'റാണിയമ്മയുടെ കള്ളകഥകൾ എണ്ണി ചോദിച്ച് ഋഷി', കൂടെവിടെ പഴയ ട്രാക്കിലേക്ക് തിരിച്ച് വരുന്നു
വ്യത്യസ്തമായ കഥാപശ്ചാത്തലത്തിലൂടെ സഞ്ചരിക്കുന്ന പരമ്പരയാണ് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന കൂടെവിടെ. സൂര്യയെന്ന പെൺകുട്ടിയുടെ ജീവിത കഥയാണ് സിരീയലിന്റെ പശ്ചാത്തലം. 2021 ജനുവരിയിൽ സംപ്രേഷണം ആരംഭിച്ച പരമ്പര 250 എപ്പിസോഡുകൾ പൂർത്തീകരിച്ചിരിക്കുകയാണ്. ശ്രീധന്യ, അൻഷിത അൻഷി, ബിബിൻ ജോസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രണയം, കുടുംബ ബന്ധങ്ങൾ എന്നിവയെല്ലാം പ്രമേയമാകുന്ന പരമ്പര ഇതിനോടകം നിരവധി ആസ്വാദകരെ സമ്പാദിച്ച് കഴിഞ്ഞു. സീരിയലിലെ പ്രധാന കഥാപാത്രങ്ങളായ സൂര്യ-റിഷി പ്രണയം തന്നെയാണ് സീരിയലിന്റെ പ്രധാന ആകർഷണം.
Also Read: ഹരി നഷ്ടപ്പെട്ട് പോകുമോ എന്ന ഭയത്തിൽ സാന്ത്വനം കുടുംബം, ഭർത്താവിന് വേണ്ടി മാപ്പ് ചോദിച്ച് അപ്പു!
പഠനം എന്ന മോഹവുമായി കോളജിലേക്ക് എത്തിയ സൂര്യ കൈമൾ എന്ന പെൺകുട്ടിയെ അധ്യാപകനായ റിഷിക്ക് ഇഷ്ടമാകുന്നു. പഠനത്തിലും മറ്റ് കഴിവുകളിലും സൂര്യ മുന്നിലാണ് എന്നതാണ് റിഷിയെ സൂര്യയിലേക്ക് അടുപ്പിച്ചത്. പലവിധ കാരണങ്ങളാൽ റിഷിയെ ചെറുപ്പം മുതൽ റാണിയമ്മയാണ് നോക്കി വളർത്തിയത്. തന്നെ അകറ്റി നിർത്തി എന്ന കാരണം പറഞ്ഞ് തുടക്കം മുതൽ യഥാർഥ അമ്മയായ അതിഥിയോട് റിഷിക്ക് വെറുപ്പാണ്. എപ്പോഴും തന്റെ മേലുള്ള എല്ലാ അധികാരവും സ്നേഹവും റിഷി നൽകിയിരുന്നത് വളർത്തമ്മയായ റാണിയമ്മയ്ക്കാണ്. തന്നെ തന്റെ അമ്മയിൽ നിന്നും റാണിയമ്മ കുറുക്ക് വഴികളിലൂടെ വേർപിരിച്ച് എടുത്തതാണെന്ന സത്യം റിഷി അറിഞ്ഞിരുന്നില്ല.
Also Read: 'ഒരു രൂപ പോലും എടുക്കാനില്ല... ഭക്ഷണത്തിനുള്ള പണം സ്റ്റാഫ് കടം നൽകി'; ബിഗ് ബിയെ കുറിച്ച് അഭിഷേക്

റിഷിയും സൂര്യയും പ്രണയത്തിലാണെന്ന് അറിഞ്ഞ് റാണിയമ്മയാണ് ഗുണ്ട സാബുവിനെ കൊണ്ട് സൂര്യയെ അപായപ്പെടുത്താൻ ശ്രമിച്ചത്. സൂര്യയെ രക്ഷപ്പെടുത്തിയ ശേഷമാണ് ഇനി നാട്ടിലേക്ക് പോയാൽ സൂര്യയുടെ ജീവന് അപകടമാണെന്ന് റിഷി തിരിച്ചറിയുന്നത്. ശേഷമാണ് ഇരുവരും അതിഥിയുടെ നിർദേശ പ്രകാരം അതിഥിയുടെ പഴയ തറവാട്ടിൽ താമസിക്കുന്നത്. അവിടെ ഒളിച്ച് താമസിക്കുന്നതിനിടെയാണ് റിഷിക്ക് തന്റെ യഥാർഥ അമ്മയായ അതിഥിയുടെ സ്നേഹം തിരിച്ചറിയാൻ സാധിച്ചത്. തന്നിൽ നിന്നും റിഷിയെ റാണിയമ്മ വേർപ്പെടുത്തിയെടുക്കുകയായിരുന്നുവെന്നുള്ള സത്യമെല്ലാം റിഷിയോട് അതിഥി പറയുകയും ചെയ്തിരുന്നു.

നാളുകൾ നീണ്ട അഞ്ജാത വാസത്തിന് ശേഷം തിരികെ മാളിയേക്കലേത്ത് എത്തിയ റിഷി തന്നോടും അമ്മയോടും ചെയ്ത ക്രൂരതകളെ കുറിച്ച് എണ്ണിയെണ്ണി ചോദിക്കുകയും ചെയ്തിരുന്നു. റിഷി തിരികെ എത്തിയാൽ കള്ളങ്ങളിലൂടെ റിഷിയെ സൂര്യയിൽ നിന്നും പിരിച്ച് ബന്ധുവായ മിത്രയെ കൊണ്ട് വിവാഹം ചെയ്യിക്കാനായിരുന്നു റാണിയമ്മ പദ്ധതിയിട്ടിരുന്നത്. എന്നാൽ ഇപ്പോൾ എല്ലാ പദ്ധതികളും പാളുകയാണ്. തനിക്ക് റാണിയമ്മയേക്കാളും സ്നേഹം അതിഥിയോട് ഉണ്ടെന്ന സത്യവും റിഷി റാണിയമ്മയോട് തുറന്ന് പറഞ്ഞിരുന്നു. മിത്രയുമായുള്ള റിഷിയുടെ വിവാഹം നടത്താനുള്ള ശ്രമങ്ങളെ കുറിച്ചും റിഷി തിരിച്ചറിയുന്നുണ്ട്. മകൻ സത്യം മനസിലാക്കിയ സന്തോഷത്തിലാണ് അതിഥി.
Recommended Video

സൂര്യയുമായുള്ള റിഷിയുടെ വിവാഹം നടക്കാതിരിക്കാനുള്ള പരിശ്രമത്തിലാണ് റാണിയമ്മ. അതേസമയം സൂര്യയെ വിവാഹം ചെയ്ത് മാളിയേക്കലേക്ക് കൊണ്ടുവന്നാൽ അതിഥിയുടെ അവസ്ഥ തന്നെയായിരിക്കും സൂര്യയ്ക്കുമെന്ന് ലക്ഷ്മി റിഷിക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്. റിഷിയോടൊത്തുള്ള സന്തോഷം നിറഞ്ഞ ജീവിതം സ്വപ്നം കണ്ടാണ് സൂര്യ കഴിയുന്നത്. റാണിയമ്മ അടക്കമുള്ള ശത്രുപക്ഷത്തെ തോൽപ്പിച്ചാൽ മാത്രമെ അമ്മയോടൊപ്പവും ഇഷ്ടപ്പെട്ട പെണ്ണിനൊപ്പവും ജീവിക്കാൻ റിഷിക്ക് സാധിക്കൂ. പുതിയ എപ്പിസോഡുകൾ കാണുമ്പോൾ പഴയ ട്രാക്കിലേക്ക് കൂടെവിടെ തിരിച്ചെത്തി എന്ന സൂചനകളാണ് ലഭിക്കുന്നതെന്നും സന്തോഷമുണ്ടെന്നും ആരാധകർ കമന്റായി കുറിച്ചു. റിഷി-സൂര്യ പ്രണയം വളരെയധികം പൈങ്കിളിയായിട്ടാണ് അവതരിപ്പിക്കുന്നതെന്നും സീരിയൽ ബോറാകുന്നുവെന്നുമെല്ലാം അടുത്തിടെയായി സീരിയൽ വിമർശനം നേരിട്ടിരുന്നു. എന്നാൽ വിമർശനങ്ങൾ പരിഗണിച്ച് മാറിയ രൂപത്തിലാണ് കഥ ഇപ്പോൾ സഞ്ചരിക്കുന്നത്.


Click it and Unblock the Notifications











