കൃതി ഷെട്ടിക്കൊപ്പം നായകനായി അഭിനയിക്കില്ല, അത് ചിന്തിക്കാൻ പോലും കഴിയില്ല: കാരണം പറഞ്ഞ് വിജയ് സേതുപതി
തമിഴകത്തിന് മാത്രമല്ല മലയാളികൾക്കും ഏറെ പ്രിയപ്പെട്ട നടനാണ് വിജയ് സേതുപതി. തെന്നിന്ത്യ മുഴുവൻ നിരവധി ആരാധകരാണ് താരത്തിനുള്ളത്. സിനിമകളിൽ നായക വേഷങ്ങളിലും വില്ലൻ വേഷങ്ങളിലും ഒരുപോലെ തിളങ്ങുന്ന നടൻ, സിനിമയ്ക്ക് പുറത്തുള്ള തന്റെ ഇടപെടലുകൾ കൊണ്ടും ഒരുപാട് ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്. മക്കൾ സെൽവൻ എന്നാണ് വിജയ് സേതുപതിയെ ആരാധകർ സ്നേഹത്തോടെ വിളിക്കുന്നത്.
നായകന് പിന്നിൽ നിൽക്കുന്നവരുടെ കൂട്ടത്തിൽ ആരും ശ്രദ്ധിക്കാതിരുന്ന ജൂനിയർ ആർട്ടിസ്റ്റ് മാത്രമായിരുന്നു ഒരുകാലത്ത് വിജയ് സേതുപതി. അവിടെ നിന്നുമാണ് തമിഴകത്തെ മുൻനിര നടനിലേക്കുള്ള വിജയുടെ വളർച്ച. ജവാനിലൂടെ ബോളിവുഡിലും തിളങ്ങി നിൽക്കുകയാണ് നടനിപ്പോൾ. തെന്നിന്ത്യയുടെ പ്രിയ താരത്തിന് ബോളിവുഡ് മുഴുവൻ കയ്യടിക്കുകയാണ്. സാക്ഷാൽ ഷാരൂഖ് ഖാന്റെ വരെ ഇഷ്ട താരമായി മാറാൻ വിജയ്ക്ക് സാധിച്ചു.

സിനിമയ്ക്ക് അകത്തും പുറത്തും നടൻ സ്വീകരിക്കുന്ന നിലപാടുകൾ പലപ്പോഴും ശ്രദ്ധനേടാറുണ്ട്. ഒരിക്കൽ നടി കൃതി ഷെട്ടിയുടെ കൂടെ നായകനായി അഭിനയിക്കാൻ സാധിക്കില്ലെന്ന് വിജയ് സേതുപതി പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു. ഉപ്പെണ്ണ എന്ന തെലുങ്ക് ചിത്രത്തിൽ താരത്തിനൊപ്പം അഭിനയിച്ച ശേഷമാണ് കൃതിയെ നായികയായി കണ്ട് തനിക്ക് അഭിനയിക്കാൻ സാധിക്കില്ലെന്ന് വിജയ് സേതുപതി പറഞ്ഞത്.
2021ൽ പുറത്തിറങ്ങിയ ചിത്രമാണ് ഉപ്പെണ്ണ. വലിയ വിജയമായി മാറിയ ചിത്രം ആ വർഷത്തെ മികച്ച തെലുങ്ക് ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡും സ്വന്തമാക്കിയിരുന്നു. ചിത്രത്തിൽ കൃതി ഷെട്ടിയുടെ അച്ഛനായാണ് വിജയ് സേതുപതി അഭിനയിച്ചത്. ഈ സിനിമയുടെ വിജയത്തിനു ശേഷം ഇരുവരെയും പ്രധാന കഥാപാത്രങ്ങളാക്കി തമിഴിൽ പല സിനിമകളും പദ്ധതിയിട്ടില്ലെങ്കിലും നായകനാകാൻ വിജയ് സേതുപതി വിസമ്മതിക്കുകയായിരുന്നു.
മകളായി അഭിനയിച്ച ആളുടെ കൂടെ ഇനി നായകനായി റൊമാൻസ് ചെയ്ത് അഭിനയിക്കാൻ തനിക്ക് സാധിക്കില്ലെന്ന് പറഞ്ഞാണ് വന്ന ഓഫറുകളെല്ലാം നടൻ വേണ്ടെന്ന് വച്ചത്. രണ്ട് വർഷം മുമ്പ് ഒരു തെലുങ്ക് ചാനലിന് നൽകിയ അഭിമുഖത്തിൽ വിജയ് സേതുപതി ഇക്കാര്യം പറഞ്ഞിരുന്നു. വിജയ് സേതുപതിയുടെ ഈ വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
'ഉപ്പെണ്ണ എന്ന തെലുങ്ക് സിനിമയിൽ കൃതി ഷെട്ടിയുടെ അച്ഛന്റെ വേഷമാണ് ഞാൻ ചെയ്തത്. സിനിമയുടെ വൻ വിജയത്തിന് ശേഷം ഞാൻ തമിഴിൽ മറ്റൊരു സിനിമയിൽ ഒപ്പുവച്ചിരുന്നു. ചിത്രത്തിലെ നായികയായി കൃതി ഷെട്ടി നന്നായിരിക്കുമെന്നാണ് അണിയറപ്രവർത്തകർ കരുതിയത്. നായികയായി അഭിനയിക്കുന്ന കുട്ടിയുടെ ഫോട്ടോ എന്റെ കയ്യിൽ കിട്ടി, ഞാൻ നോക്കിയപ്പോൾ അത് കൃതി ആണ്',

'ഉടൻ തന്നെ ഞാൻ യൂണിറ്റിനെ വിളിച്ച് പറഞ്ഞു, ഈയിടെ ഇറങ്ങിയ ഒരു തെലുങ്ക് സിനിമയിൽ ഞാൻ അവളുടെ അച്ഛനായി വേഷമിട്ടതാണ് ഇനി എനിക്ക് അവളെ ഒരു കാമുകനായി സമീപിക്കാൻ കഴിയില്ല. അതുകൊണ്ട് അവളെ നായികയുടെ സ്ഥാനത്തുനിന്ന് ദയവായി ഒഴിവാക്കുക എന്ന് പറഞ്ഞു. ഉപ്പെണ്ണയുടെ ക്ലൈമാക്‌സ് ചിത്രീകരണത്തിനിടെ ഞങ്ങൾ രണ്ടുപേരും തമ്മിലുള്ള ഒരു രംഗത്തിൽ കൃതി ഷെട്ടി വല്ലാതെ ആശയക്കുഴപ്പത്തിലായത് ഞാൻ ശ്രദ്ധിച്ചിരുന്നു',
'എത്ര ശ്രമിച്ചിട്ടും ആ രംഗം അവൾക്ക് നന്നായി ചെയ്യാൻ കഴിയുന്നില്ല. ഞാൻ അവളെ പ്രോത്സാഹിപ്പിച്ചുകൊണ്ടു പറഞ്ഞു, നിന്റെ പ്രായമുള്ള ഒരു മകൻ എനിക്കുണ്ട്. നീ എനിക്ക് മകളെപോലെയാണ്. എന്നെ അച്ഛനായി കരുതി ഒരു ഭയവുമില്ലാതെ അഭിനയിക്കൂ. അവൾ അങ്ങനെ ചെയ്തതുകൊണ്ട് ആ രംഗം നന്നായി. കൃതി ഷെട്ടി എനിക്ക് മകളെപ്പോലെയാണ് അവളെ എന്റെ നായികയായി എനിക്ക് ചിന്തിക്കാൻ പോലും കഴിയില്ല', വിജയ് സേതുപതി പറഞ്ഞു.


Click it and Unblock the Notifications