുക്കോണ്‍ അതിഥി വേഷത്തിലുമെത്തുന്നുണ്ട്. വിജയ് സേതുപതി വില്ലന്‍ ആയപ്പോള്‍ പ്രിയാമണി, സാന്യ മല്‍ഹോത്ര, റിദ്ധി ദോഗ്ര തുടങ്ങിയവര്‍ പ്രധാന വേഷത്തിലുമെത്തി. ചിത്രത്തിലൂടെ അനിരുദ്ധ് സംഗീത സംവിധായകനായി ബോളിവുഡിലേക്കും എത്തി.


Click it and Unblock the Notifications